15
ക്രിസ്തുവിന്റെ പുനരുത്ഥാനം
1 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അറിയിച്ചതും നിങ്ങൾ സ്വീകരിച്ചതും നിങ്ങൾ സുസ്ഥിരരായി നിൽക്കുന്നതുമായ സുവിശേഷത്തെപ്പറ്റി നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
2 ഞാൻ നിങ്ങളോട് അറിയിച്ച സുവിശേഷത്തിന്റെ വചനത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു; അതു മുറുകെപ്പിടിച്ചു കൊള്ളുന്നില്ലെങ്കിൽ നിങ്ങൾ വിശ്വസിച്ചതു വ്യർഥമായിത്തീരും.
3-4 ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ച് അടക്കപ്പെട്ടശേഷം മൂന്നാംദിവസം തിരുവെഴുത്തുകളിൻപ്രകാരം ഉയിർപ്പിക്കപ്പെട്ടു എന്നിങ്ങനെ എനിക്കു നൽകപ്പെട്ട പരമപ്രധാനമായ വചനം ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നല്ലോ.
5 അവിടന്ന് പത്രോസിനും തുടർന്ന് പന്ത്രണ്ട് ശിഷ്യന്മാർക്കും പ്രത്യക്ഷനായി.
6 അതിനുശേഷം അവിടന്ന് അഞ്ഞൂറിലധികം സഹോദരങ്ങൾക്ക് ഒരേസമയം പ്രത്യക്ഷപ്പെട്ടു, അവരിൽ ചിലർ നിദ്രപ്രാപിച്ചെങ്കിലും അധികംപേരും ഇപ്പോഴും ജീവനോടെയിരിക്കുന്നു.
7 പിന്നീട് അവിടന്ന് യാക്കോബിനും അതിനുശേഷം സകല അപ്പൊസ്തലന്മാർക്കും പ്രത്യക്ഷപ്പെട്ടു;
8 ഏറ്റവുമൊടുവിൽ, അകാലജാതനെപ്പോലെയുള്ള എനിക്കും പ്രത്യക്ഷനായി.
9 ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. ദൈവസഭയെ പീഡിപ്പിച്ചതുകൊണ്ട് അപ്പൊസ്തലൻ എന്ന പേരിനു യോഗ്യനുമല്ല.
10 എന്നാൽ ഞാൻ ആയിരിക്കുന്നതു ദൈവകൃപയാൽ ആകുന്നു. എന്നോടുള്ള അവിടത്തെ കൃപ നിഷ്ഫലമായില്ല. ഞാൻ ആ അപ്പൊസ്തലന്മാരെക്കാളെല്ലാം അധികം അധ്വാനിച്ചു. എങ്കിലും അധ്വാനിച്ചതു ഞാനല്ല, എന്നോടുകൂടെയുള്ള ദൈവകൃപയാണ്.
11 അതുകൊണ്ടു പ്രസംഗിക്കുന്നത് ഞാനായാലും, അവരായാലും, ഒരേ സന്ദേശമാണ്; ആ സന്ദേശം തന്നെയാണ് നിങ്ങൾ വിശ്വസിച്ചതും.
മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പ്
12 ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു എന്നാണ് പ്രസംഗിക്കപ്പെടുന്നത്. അപ്പോൾ മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെന്നു നിങ്ങളിൽ ചിലർ പറയുന്നതെങ്ങനെ?
13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല.
14 ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം, നിങ്ങളുടെ വിശ്വാസവും വ്യർഥം.
15 തന്നെയുമല്ല, ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു എന്നു ദൈവത്തെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്ന ഞങ്ങൾ ദൈവത്തിനെതിരേ വ്യാജ സാക്ഷികൾ എന്നും വരും. കാരണം, മരിച്ചവർ വാസ്തവത്തിൽ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ദൈവം ക്രിസ്തുവിനെയും ഉയിർപ്പിച്ചിട്ടില്ല.
16 മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവിനും പുനരുത്ഥാനം ഉണ്ടായിട്ടില്ല.
17 ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥം; നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പാപങ്ങളിൽ തന്നെ സ്ഥിതിചെയ്യുന്നു.
18 ക്രിസ്തുവിൽ വിശ്വസിച്ച ശേഷം നിദ്രപ്രാപിച്ചവരും നശിച്ചുപോയിരിക്കുന്നു.
19 നമുക്കു ക്രിസ്തുവിലുള്ള പ്രത്യാശ ഈ ജീവിതത്തെക്കുറിച്ചുമാത്രമെങ്കിൽ നാം സകലമനുഷ്യരിലും ശോചനീയരാണ്.
