1 കൊരിന്ത്യർ
ഗ്രന്ഥകര്ത്താവ്
പൗലോസ് ആണ് ഈ പുസ്തകത്തിന്റെ രചയിതാവ് (1:1-2; 16:21) പൗലോസിന്റെ ലേഖനം എന്നും അറിയപ്പെടുന്നു. പൗലോസ് എഫേസോസിൽ വച്ച് കൊരിന്ത് സഭയ്ക്ക് ഒരു ലേഖനം എഴുതിയിരുന്നു അത് ഒന്നാമത്തെ ലേഖനം എന്നറിയപ്പെട്ടു (1 കൊരി 5:10-11) കൊരിന്ത്സഭയുടെ തെറ്റിദ്ധാരണ മൂലം അത് നഷ്ടപ്പെടുകയാണുണ്ടായത് “മുൻ ലേഖനം” തികച്ചും അജ്ഞാതമാണ്, എന്നാൽ 1 കൊരിന്ത്യർ എന്നറിയപ്പെടുന്ന ഈ പുസ്തകം ആദ്യത്തെ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഒരു കത്തിന് മറുപടിയായി എഴുതിയതാണ്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 55 - 56.
എഫസോസിൽ വച്ചാണ് ഈ ലേഖനം എഴുതപ്പെടുന്നത്. 16:8.
സ്വീകര്ത്താവ്
പ്രധാനമായിട്ടും കൊരിന്തിലെ സഭയ്ക്കാണ് ഈ ലേഖനം എഴുതുന്നത് എന്നാൽ ക്രിസ്തുവിനെ നാമത്താൽ വിളിക്കപ്പെട്ട ഏവർക്കും വേണ്ടിയാണ് എന്ന് പൗലോസ് കൂട്ടിച്ചേർക്കുന്നു.
ഉദ്ദേശം
കൊരിന്ത്സഭയിലെ അടിയന്തിര സാഹചര്യത്തെക്കുറിച്ച് പല ഇടങ്ങളിൽ നിന്നും പൗലോസിന് അറിവു ലഭിച്ചിരുന്നു. സഭയിലെ ഭിന്നിപ്പിനെ പൗലോസ് ശാസിക്കുന്നു (1 കൊരി. 1:10-4:21) അതുപോലെ പുനരുത്ഥാനത്തെ കുറിച്ച് പ്രചരിച്ചിരുന്ന തെറ്റായ ഉപദേശത്തെ തിരുത്തുന്നു. (1 കൊരി. 15) പരാജയങ്ങളിൽ നിന്നും സഭയെ പുരോഗതിയിലേക്ക് ഉയര്ത്തി കൊണ്ട് വരുവാനാണ് പൗലോസ് ഇവിടെ ശ്രമിക്കുന്നത് അധാർമികത (15), കർത്തൃമേശ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ. (1 കൊരി. 11:17-34). കൃപാവര പ്രാപ്തയായിരുന്നു (1:4-7) കൊരിന്ത്സഭ അതേസമയം അപക്വമതിയും അനാത്മികയും (3:1-4), ആയിരുന്നു ഈ പ്രശ്നങ്ങളെ പരിഹരിക്കുവാൻ പൗലോസ് നല്ലൊരു മാതൃകയാണ് ഇവിടെ നല്കുന്നത്. അധാർമികതയും ഭിന്നിപ്പും സഭയുടെമേൽ വീഴ്ത്തിയ കരിനിഴലുകൾ കണ്ടില്ലെന്ന് നടിക്കാതെ അതിനെ പരിഹരിച്ച് പരിഹാരം കാണുവാൻ ജനത്തെ പ്രാപ്തരാക്കുന്നു.
പ്രമേയം
വിശ്വാസികളുടെ പെരുമാറ്റം
സംക്ഷേപം
1. ആമുഖം — 1:1-9
2. കൊരിന്ത്സഭയിലെ ഭിന്നത — 1:10-4:21
3. ധാർമികവും സദാചാരപരവുമായ വിഷയങ്ങൾ — 5:1-6:20
4. വിവാഹത്തെക്കുറിച്ചുള്ള ഉപദേശം — 7:1-40
5. ആരാധനയുടെ നിർദ്ദേശങ്ങൾ — 11:2-34
6. പ്രധാന ഉദ്ദേശം പുനരുത്ഥാന ഉപദേശങ്ങൾ — 15:1-16:24
1
പൗലോസിന്റെ അഭിവാദ്യം
1 ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്ഥനേസും, കൊരിന്തിലുള്ള ദൈവസഭയ്ക്ക്,
2 ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവർക്ക്, എല്ലായിടത്തും നമ്മുടെയും അവരുടെയും കർത്താവായ യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംകൂടെ വിളിക്കപ്പെട്ട, വിശുദ്ധന്മാരുമായവർക്ക് തന്നെ, എഴുതുന്നത്;
3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
പൗലോസിന്റെ നന്ദിവാക്കുകൾ
4 ക്രിസ്തുയേശുവിൽ നിങ്ങൾക്ക് ലഭിച്ച ദൈവകൃപനിമിത്തം ഞാൻ നിങ്ങൾക്ക് വേണ്ടി എന്റെ ദൈവത്തിന് എപ്പോഴും സ്തോത്രം ചെയ്യുന്നു.
