21
1 മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവന് പന്ത്രണ്ട് വയസ്സായിരുന്നു; അവൻ അമ്പത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മക്ക് ഹെഫ്സീബ എന്ന് പേരായിരുന്നു.
2 എന്നാൽ യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾ അനുകരിച്ച് അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
3 തന്‍റെ അപ്പനായ ഹിസ്കീയാവ് നശിപ്പിച്ചുകളഞ്ഞ പൂജാഗിരികൾ അവൻ വീണ്ടും പണിതു; ബാലിന് ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽ രാജാവായ ആഹാബിനെപ്പോലെ ഒരു അശേരാപ്രതിഷ്ഠ നടത്തി ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ച് സേവിച്ചു.
4 യെരൂശലേമിൽ ഞാൻ എന്‍റെ നാമം സ്ഥാപിക്കുമെന്ന് യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.
5 യഹോവയുടെ ആലയത്തിന്‍റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിനും ബലിപീഠങ്ങൾ പണിതു;
6 അവൻ തന്‍റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും, മുഹൂർത്തം നോക്കുകയും, ആഭിചാരം പ്രയോഗിക്കയും, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. ഇങ്ങനെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന് അനിഷ്ടമായത് പലതും ചെയ്തു.
7 “ഈ ആലയത്തിലും, യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്‍റെ നാമം എന്നേക്കും സ്ഥാപിക്കും” എന്ന് യഹോവ ദാവീദിനോടും അവന്‍റെ മകനായ ശലോമോനോടും അരുളിച്ചെയ്ത യെരൂശലേമിലെ ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ സ്ഥാപിച്ചു.
8 “എന്‍റെ സകല കല്പനകളും എന്‍റെ ദാസനായ മോശെ അവരോട് കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ച് നടക്കേണ്ടതിന് അവർ ശ്രദ്ധിച്ചാൽ ഇനി യിസ്രായേൽ ജനത്തിന്‍റെ കാൽ, അവരുടെ പിതാക്കന്മാർക്ക് ഞാൻ കൊടുത്തദേശം വിട്ട് അലയുവാൻ ഇടവരുത്തുകയില്ല” എന്ന് യഹോവ കല്പിച്ചിരുന്നു.
9 എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നശിപ്പിച്ച ജനതകളെക്കാളും അധികം ദോഷം ചെയ്‌വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.
10 ആകയാൽ യഹോവ, പ്രവാചകന്മാരായ തന്‍റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:
11 “യെഹൂദാ രാജാവായ മനശ്ശെ തനിക്ക് മുമ്പെ ഉണ്ടായിരുന്ന അമോര്യർ ചെയ്തതിനേക്കാൾ അധികം ദോഷമായ ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്‍റെ വിഗ്രഹങ്ങളെക്കൊണ്ട് യെഹൂദാജനത്തെ പാപം ചെയ്യിക്കയാലും
12 കേൾക്കുന്ന ഏതൊരുവന്‍റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിനും യെഹൂദെക്കും വരുത്തും.
13 ഞാൻ യെരൂശലേമിന്‍റെ മീതെ ശമര്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്‍റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ തളിക തുടെച്ചശേഷം അത് കമഴ്ത്തിവെക്കുന്നതു പോലെ ഞാൻ യെരൂശലേമിനെ തുടച്ചുകളയും.
14 എന്‍റെ അവകാശത്തിന്‍റെ ശേഷിപ്പ് ഞാൻ ത്യജിച്ച് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകല ശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയിത്തീരും.
15 അവരുടെ പിതാക്കന്മാർ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്ക് അനിഷ്ടമായത് ചെയ്ത് എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ”.
16 അത്രയുമല്ല, യഹോവയ്ക്ക് അനിഷ്ടമായത് ചെയ്യേണ്ടതിന് മനശ്ശെ യെഹൂദയെ പ്രേരിപ്പിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഉടനീളം കുറ്റമില്ലാത്ത രക്തം ഏറ്റവും അധികം ചിന്തി.
17 മനശ്ശെയുടെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്‍റെ പാപവും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
18 മനശ്ശെ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്‍റെ അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ ആമോൻ അവന് പകരം രാജാവായി.
19 ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ട് വയസ്സായിരുന്നു; അവൻ രണ്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മക്ക് മെശൂല്ലേമെത്ത് എന്ന് പേരായിരുന്നു; അവൾ യൊത്ബക്കാരനായ ഹാരൂസിന്‍റെ മകൾ ആയിരുന്നു.
20 അവൻ തന്‍റെ അപ്പനായ മനശ്ശെയെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു;
21 തന്‍റെ അപ്പൻ നടന്ന വഴിയിലെല്ലാം നടന്ന് അപ്പൻ സേവിച്ച വിഗ്രഹങ്ങളെ സേവിച്ച് നമസ്കരിച്ചു.
22 അങ്ങനെ അവൻ തന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.
23 ആമോന്‍റെ ഭൃത്യന്മാർ അവനെതിരായി കൂട്ടുകെട്ടുണ്ടാക്കി, രാജാവിനെ അരമനയിൽവെച്ച് കൊന്നുകളഞ്ഞു;
24 എന്നാൽ ദേശത്തെ ജനം ആമോൻരാജാവിനെതിരെ കൂട്ടുകെട്ടുണ്ടാക്കിയവരെ എല്ലാം കൊന്നു; ജനം അവന്‍റെ മകനായ യോശീയാവിനെ അവന് പകരം രാജാവാക്കി.
25 ആമോൻ ചെയ്ത മറ്റ് വൃത്താന്തങ്ങൾ യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
26 ഉസ്സയുടെ തോട്ടത്തിലെ അവന്‍റെ കല്ലറയിൽ അവനെ അടക്കം ചെയ്തു. അവന്‍റെ മകനായ യോശീയാവ് അവന് പകരം രാജാവായി.