51
1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ലേവി കമായിക്കെതിരായും എന്റെ എതിരാളികൾക്കെതിരായും ഒരു നശിപ്പിക്കുന്ന ആത്മാവ് പോലെ സംഹാരകന്റെ മനസ്സ് ഉണർത്തും.
2 പാറ്റുന്നവരെ ഞാൻ ബാബേലിലേക്ക് അയയ്ക്കും; അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനർത്ഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും.
3 വില്ലാളി വില്ലു കുലക്കാതിരിക്കട്ടെ; അവൻ കവചം ധരിച്ച് നിവർന്നു നിൽക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സർവ്വസൈന്യത്തെയും നിർമ്മൂലമാക്കിക്കളയുവിൻ.
4 അങ്ങനെ കല്ദയരുടെ ദേശത്ത് നിഹതന്മാരും അതിന്റെ വീഥികളിൽ കുത്തിത്തുളക്കപ്പെട്ടവരും വീഴും.
5 യിസ്രായേലിന്റെയും യെഹൂദയുടെയും ദേശങ്ങൾ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവരുടെ ദൈവം അവരെ കൈവെടിഞ്ഞിട്ടില്ല.
6 ബാബേലിന്റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ അവനവന്റെ പ്രാണൻ രക്ഷിച്ചുകൊള്ളുവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുത്; ഇത് യഹോവയുടെ പ്രതികാരകാലമല്ലയോ; അതിന്റെ പ്രവൃത്തിക്കു തക്കവിധം അവിടുന്ന് അതിനോട് പകരം ചെയ്യും;
7 ബാബേൽ യഹോവയുടെ കയ്യിൽ സർവ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻപാനപാത്രം ആയിരുന്നു; ജനതകൾ അതിലെ വീഞ്ഞു കുടിച്ചിട്ട് അവർക്ക് ഭ്രാന്തു പിടിച്ചു.
8 പെട്ടെന്ന് ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ച് വിലപിക്കുവിൻ; അതിന്റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിൻ; ഒരുപക്ഷേ അതിന് സൗഖ്യം വരും.
9 ഞങ്ങൾ ബാബേലിനു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളയുവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോവുക; അതിന്റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.
10 യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക.
11 അമ്പുകൾക്ക് മൂർച്ച കൂട്ടുവിൻ; പരിച നേരെയാക്കുവിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിക്കുവാൻ തക്കവിധം അവന്റെ നിരൂപണം അതിന് വിരോധമായിരിക്കുന്നു; ഇത് യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ.
12 ബാബേലിന്റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ; കാവൽ ശക്തിപ്പെടുത്തുവിൻ; കാവല്ക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തത് നിർണ്ണയിച്ചും നിറവേറ്റിയുമിരിക്കുന്നു.
13 വലിയ വെള്ളങ്ങൾക്കരികിൽ വസിക്കുന്നവളും വളരെ നിക്ഷേപങ്ങൾ ഉള്ളവളുമേ, നിന്റെ അവസാനം, നിന്നെ ഛേദിച്ചുകളയുവാനുള്ള അവധി തന്നെ, വന്നിരിക്കുന്നു.
14 “ഞാൻ നിശ്ചയമായി വെട്ടുക്കിളികളെപ്പോലെ മനുഷ്യരെക്കൊണ്ട് നിന്നെ നിറയ്ക്കും; അവർ നിന്റെനേരെ ആർപ്പിടും” എന്ന് സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു.
15 അവിടുന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.
16 അവിടുന്ന് തന്റെ നാദം കേൾപ്പിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; അവിടുന്ന് ഭൂമിയുടെ അറ്റങ്ങളിൽനിന്ന് നീരാവി ഉയരുമാറാക്കുന്നു; മഴയ്ക്കായി മിന്നൽ ഉണ്ടാക്കി, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റുകളെ പുറപ്പെടുവിക്കുന്നു.
17 ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. തട്ടാന്മാർ എല്ലാവരും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ.
18 അവയിൽ ശ്വാസവും ഇല്ല. അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നെ; സന്ദർശനകാലത്ത് അവ നശിച്ചുപോകും.
19 യാക്കോബിന്റെ ഓഹരിയായവൻ ഇവയെപ്പോലെയല്ല; അവിടുന്ന് സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം.
20 നീ എന്റെ വെണ്മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ട് ജനതകളെ തകർക്കുകയും നിന്നെക്കൊണ്ട് രാജ്യങ്ങളെ നശിപ്പിക്കുകയും ചെയ്യും.
21 നിന്നെക്കൊണ്ട് ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും;
22 നിന്നെക്കൊണ്ട് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ യുവാവിനെയും യുവതിയെയും തകർക്കും.