5 ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ
6 അവനിൽ നിങ്ങൾ സകലത്തിലും, സകല വചനത്തിലും, സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു.
7 ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി കാത്തിരിക്കുന്നു.
8 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കുകയും ചെയ്യും.
9 തന്റെ പുത്രനും നമ്മുടെ കർത്താവും ആയ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.
സഭയിലെ ഭിന്നത
10 സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്ന് തന്നെ സംസാരിക്കുകയും, നിങ്ങളുടെ ഇടയിൽ ഭിന്നതയില്ലാതെ, ഏകമനസ്സിലും ഏകാഭിപ്രായത്തിലും പൂർണ്ണമായി യോജിച്ചിരിക്കുകയും വേണം എന്ന് ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.
11 എന്തെന്നാൽ സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ തർക്കം ഉണ്ടെന്ന് ക്ലോവയുടെ ആളുകൾ എനിക്ക് അറിവ് നൽകിയിരിക്കുന്നു.
12 നിങ്ങളിൽ ഓരോരുത്തരും: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നതിനാൽ തന്നെ ഞാൻ ഇപ്പോൾ ഇത് പറയുന്നു.
13 ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൗലൊസ് നിങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൗലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
14 എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്ന് ആരും പറയാതിരിക്കുവാനായി
15 ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കാത്തതിനാൽ ഞാൻ ദൈവത്തിന് സ്തോത്രം ചെയ്യുന്നു.
16 സ്തെഫാനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റ് ആരെയെങ്കിലും സ്നാനം കഴിപ്പിച്ചുവോ എന്ന് ഞാൻ ഓർക്കുന്നില്ല.
17 എന്തെന്നാൽ, സ്നാനം കഴിപ്പിക്കുവാൻ അല്ല, സുവിശേഷം അറിയിക്കുവാനത്രേ ക്രിസ്തു എന്നെ അയച്ചത്; എന്നാൽ, ക്രിസ്തുവിന്റെ ക്രൂശ് നിഷ്ഫലമാകാതിരിക്കേണ്ടതിന് ജ്ഞാനത്തിന്റെ വാക്കുകളോടെ അല്ലതാനും.
ദൈവത്തിന്റെ ജ്ഞാനം
18 എന്തെന്നാൽ, ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്തവും രക്ഷിയ്ക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി വിഫലമാക്കുകയും ചെയ്യും”
എന്ന് എഴുതിയിരിക്കുന്നുവല്ലോ.
20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ഈ ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്തം ആക്കിയില്ലയോ?
21 ദൈവത്തിന്റെ ജ്ഞാനത്തിൽ, ലോകം അതിന്റെ ജ്ഞാനത്താൽ, ദൈവത്തെ അറിയായ്കകൊണ്ട് ഞങ്ങളുടെ പ്രസംഗത്തിന്റെ ഭോഷത്തത്താൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിന് പ്രസാദം തോന്നി.
22 എന്തെന്നാൽ, യെഹൂദന്മാർ അടയാളം ചോദിക്കുകയും യവനന്മാർ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു;
23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും,
24 ജാതികൾക്ക് ഭോഷത്തവുമെങ്കിലും, യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും തന്നെ.
25 എന്തെന്നാൽ, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു.
26 സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകത്തിന്റെ മാനദണ്ഡപ്രകാരം നിങ്ങളിൽ ജ്ഞാനികൾ ഏറെയില്ല; ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.
27 എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിന്റെ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിന്റെ ബലഹീനമായത് തിരഞ്ഞെടുത്തു.
28 ഉള്ളതിനെ ഇല്ലാതാക്കുവാൻ ദൈവം ലോകത്തിൽ നികൃഷ്ടവും നിസ്സാരവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;
29 ദൈവസന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കുവാൻ തന്നെ.
30 നിങ്ങൾ ഇപ്പോൾ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്ക് ദൈവത്തിങ്കൽ നിന്ന് ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.
31 “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ”
എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.