20 എന്നാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നത് നിദ്രപ്രാപിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന്റെ ആദ്യഫലമായിട്ടാണ്.
21 ഒരു മനുഷ്യനിലൂടെ മരണം, ഒരു മനുഷ്യനിലൂടെത്തന്നെ മരിച്ചവരുടെ പുനരുത്ഥാനവും!
22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.
23 എന്നാൽ ഓരോരുത്തരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും ജീവിപ്പിക്കപ്പെടുന്നത്: ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിനുള്ളവർ;
24 അതിനുശേഷം അവിടന്നു സകലഭരണവും അധികാരവും ശക്തിയും നീക്കിക്കളഞ്ഞിട്ട് രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുമ്പോൾ പരിസമാപ്തി ഉണ്ടാകും.
25 സകലശത്രുക്കളെയും തന്റെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്തു വാഴേണ്ടതാകുന്നു.
26 ഒടുവിലായി നശിപ്പിക്കപ്പെടുന്ന ശത്രുവാണു മരണം.
27 എന്തെന്നാൽ ദൈവം “സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു. സകലതും,” എന്നു പറയുമ്പോൾ എല്ലാം ക്രിസ്തുവിന് അധീനമാക്കിക്കൊടുത്ത ദൈവം ഒഴികെയാണ് എന്നതു സ്പഷ്ടം.
28 സമസ്തവും തനിക്കു കീഴ്പ്പെട്ടശേഷം, പുത്രൻ സകലതും തനിക്കു കീഴാക്കിക്കൊടുത്ത ദൈവത്തിനു കീഴ്പ്പെട്ടിരിക്കും; അങ്ങനെ ദൈവം സകലത്തിലും സകലതും ആയിത്തീരും.
29 മരിച്ചവരുടെ പുനരുത്ഥാനമേ ഇല്ലെങ്കിൽ, ചിലർ മരിച്ചവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതെന്തിന്? മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതിന് എന്താണു പ്രസക്തി?
30 ഞങ്ങളും നാഴികതോറും ആപത്തിലാകുന്നതെന്തിന്?
31 സഹോദരങ്ങളേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ എനിക്കു നിങ്ങളെപ്പറ്റിയുള്ള പ്രശംസയുടെ ഉറപ്പിൽ ഞാൻ തീർത്തു പറയട്ടെ, ഞാൻ ദിവസേന മരണം അഭിമുഖീകരിക്കുകയാണ്.
32 എഫേസോസിൽവെച്ചു ഞാൻ വന്യമൃഗങ്ങളോടു പോരാടിയതു കേവലം മാനുഷികകാരണങ്ങളാൽ എങ്കിൽ അതുകൊണ്ട് എനിക്കെന്തു നേട്ടം?
മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ, “നമുക്കു തിന്നുകുടിക്കാം,
നാളെ നാം മരിക്കുമല്ലോ.”
33 വഴിതെറ്റിക്കപ്പെടരുത്. “ഹീനമായ സൗഹൃദം സദ്ഗുണങ്ങളെ ദുഷിപ്പിക്കുന്നു.”
34 നീതിബോധമുള്ളവരായിരിക്കുക. പാപംചെയ്യാതിരിക്കുക. നിങ്ങൾക്കു ലജ്ജ തോന്നുന്നതിനായിത്തന്നെ ഞാൻ പറയട്ടെ, ചിലർക്കു ദൈവത്തെക്കുറിച്ച് അറിവില്ല.
പുനരുത്ഥിതശരീരം
35 “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടുന്നു? ഏതുതരം ശരീരത്തോടെ അവർ വരുന്നു?” എന്നിങ്ങനെ ചിലർ ചോദിച്ചേക്കാം.
36 ബുദ്ധികെട്ട മനുഷ്യാ, നീ വിതയ്ക്കുന്ന വിത്തു ചാകുന്നില്ലെങ്കിൽ ജീവിപ്പിക്കപ്പെടുകയില്ല.
37 ഉണ്ടാകാനിരിക്കുന്ന ശരീരമല്ല നീ വിതയ്ക്കുന്നത്, പിന്നെയോ ഗോതമ്പിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ വിത്തുമാത്രമാണു വിതയ്ക്കുന്നത്.
38 എന്നാൽ ദൈവം അവിടത്തെ ഹിതപ്രകാരം, ഗോതമ്പിന് ഒരുതരം ശരീരവും, ഓരോതരം വിത്തിനും അതതിന്റെ തരം ശരീരവും നൽകുന്നു.
39 എല്ലാ മാംസവും ഒരേ തരത്തിലുള്ളതല്ല. മനുഷ്യരുടെ മാംസം ഒരുതരം, മൃഗങ്ങളുടേതു മറ്റൊരുതരം, പക്ഷികളുടേതു വേറെ, മത്സ്യങ്ങളുടേതു വേറെ.
40 സ്വർഗീയശരീരങ്ങളും ലൗകികശരീരങ്ങളും ഉണ്ട്. സ്വർഗീയശരീരങ്ങളുടെ തേജസ്സ് ഒരു വിധത്തിലുള്ളത്; ലൗകികശരീരങ്ങളുടെ തേജസ്സു മറ്റൊരു വിധത്തിലുള്ളത്.
41 സൂര്യന്റെ തേജസ്സ് ഒരുവിധം, ചന്ദ്രന്റേതു മറ്റൊരുവിധം, നക്ഷത്രങ്ങളുടെ തേജസ്സു വേറൊരുവിധം. നക്ഷത്രവും നക്ഷത്രവുംതമ്മിൽ തേജസ്സിൽ വ്യത്യാസമുണ്ട്.
42 മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെയാണ്. നശ്വരമായ ശരീരം വിതയ്ക്കപ്പെടുന്നു, അനശ്വരമായ ശരീരം ഉയിർപ്പിക്കപ്പെടുന്നു.
43 അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർപ്പിക്കപ്പെടുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു.
44 വിതയ്ക്കപ്പെടുന്നത് ഭൗതികശരീരം, ഉയിർപ്പിക്കപ്പെടുന്നതോ ആത്മികശരീരം.
ഭൗതികശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്.
45 “ആദ്യമനുഷ്യനായ ആദാം ജീവനുള്ളവനായിത്തീർന്നു” എന്നെഴുതിയിരിക്കുന്നല്ലോ; അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി.
46 ആദ്യമുണ്ടായത് ആത്മികമല്ല, ഭൗതികമായിരുന്നു. ആത്മികം അതിനുശേഷം.
47 ഒന്നാംമനുഷ്യൻ ഭൂമിയിൽനിന്നുള്ള മർത്യൻ; രണ്ടാംമനുഷ്യനോ സ്വർഗത്തിൽനിന്നുള്ളവൻ.
48 ആ മർത്യനെപ്പോലെതന്നെ ശേഷം മർത്യരും, സ്വർഗത്തിൽനിന്നുള്ളവനെപ്പോലെതന്നെ സ്വർഗീയരും ആകുന്നു.
49 നാം ആ മർത്യന്റെ സ്വരൂപം ധരിച്ചിരിക്കുന്നതുപോലെ സ്വർഗീയന്റെയും സ്വരൂപം ധരിക്കും.
50 സഹോദരങ്ങളേ, ജഡരക്തങ്ങൾക്കു ദൈവരാജ്യം അവകാശമാക്കാൻ സാധ്യമല്ലെന്നു ഞാൻ പറയുന്നു; നശ്വരമായത് അനശ്വരതയെ അവകാശമാക്കുകയില്ല.
51 ശ്രദ്ധിക്കുക, ഞാൻ ഒരു രഹസ്യം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രപ്രാപിക്കുകയില്ല, നാം എല്ലാവരും രൂപാന്തരപ്പെടും.
52 അന്ത്യകാഹളധ്വനി മുഴങ്ങുമ്പോൾ, ക്ഷണനേരത്തിൽ, കണ്ണിമയ്ക്കുന്നതിനിടയിൽ മരിച്ചവർ അക്ഷയരായി ഉയിർപ്പിക്കപ്പെടും; നാം രൂപാന്തരം പ്രാപിക്കുകയും ചെയ്യും.
53 ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിക്കേണ്ടതാകുന്നു.
54 ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, “മരണത്തെ വിജയം ഗ്രസിച്ചു” എന്നു എഴുതിയ വചനം നിറവേറും.
55 “ഹേ മരണമേ, നിന്റെ ജയം എവിടെ?
ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?”
56 മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തി ന്യായപ്രമാണം.
57 എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു.
58 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, നിങ്ങൾ അചഞ്ചലരായിരിക്കുക; യാതൊന്നും നിങ്ങളെ ഉലച്ചുകളയാൻ ഇടയാകരുത്. കർത്താവിൽ നിങ്ങളുടെ അധ്വാനം വ്യർഥമല്ല എന്നറിയുന്നതുകൊണ്ടു കർത്താവിന്റെ വേലയിൽ എപ്പോഴും വ്യാപൃതരായിരിക്കുക.