21
യേശു തിബര്യാസ് കടല്ക്കരയിൽവച്ച് പ്രത്യക്ഷപ്പെടുന്നു.
1 അതിന്റെശേഷം യേശു പിന്നെയും തിബര്യാസ് കടല്ക്കരയിൽവച്ച് ശിഷ്യന്മാർക്ക് പ്രത്യക്ഷനായി; പ്രത്യക്ഷനായത് ഈ വിധം ആയിരുന്നു:
2 ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും യേശുവിന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.
3 ശിമോൻ പത്രൊസ് അവരോട്: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടക് കയറി പോയി; എന്നാൽ ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല.
4 പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.
5 യേശു അവരോട്: കുഞ്ഞുങ്ങളെ, നിങ്ങൾക്ക് കഴിക്കുവാൻ വല്ലതും ഉണ്ടോഎന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു.
6 പടകിന്റെ വലത്തുഭാഗത്ത് വല വീശുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടുംഎന്നു അവൻ അവരോട് പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിക്കുവാൻ കഴിഞ്ഞില്ല.
7 യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോട്: അത് കർത്താവ് ആകുന്നു എന്നു പറഞ്ഞു; കർത്താവ് ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടപ്പോൾ, താൻ അല്പം വസ്ത്രം മാത്രം ധരിച്ചിരുന്നതുകൊണ്ട്; തന്റെ പുറംവസ്ത്രമെടുത്ത് അരയിൽ ചുറ്റി കടലിൽ ചാടി.
8 മറ്റുള്ള ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറ് മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് പടകിൽ വന്നു.
9 കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ട്.
10 യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലത് കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
11 ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തി മൂന്ന് വലിയ മീൻ നിറഞ്ഞ വല കരയ്ക്ക് വലിച്ചുകയറ്റി; അത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
12 യേശു അവരോട്: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; ഇതു കർത്താവാകുന്നു എന്നു അറിഞ്ഞിരുന്നതുകൊണ്ട് ശിഷ്യന്മാരിൽ ഒരുവനും: നീ ആർ എന്നു അവനോട് ചോദിപ്പാൻ തുനിഞ്ഞില്ല.
13 യേശു വന്നു അപ്പം എടുത്തു അവർക്ക് കൊടുത്തു; മീനും അങ്ങനെ തന്നെ.
14 യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇതു മൂന്നാമത്തെ പ്രാവശ്യമായിരുന്നു തന്നത്താൻ ശിഷ്യന്മാർക്ക് പ്രത്യക്ഷനായത്.
15 അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്കഎന്നു അവൻ അവനോട് പറഞ്ഞു.
16 രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിയ്ക്ക എന്നു അവൻ അവനോട് പറഞ്ഞു.
17 മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോഎന്നു ചോദിച്ചു. എന്നെ സ്നേഹിക്കുന്നുവോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നും നീ അറിയുന്നു എന്നു അവനോട് പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക.
18 ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അരകെട്ടി നിനക്ക് ഇഷ്ടമുള്ളേടത്ത് നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അരകെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്ക് നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു പറഞ്ഞു.
19 യേശു ഇതു പറഞ്ഞത്, ഏത് വിധത്തിലുള്ള മരണത്താൽ പത്രൊസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. ഇതു പറഞ്ഞതിനുശേഷം: “എന്നെ അനുഗമിക്ക” എന്നു അവനോട് പറഞ്ഞു.
20 പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ അവരെ പിൻചെല്ലുന്നത് കണ്ട്; അത്താഴത്തിൽ അവന്റെ നെഞ്ചോട് ചാഞ്ഞുകൊണ്ട്: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചത് ഇവൻ തന്നേ.
21 അവനെ പത്രൊസ് കണ്ടിട്ട്: കർത്താവേ, ഈ മനുഷ്യന് എന്ത് ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു.
22 യേശു അവനോട്: ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണമെന്ന് എനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ അത് നിനക്ക് എന്ത്? നീ എന്നെ അനുഗമിക്കഎന്നു പറഞ്ഞു.
23 ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണം എന്നു എനിക്ക് ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് എന്ത് എന്നത്രേ അവനോട് പറഞ്ഞത്.
24 ഈ ശിഷ്യൻ ഇതിനെക്കുറിച്ച് സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യമാകുന്നു എന്നു ഞങ്ങൾ അറിയുന്നു.
25 യേശു ചെയ്തതു മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നെയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.