6
പൂർണ്ണവളർച്ച പ്രാപിക്കുവാനുള്ള മുന്നറിയിപ്പ്
അതുകൊണ്ട് ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപാഠങ്ങളെ വിട്ട് പൂർണ്ണവളർച്ച പ്രാപിക്കുവാൻ തുടർച്ചയായി നിർബ്ബന്ധപൂർവം ശ്രമിക്കുക. നിർജ്ജീവ പ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ഉപദേശം, കൈവെപ്പ്, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം നാം പിന്നെയും ഇടേണ്ടതില്ല. ദൈവം അനുവദിക്കുന്ന പക്ഷം നാം പൂർണ്ണ പരിജ്ഞാനം നേടും. എന്നാൽ ഒരിക്കൽ ദൈവത്തിന്റെ പ്രകാശനം ലഭിക്കുകയും സ്വർഗ്ഗീയദാനം ആസ്വദിക്കുകയും പരിശുദ്ധാത്മാവിൽ പങ്കാളികളാകയും ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കുകയും ചെയ്തവർ വീണുപോയെങ്കിൽ അവരെ യഥാസ്ഥാനപ്പെടുത്തുന്നത് അസാധ്യമാണ്. അവർ സ്വയം ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന് ലോകാപവാദം വരുത്തുന്നവരും ആകകൊണ്ട് അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുന്നത് അസാധ്യമാണ്. പലപ്പോഴായി പെയ്ത മഴവെള്ളം സ്വീകരിച്ചിട്ട്, കൃഷി ചെയ്യുന്നവർക്ക് ഫലപ്രദമായ സസ്യാദികളെ വിളയിക്കുകയാണെങ്കിൽ ഭൂമി ദൈവത്തിൽനിന്ന് അനുഗ്രഹം പ്രാപിക്കുന്നു. മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാലോ അത് നിഷ്പ്രയോജനവും ശാപഗ്രസ്തവുമാകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.
എന്നാൽ ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും പ്രിയമുള്ളവരേ, ഉത്തമവും രക്ഷയുടെ ശ്രേഷ്ഠവുമായ അനുഭവങ്ങൾ നിങ്ങളിലുണ്ടെന്ന് വളരെ ഉറപ്പും ഞങ്ങൾക്കുണ്ട്. 10 നിങ്ങളുടെ പ്രവൃത്തികളും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും ദൈവ നാമത്തോട് കാണിച്ച സ്നേഹവും മറന്നുകളയുവാൻ തക്കവണ്ണം അവൻ അനീതിയുള്ളവനല്ല. 11 എന്നാൽ നിങ്ങൾ ഓരോരുത്തരും പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിക്കുവാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. 12 അങ്ങനെ നിങ്ങൾ ഉത്സാഹം കെട്ടവരാകാതെ, വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുവിൻ.
ദൈവിക വാഗ്ദത്തത്തിന്മേലുള്ള ഉറപ്പ്
13 ദൈവം അബ്രാഹാമിനോട് വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ട് സത്യം ചെയ്‌വാൻ ഇല്ലാതിരുന്നിട്ട് തന്റെ നാമത്തിൽ തന്നേ സത്യംചെയ്തു: 14 “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു. 15 അങ്ങനെ അബ്രാഹാം ക്ഷമയോടെ ദീർഘകാലം കാത്തിരുന്ന് വാഗ്ദത്ത വിഷയം* നേടുകയും ചെയ്തു. 16 തങ്ങളേക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നത്; അങ്ങനെ ഇടുന്ന ആണ അവർക്ക് ഉറപ്പും തർക്കമില്ലാത്തതുമാകുന്നു. 17 അതുകൊണ്ട് ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്ക് തന്റെ ഉദ്ദേശം മാറാത്തത് എന്ന് അധികം സ്പഷ്ടമായി കാണിക്കുവാൻ തീരുമാനിച്ചിട്ട് ഒരു ആണയാലും ഉറപ്പുകൊടുത്തു. 18 ദൈവം ഉറപ്പുകൊടുത്ത രണ്ടു കാര്യങ്ങളായ “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്ന വാഗ്ദത്തത്തിൽ ഉറച്ചുനിൽക്കുകയും ദൈവത്തിൽ ശരണത്തിനായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്റെ വാക്ക് വ്യാജമല്ല എന്ന് തെളിയിക്കപ്പെട്ടതും ശക്തിയുള്ളതുമായ ഈ പ്രബോധനം പ്രാപിക്കുവാൻ ഇടവരുന്നു. 19 ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അത് നിശ്ചിതവും സുസ്ഥിരവും തിരശ്ശീലക്കപ്പുറത്തുള്ള അതിവിശുദ്ധ സ്ഥലത്തേയ്ക്ക് കടക്കുന്നതുമാകുന്നു. 20 അവിടേക്ക് യേശു മൽക്കീസേദെക്കിനെ പോലെ എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.
* 6:15 വാഗ്ദത്ത വിഷയം-ദൈവത്തിന്‍റെ വാഗ്ദത്തപ്രകാരം അബ്രാഹാമിന് തന്‍റെ പുത്രന്‍ യിസ്ഹാക്കിനെ ലഭിച്ചു