ആവർത്തനപ്പുസ്തകം
1
ആമുഖം
സൂഫിന് എതിർവശത്തുള്ള പാരാൻ പട്ടണത്തിനും തോഫെൽ, ലാബാൻ, ഹസേരോത്ത്, ദീസാഹാബ് എന്നീ പട്ടണങ്ങൾക്കും മധ്യത്തിൽ, യോർദാൻനദിക്കു കിഴക്കുള്ള അരാബയിൽവെച്ച് മോശ എല്ലാ ഇസ്രായേലിനോടും പറഞ്ഞ സന്ദേശം. ഹോരേബിൽനിന്ന്* സേയീർ പർവതംവഴി കാദേശ്-ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ യാത്രയുണ്ട്.
ഇസ്രായേൽമക്കളെ അറിയിക്കാൻ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം നാൽപ്പതാംവർഷം പതിനൊന്നാംമാസം ഒന്നാംതീയതി അവരെ അറിയിച്ചു. ഇതു ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനെയും അസ്തരോത്തിൽ വാണിരുന്ന ബാശാൻരാജാവായ ഓഗിനെയും എദ്രെയിൽവെച്ചു വധിച്ചതിനുശേഷമായിരുന്നു.
ഹോരേബ് വിടാൻ കൽപ്പന
യോർദാൻനദിക്കു കിഴക്കുള്ള മോവാബിന്റെ ഭൂപ്രദേശത്തുവെച്ച് മോശ യഹോവയുടെ ഈ നിയമം വളരെ വ്യക്തമായി അവരെ അറിയിച്ചു:
 
നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മോട് ഇപ്രകാരം അരുളിച്ചെയ്തു: “നിങ്ങൾ ഈ പർവതത്തിൽ വേണ്ടുവോളം താമസിച്ചുകഴിഞ്ഞു. നിങ്ങൾ തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പർവതത്തിലേക്കും അതിന്റെ എല്ലാ സമീപദേശങ്ങളായ അരാബാ, മലനാട്, പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങളിലും, തെക്കേദേശം, തീരപ്രദേശം എന്നിവിടങ്ങളിലുള്ള നിവാസികളിലേക്കും മുന്നേറുക. കനാന്യദേശത്തേക്കും ലെബാനോനിലേക്കും യൂഫ്രട്ടീസ് മഹാനദിവരെയും പോകുക. ഇതാ, ഈ ദേശം നിങ്ങൾക്കായി നൽകിയിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിപരമ്പരകൾക്കും നൽകാമെന്ന് യഹോവ ശപഥംചെയ്ത ഈ ദേശം പോയി കൈവശമാക്കുക.”
ന്യായാധിപന്മാരുടെ നിയമനം
യഹോവയുടെ അരുളപ്പാടിനുശേഷം ഞാൻ നിങ്ങളോടു പറഞ്ഞത്: “എനിക്കു തനിയേ വഹിക്കാൻ കഴിയുന്നതിലും അപ്പുറം നിങ്ങൾ അധികമാകുന്നു. 10 ദൈവമായ യഹോവ നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു. ഇന്നു നിങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകിയിരിക്കുന്നു. 11 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ആയിരം മടങ്ങ് വർധിപ്പിച്ച്, അവിടന്ന് വാഗ്ദാനംചെയ്തതുപോലെ അനുഗ്രഹിക്കട്ടെ! 12 എന്നാൽ നിങ്ങളുടെ പ്രശ്നങ്ങളും ഭാരങ്ങളും പരാതികളും എങ്ങനെ ഞാൻ തനിയേ വഹിക്കും? 13 നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് ജ്ഞാനവും വിവേകവുമുള്ള ആദരണീയരായ ചില പുരുഷന്മാരെ തെരഞ്ഞെടുക്കുക. അവരെ ഞാൻ നിങ്ങളുടെ നേതാക്കന്മാരാക്കും.”
14 അതിനു നിങ്ങൾ, “താങ്കൾ നിർദേശിച്ച കാര്യം നല്ലതാകുന്നു” എന്ന് എന്നോട് ഉത്തരം പറഞ്ഞു.
