മർക്കൊസ്
ഗ്രന്ഥകര്‍ത്താവ്
യോഹന്നാൻ മർക്കോസ് എഴുതിയെന്ന് സഭാപിതാക്കന്മാർ ഐക്യകണ്ഠേന അംഗീകരിക്കുന്നു. യോഹന്നാന് മർക്കോസിനെക്കുറിച്ച് പുതിയനിയമത്തില്‍ പത്തിടത്ത് പരാമർശങ്ങളുണ്ട്. പ്രവ 12:12, 25; 13:5, 13; 15:37, 39; കൊലോസ്സ്യ 4:10; 2 തിമോ 4:11; ഫിലേ. 24; 1 പത്രോ. 5:13. മർക്കോസ് ബർണബാസിന്റെ അനന്തിരവനാണ്. (കൊലോസ്സ്യ. 4:10). മേരി എന്നായിരുന്നു മര്‍ക്കോസിന്റെ അമ്മയുടെ പേര് യെരുശലേമിലെ ധനികയായ മേരി. അവരുടെ ഭവനം ആദിമ ക്രിസ്ത്യാനികൾക്ക് ഒരു പ്രാർത്ഥനാ കേന്ദ്രമായിരുന്നു. (പ്രവൃത്തികൾ. 12:12). മര്‍ക്കോസ് പൗലോസിനോടും ബർണബാസിനോടും കൂടെ ഒന്നാമത്തെ മിഷനറി യാത്രയിൽ പങ്കെടുത്തിട്ടുണ്ട്. (അ. പ്രവ. 12:25; 13:5). മര്‍ക്കോസ് പത്രോസുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി സഭാപിതാക്കന്മാർ വേദപുസ്തകത്തിലെ ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് ഉണ്ട്. (1 പത്രോ 5:13). അദ്ദേഹം പത്രോസിന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തുകയും ശുശ്രൂഷകൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത അനുഭവങ്ങളിൽനിന്നാണ് സുവിശേഷത്തിന് ആധാരമായ വസ്തുതകൾ ശേഖരിച്ചത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം. 50-60.
സഭാപിതാക്കന്മാരുടെ (ഐറേനിയസ്, അലക്സാന്ത്രിയായിലെ ക്ലെമന്ത്) അഭിപ്രായത്തിൽ മർക്കോസ് എഴുതി എന്നതാണ്. ആദിമ സഭയിൽ നിന്നുള്ള രേഖകളിൽ പത്രോസിന്റെ മരണശേഷമാണ് ഈ സുവിശേഷം എഴുതപ്പെട്ടത്.
സ്വീകര്‍ത്താവ്
ചില തെളിവുകളുടെ അടിസ്ഥാനത്തിൽ ജാതീയരായവരെ പ്രത്യേകിച്ച് റോമാക്കാരായ വായനക്കാരെ ഉദ്ദേശിച്ചുകൊണ്ടാണ് മർക്കോസ് സുവിശേഷം എഴുതുന്നത് ജാതീയ ലോകത്തിന് എഴുതിയതിനാൽ ആവാം യേശുക്രിസ്തുവിന്റെ വംശാവലി പോലുള്ള വസ്തുതകൾ മർക്കോസ് ഉപേക്ഷിച്ചത്.
ഉദ്ദേശം
റോമാ ക്രിസ്ത്യാനികളാണ് പ്രധാന വായനക്കാർ, നീറോ ചക്രവർത്തിയുടെ കാലത്ത് നടന്ന മതപീഡനത്തിൽ അനേക ക്രൈസ്തവ വിശ്വാസികൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പീഡാനുഭവം ഏറ്റുവാങ്ങിയ അനുസരണമുള്ള ദാസനായ ക്രിസ്തുവിനെപ്പോലെ പീഢനത്തിലൂടെ കടന്നുപോകുന്ന ദൈവജനം വിശ്വാസത്തിൽ നിലനിൽക്കുവാൻ മര്‍ക്കോസ് ഈ സുവിശേഷത്തിലൂടെ ആഹ്വാനം ചെയ്യുന്നു.