23 നിന്നെക്കൊണ്ട് ഞാൻ ഇടയനെയും ആട്ടിൻകൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ കൃഷിക്കാരനെയും അവന്റെ കാളകളെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും.
24 നിങ്ങൾ കാൺകെ ഞാൻ ബാബേലിനും സകല കല്ദയനിവാസികൾക്കും അവർ സീയോനിൽ ചെയ്തിരിക്കുന്ന സകലദോഷത്തിനും തക്കവണ്ണം പകരംവീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
25 “സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവ്വതമേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു; ഞാൻ നിന്റെമേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്ന് ഉരുട്ടി കത്തിയെരിയുന്ന പർവ്വതം ആക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
26 “നിന്നിൽനിന്ന് അവർ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാത്തവിധം നീ നിത്യശൂന്യമായി ഭവിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
27 ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; ജനതകളുടെ ഇടയിൽ കാഹളം ഊതുവിൻ; ജനതകളെ അതിന്റെ നേരെ ഒരുക്കുവിൻ; അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അതിന് വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിനെതിരെ ഒരു സേനാപതിയെ നിയമിക്കുവിൻ; വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ.
28 മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തിൽ ഉൾപ്പെട്ട സകലദേശക്കാരുമായ ജനതകളെ അതിന് വിരോധമായി ഒരുക്കുവിൻ;
29 ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിന്, ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങൾ നിറവേറുന്നതുമൂലം ദേശം നടുങ്ങി സങ്കടപ്പെടുന്നു.
30 ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകൾക്ക് തീ വച്ചുകളഞ്ഞു; അതിന്റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു.
31 പട്ടണം നാലുവശവും പിടിക്കപ്പെട്ടുപോയി, കടവുകൾ ശത്രുവിനധീനമായി; കളങ്ങൾ തീ പിടിച്ച് ദഹിച്ചിരിക്കുന്നു; യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോട് അറിയിക്കേണ്ടതിന്
32 ഓട്ടക്കാരൻ ഓട്ടക്കാരനെതിരെയും ദൂതൻ ദൂതനെതിരെയും ഓടുന്നു.
33 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി അല്പകാലം കഴിഞ്ഞിട്ട് അതിന്റെ കൊയ്ത്തുകാലം വരും”.
34 “ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ വിഴുങ്ങിക്കളഞ്ഞു; അവൻ എന്നെ ഒരൊഴിഞ്ഞ പാത്രമാക്കി; മഹാസർപ്പം പോലെ അവൻ എന്നെ വിഴുങ്ങി, എന്റെ സ്വാദുഭോജ്യങ്ങൾകൊണ്ട് വയറു നിറച്ചു; അവൻ എന്നെ തള്ളിക്കളഞ്ഞു.
35 “ഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ” എന്ന് സീയോൻനിവാസി പറയും; “എന്റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ” എന്ന് യെരൂശലേം പറയും.
36 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്ക് വേണ്ടി പ്രതികാരംചെയ്യും; അതിന്റെ കടൽ ഞാൻ വറ്റിച്ച്, അതിന്റെ ഉറവുകൾ ഉണക്കിക്കളയും.
37 ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും, കുറുനരികളുടെ പാർപ്പിടവും, വിസ്മയത്തിനും പരിഹാസത്തിനും വിഷയവുമായിത്തീരും.
38 അവർ എല്ലാവരും ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.
39 അവർ ഉല്ലാസഭരിതരായിരിക്കുമ്പോൾ ഞാൻ അവർക്ക് ഒരു വിരുന്നൊരുക്കി അവരെ ലഹരി പിടിപ്പിക്കും; അങ്ങനെ അവർ ഉല്ലസിച്ച് ഉണരാത്തവിധം നിത്യനിദ്ര പ്രാപിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
40 “ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലക്കളത്തിലേക്ക് ഇറക്കിക്കൊണ്ടുവരും.
41 ശേശക്ക് പിടിക്കപ്പെട്ടത് എങ്ങനെ? സർവ്വഭൂമിയുടെയും പ്രശംസയായിരുന്നത് പിടിച്ചടക്കപ്പെട്ടത് എങ്ങനെ? ജനതകളുടെ ഇടയിൽ ബാബേൽ ഒരു ഭീതിവിഷയമായിത്തീർന്നത് എങ്ങനെ?
42 ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ട് അത് മൂടിയിരിക്കുന്നു.
43 അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും, ആരും നിവസിക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു.
44 ഞാൻ ബാബേലിൽവച്ച് ബേലിനെ സന്ദർശിച്ച്, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജനതകൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും.
