12
സംഗീതപ്രമാണിക്ക്; അഷ്ടമരാഗത്തിൽ: ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവേ, രക്ഷിക്കണമേ; ഭക്തന്മാർ ഇല്ലാതെ പോകുന്നു;
വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;
2 ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു;
കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു.
3 കപടമുള്ള അധരങ്ങളെ ഒക്കെയും
വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
4 “ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും;
ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ;
ഞങ്ങൾക്കു യജമാനൻ ആര്?” എന്ന് അവർ പറയുന്നു.
5 “എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം
ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ
ഞാൻ സംരക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
6 യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു;
നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.
7 യഹോവേ, അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളും;
ഈ തലമുറയിൽനിന്ന് ഞങ്ങളെ എന്നും സൂക്ഷിക്കും.
8 മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ
ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നു.