പ്രമേയം
പീഡിതനായ ദാസൻ
സംക്ഷേപം
1. മരുഭൂമിയിൽ ശുശ്രൂഷയ്ക്ക് വേണ്ടി യേശു തയ്യാറെടുക്കുന്നു — 1:1-13
2. ഗലീലയിലെയും പരിസരപ്രദേശങ്ങളിലെയും യേശുവിന്റെ ശുശ്രൂഷ — 1:14-8:30
3. യേശുവിന്റെ ദൗത്യം: പീഡയും മരണവും — 8:31-10:52
4. യേശുവിന്റെ യെരുശലേമിലെ ശുശ്രൂഷ — 11:1-13:37
5. ക്രൂശീകരണം വിവരിക്കുന്നു — 14:1-15:47
6. യേശുവിന്റെ ഉയർത്തെഴുന്നേൽപ്പും പ്രത്യക്ഷതയും — 16:1-20
1
സ്നാപകയോഹന്നാൻ വഴിയൊരുക്കുന്നു.
1 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം ഇവിടെ ആരംഭിക്കുന്നു:
2 “ഞാൻ നിനക്ക് മുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
3 കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം”
എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ
4 യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
5 അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
6 യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചും പോന്നു.
7 “എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുവാൻ ഞാൻ യോഗ്യനല്ല.
8 ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും” എന്നു അവൻ പ്രസംഗിച്ചു.
യേശുവിന്റെ സ്നാനവും പരീക്ഷയും.
9 ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം ഏറ്റു.
10 വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്റെമേൽ വരുന്നതും കണ്ട്.
11 നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
12 ആത്മാവ് ഉടനെ അവനെ മരുഭൂമിയിലേക്ക് പോകുവാൻ നിര്‍ബ്ബന്ധിച്ചു.
13 അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം.
14 എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്ന് ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
15 “കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
യേശു ശിഷ്യന്മാരെ വിളിക്കുന്നു.
16 അവൻ ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ ശിമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നത് കണ്ട്; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.
17 യേശു അവരോട്: “എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.
18 ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
19 യേശു അവിടെനിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നത് കണ്ട്.
20 അവൻ ഉടനെ അവരെയും വിളിച്ചു; അവർ തങ്ങളുടെ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.
അശുദ്ധാത്മാവിനെ പുറത്താക്കുന്നു.
21 അവർ കഫർന്നഹൂമിലേക്ക് പോയി; ശബ്ബത്ത് ദിവസത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിച്ചു.
22 അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
23 അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ച്:
24 “നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ” എന്നു പറഞ്ഞു.
25 യേശു അതിനെ ശാസിച്ചു: മിണ്ടരുത്; അവനെ വിട്ടുപോ എന്നു പറഞ്ഞു.
26 അപ്പോൾ അശുദ്ധാത്മാവ് അവനെ തള്ളിയിട്ട് ഇഴച്ച്, ഉറക്കെ നിലവിളിച്ചു അവനെ വിട്ടുപോയി.
27 എല്ലാവരും ആശ്ചര്യപ്പെട്ട്: “ഇതെന്ത്? അധികാരത്തോടെയുള്ള ഒരു പുതിയ ഉപദേശം! അവൻ അശുദ്ധാത്മാക്കളോടുപോലും കല്പിക്കുന്നു; അവ അവനെ അനുസരിക്കുകയും ചെയ്യുന്നു” എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
28 അവന്റെ ശ്രുതി വേഗത്തിൽ ഗലീല നാടെങ്ങും പരന്നു.
യേശു അനേകരെ സൗഖ്യമാക്കുന്നു.
29 അവർ പള്ളിയിൽ നിന്നു ഇറങ്ങിയ ഉടനെ യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.
30 അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ച് കിടന്നിരുന്നു; അവർ ഉടനെ അവളെക്കുറിച്ച് അവനോട് പറഞ്ഞു.
31 അവൻ അടുത്തുചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
32 വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
33 പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.
34 നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറിയുകകൊണ്ട് അവയെ സംസാരിപ്പാൻ അവൻ സമ്മതിച്ചില്ല.
യേശു തനിച്ചുപോയി പ്രാർത്ഥിക്കുന്നു.
35 അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്ന് പ്രാർത്ഥിച്ചു.
36 ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്ന്,
37 അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
38 അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്ക് പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
39 അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്ന് പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു.
40 ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു.
41 യേശു മനസ്സലിഞ്ഞ് കൈ നീട്ടി അവനെ തൊട്ടു:
42 “മനസ്സുണ്ട്, ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവന് ശുദ്ധിവന്നു.
43 യേശു അവനെ കർശനമായി താക്കീത് ചെയ്തു:
44 “നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്ന് പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
45 അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോട് ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തുനിന്നും ആളുകൾ അവന്റെ അടുക്കൽ വന്നുകൂടി.