6
ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്ന് നാല് രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു. ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിനു കറുത്ത കുതിരകളെയും മൂന്നാമത്തെ രഥത്തിനു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിനു പുള്ളിയും തവിട്ടുനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു. എന്നോട് സംസാരിക്കുന്ന ദൂതനോട്: “യജമാനനേ, ഇത് എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു. ദൂതൻ എന്നോട് ഉത്തരം പറഞ്ഞത്: “ഇതു സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാല് കാറ്റ്* ആകുന്നു. കറുത്ത കുതിരകൾ ഉള്ളത് വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ പടിഞ്ഞാറെ ദേശത്തേക്ക് പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്ക് പുറപ്പെട്ടു. തവിട്ടുനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിക്കുവാൻ നോക്കി: ‘നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിക്കുവിൻ’ എന്ന് അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു”. അവൻ എന്നോട് ഉറക്കെ വിളിച്ചു; “വടക്കെ ദേശത്തേക്ക് പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിൽ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 10 “നീ ഹെല്ദായി, തോബീയാവ്, യെദായാവ് എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്ന് തന്നെ ചെല്ലണം. 11 അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽ വച്ച് അവനോട് പറയേണ്ടതെന്തെന്നാൽ: 12 ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുള എന്നു പേരുള്ള ഒരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും. 13 അവൻ തന്നെ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം§ ഉണ്ടാകും. 14 ആ കിരീടം, ഹേലെം, തോബീയാവ്, യെദായാവ്, സെഫന്യാവിന്റെ മകനായ യോശീയാവ്* എന്നിവരുടെ ഓർമ്മയ്ക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കണം. 15 എന്നാൽ ദൂരസ്ഥന്മാർ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും; നിങ്ങൾ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അത് സംഭവിക്കും.
* 6:5 നാല് കാറ്റ് നാല് ആത്മാക്കള്‍ 6:6 വെളുത്തവ പടിഞ്ഞാറെ ദേശത്തേക്ക് വെളുത്തവ അവയുടെ പിന്നാലെ 6:11 പൊന്നും ഉപഹാരവും § 6:13 മന്ത്രണം ഉപദേശം, രഹസ്യമായികൊടുക്കുന്ന ആലോചന, കൂടിയാലോചന (കൂടിയാലോചിച്ച് ഉണ്ടാക്കുന്ന തീരുമാനം). * 6:14 യോശീയാവ് ഹേൻ