45 എന്റെ ജനമേ, അതിന്റെ നടുവിൽനിന്നു പുറപ്പെട്ടുവരുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് നിങ്ങൾ ഓരോരുത്തൻ അവനവന്റെ പ്രാണനെ രക്ഷിച്ചുകൊള്ളുവിൻ.
46 ദേശത്ത് കേൾക്കുന്ന വർത്തമാനംകൊണ്ടും ആണ്ടുതോറും കേൾക്കുന്ന വാർത്തകൾ നിമിത്തവും സാഹസകൃത്യങ്ങൾ ദേശത്ത് നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; നിങ്ങൾ ഭയപ്പെടുകയും അരുത്.
47 അതുകൊണ്ട് ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും; അന്ന് ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാർ എല്ലാവരും അതിന്റെ നടുവിൽ വീഴും.
48 ആകാശവും ഭൂമിയും അവയിലുള്ളതെല്ലാം ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്ന് സംഹാരകൻ അതിലേക്ക് വരും” എന്ന് യഹോവയുടെ അരുളപ്പാട്.
49 യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടി സർവ്വദേശവും തന്നെ.
50 വാളിന് ഒഴിഞ്ഞുപോയവരേ, നില്‍ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്ന് യഹോവയെ ഓർക്കുവിൻ; യെരൂശലേം നിങ്ങൾക്ക് ഓർമ്മ വരട്ടെ!
51 ഞങ്ങൾ നിന്ദ കേട്ട് ലജ്ജിച്ചിരിക്കുന്നു; അന്യന്മാർ യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കുകയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.
52 “അതുകൊണ്ട് ഞാൻ അതിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്; “അന്ന് ദേശത്തെല്ലായിടവും മുറിവേറ്റവർ കിടന്നു ഞരങ്ങും.
53 ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
54 ബാബേലിൽനിന്ന് നിലവിളിയും കല്ദയദേശത്തുനിന്ന് മഹാനാശവും കേൾക്കുന്നു.
55 യഹോവ ബാബേലിനെ നശിപ്പിച്ച് അതിൽ നിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകൾ പെരുവെള്ളംപോലെ ഇരമ്പുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേൾക്കുന്നു.
56 അതിന്റെ നേരെ, ബാബേലിന്റെ നേരെ തന്നെ, സംഹാരകൻ വന്നിരിക്കുന്നു; അതിലെ വീരന്മാർ പിടിക്കപ്പെട്ടിരിക്കുന്നു; അവരുടെ വില്ല് എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവിടുന്ന് പകരം ചെയ്യും.
57 ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും ലഹരി പിടിപ്പിക്കും; അവർ ഉണരാത്തവിധം നിത്യനിദ്രകൊള്ളും” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.
58 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിന്റെ വിശാലമായ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയർന്ന വാതിലുകൾ തീയിൽ വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും, ജനതകളുടെ പ്രയത്നം തീക്കിരയായും തീരുകയും, അവർ ക്ഷീണിച്ചുപോകുകയും ചെയ്യും”.
59 യെഹൂദാ രാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, അവനോടുകൂടി, മഹ്സേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്ക് പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവിനോട് കല്പിച്ച വചനം -
60 ബാബേലിനു വരുവാനിരിക്കുന്ന അനർത്ഥമെല്ലാം, ബാബേലിനെക്കുറിച്ച് എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നെ, യിരെമ്യാവ് ഒരു പുസ്തകത്തിൽ എഴുതി -
61 യിരെമ്യാവ് സെരായാവിനോടു പറഞ്ഞത്: “നീ ബാബേലിൽ എത്തുമ്പോൾ ഈ വചനങ്ങൾ എല്ലാം നോക്കി വായിച്ചശേഷം:
62 “യഹോവേ, ഈ സ്ഥലത്ത് മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അത് ശാശ്വതശൂന്യമായിരിക്കത്തക്കവിധം അങ്ങ് അതിനെ നശിപ്പിച്ചുകളയുമെന്ന് അതിനെക്കുറിച്ച് അരുളിച്ചെയ്തുവല്ലോ” എന്ന് പറയണം.
63 പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്മേൽ ഒരു കല്ല് കെട്ടി ഫ്രാത്തിന്റെ നടുവിലേക്ക് എറിഞ്ഞ്,
64 “ഇങ്ങനെ ബാബേൽ മുങ്ങിപ്പോകും; ഞാൻ അതിന് വരുത്തുന്ന അനർത്ഥത്തിൽനിന്ന് അത് പൊങ്ങിവരുകയില്ല; അവർ ക്ഷയിച്ചുപോകും” എന്ന് പറയണം”.
ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ.