14
1 വിശ്വാസത്തിൽ ബലഹീനനായവനെ സ്വീകരിക്കുവിൻ; എങ്കിലും ഇങ്ങനെയുള്ള അഭിപ്രായവ്യത്യാസങ്ങളെ വിധിക്കരുത്.
2 ഒരു വശത്ത്, ഒരുവന് എല്ലാം തിന്നാമെന്നുള്ള വിശ്വാസമുണ്ട്; മറുവശത്ത് ബലഹീനനായവൻ സസ്യാദികളെ മാത്രം തിന്നുന്നു.
3 എല്ലാം തിന്നുന്നവൻ എല്ലാം തിന്നാത്തവനെ ധിക്കരിക്കരുത്; എല്ലാം തിന്നാത്തവൻ എല്ലാം തിന്നുന്നവനെ വിധിക്കുകയുമരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
4 മറ്റൊരുത്തന്‍റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ അവന്‍റെ സ്വന്തയജമാനന്റെ മുമ്പിലത്രേ; അവനെ നിർത്തുവാൻ കർത്താവ് ശക്തനായതുകൊണ്ട് അവൻ നില്ക്കുവാൻ പ്രാപ്തനായി.
5 ഒരുവൻ ഒരു ദിവസത്തേക്കാൾ മറ്റൊരു ദിവസത്തെ വിലമതിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും ഒരുപോലെ വിലമതിക്കുന്നു; ഓരോരുത്തൻ താന്താന്‍റെ മനസ്സിൽ ഉറച്ചിരിക്കട്ടെ.
6 ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിനായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
7 നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.
8 ജീവിക്കുന്നു എങ്കിൽ നാം കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിനുള്ളവർ തന്നേ.
9 മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കുകയും ഉയിർക്കുകയും ചെയ്തതു.
10 എന്നാൽ നീ നിന്‍റെ സഹോദരനെ വിധിക്കുന്നതു എന്ത്? അല്ല, നീ നിന്‍റെ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിന് മുമ്പാകെ നിൽക്കേണ്ടിവരും.
11 “ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ട്, എന്‍റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു”
എന്നു എഴുതിയിരിക്കുന്നുവല്ലോ.
12 ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു തങ്ങളുടെ കണക്ക് ബോധിപ്പിക്കേണ്ടിവരും.
13 അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചക്കല്ലോ കെണിയോ വെയ്ക്കാതിരിപ്പാൻ മാത്രം തീരുമാനിച്ചുകൊൾവിൻ.
14 യാതൊന്നും സ്വതവേ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവനുമാത്രം അത് മലിനം ആകുന്നു.
15 ഭക്ഷണം നിമിത്തം നിന്‍റെ സഹോദരനെ വ്യസനിപ്പിച്ചാൽ, നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്‍റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.
16 നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് അവരെ പരിഹസിക്കുന്നതിന് കാരണമാകരുത്.
17 ദൈവരാജ്യം ഭക്ഷണത്തെയും പാനീയത്തെയും കുറിച്ചല്ല, മറിച്ച് നീതിയെയും സമാധാനത്തെയും പരിശുദ്ധാത്മാവിൽ സന്തോഷത്തെയും കുറിച്ചത്രേ.
18 അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തിന് സ്വീകാര്യനും മനുഷ്യരാൽ അംഗീകരിക്കപ്പെട്ടവനും ആകുന്നു.
19 ആകയാൽ നാം സമാധാനത്തിനും അന്യോന്യം ആത്മികവർദ്ധനയ്ക്കും ഉള്ളതിന് ശ്രമിച്ചുകൊൾക.
20 ഭക്ഷണം നിമിത്തം ദൈവത്തിന്‍റെ പ്രവൃത്തിയെ അഴിക്കരുത്. എല്ലാ വസ്തുക്കളും ശുദ്ധം തന്നെ; എങ്കിലും ഇടർച്ചക്ക് കാരണമാകത്തക്കവിധം തിന്നുന്ന മനുഷ്യന് അത് ദോഷമത്രേ.
21 മാംസം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും, സഹോദരന് ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത് നല്ലത്.
22 നിനക്കുള്ള ഈ പ്രത്യേകമായ വിശ്വാസത്തെ നിനക്കും ദൈവത്തിനും ഇടയിൽ സൂക്ഷിക്കുക. താൻ അംഗീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.
23 എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അത് വിശ്വാസത്തിൽ നിന്നല്ലായ്കകൊണ്ട് അവൻ വിധിക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.