15 അതുകൊണ്ടു ജ്ഞാനികളും ആദരണീയരുമായ പുരുഷന്മാരെ ആയിരംപേർക്ക് അധിപന്മാർ, നൂറുപേർക്ക് അധിപന്മാർ, അൻപതുപേർക്ക് അധിപന്മാർ, പത്തുപേർക്ക് അധിപന്മാർ എന്നിങ്ങനെ നിങ്ങളുടെ നേതാക്കന്മാരായും ഗോത്രങ്ങളുടെ കാര്യസ്ഥന്മാരായും ഞാൻ നിയോഗിച്ചു. 16 അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോട് ഇപ്രകാരമാണു കൽപ്പിച്ചത്, “ഇസ്രായേല്യ സഹോദരങ്ങൾതമ്മിലും ഇസ്രായേല്യരും പ്രവാസികളുമായിട്ടും ഉള്ള തർക്കങ്ങൾകേട്ട് അവർക്കിടയിൽ നീതിയുക്തമായി വിധികൽപ്പിക്കുക. 17 നിങ്ങൾ വിധിക്കുമ്പോൾ മുഖപക്ഷം കാണിക്കരുത്. വലിയവരുടെയും ചെറിയവരുടെയും പ്രശ്നങ്ങൾ ഒരുപോലെ കേൾക്കണം. ന്യായവിധി ദൈവത്തിന്റേതാകുകയാൽ ആരെയും ഭയപ്പെടരുത്. നിങ്ങൾക്ക് പരിഹരിക്കാൻ പ്രയാസമുള്ള പ്രശ്നങ്ങൾ എന്റെ അടുക്കൽ കൊണ്ടുവരിക. അവയ്ക്കു ഞാൻ തീർപ്പുകൽപ്പിക്കും.” 18 നിങ്ങൾ ചെയ്യേണ്ട സകലകാര്യങ്ങളും അന്നു ഞാൻ നിങ്ങളോടു കൽപ്പിച്ചിരുന്നു.
ചാരന്മാരെ അയയ്ക്കുന്നു
19 അതിനുശേഷം, നമ്മുടെ ദൈവമായ യഹോവ നമ്മോടു കൽപ്പിച്ചതുപോലെ, നാം ഹോരേബിൽനിന്ന് യാത്രതിരിച്ച് അമോര്യരുടെ മലനാട്ടിൽക്കൂടെ—നിങ്ങൾ കണ്ട വലുതും ഭയാനകവുമായ മരുഭൂമിവഴി—കാദേശ്-ബർന്നേയയിൽ എത്തി. 20 അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: “നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാട്ടിൽ നിങ്ങൾ എത്തിയിരിക്കുന്നു. 21 ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തതുപോലെ പോയി അതു കൈവശമാക്കിക്കൊൾക. ഭയപ്പെടുകയോ തളർന്നുപോകുകയോ അരുത്.”
22 ആ സമയം നിങ്ങൾ എല്ലാവരും എന്റെ അടുത്തുവന്നു പറഞ്ഞു: “ദേശം പര്യവേക്ഷണംചെയ്തു നാം പോകേണ്ട വഴിയും എത്തിച്ചേരേണ്ട പട്ടണങ്ങളും പറഞ്ഞുതരേണ്ടതിന് ചില പുരുഷന്മാരെ മുൻകൂട്ടി അങ്ങോട്ടയയ്ക്കുക.”
23 അക്കാര്യം നല്ലതെന്ന് എനിക്ക് തോന്നി, അങ്ങനെ ഞാൻ ഓരോ ഗോത്രത്തിൽനിന്നും ഒരാളെവീതം പന്ത്രണ്ടുപേരെ നിങ്ങളിൽനിന്ന് തെരഞ്ഞെടുത്തു. 24 അവർ പുറപ്പെട്ട് മലനാടുവരെയും പോയി എസ്കോൽ താഴ്വരവരെ ദേശം പര്യവേക്ഷണംചെയ്തു. 25 ആ ദേശത്തുനിന്ന് ചില ഫലങ്ങൾ നമ്മുടെ അടുക്കൽ കൊണ്ടുവന്നിട്ട് ദേശത്തെപ്പറ്റി അവർ ഇങ്ങനെ പറഞ്ഞു, “ദൈവമായ യഹോവ നമുക്കു നൽകുന്ന ദേശം നല്ലതാകുന്നു.”
യഹോവയ്ക്കെതിരേ മത്സരം
26 എന്നാൽ നിങ്ങൾ ദൈവമായ യഹോവയുടെ കൽപ്പന എതിർത്തുനിന്നതുകൊണ്ട് അങ്ങോട്ടു കയറിപ്പോകാൻ വിസമ്മതിച്ചു. 27 നിങ്ങൾ കൂടാരങ്ങളിലിരുന്ന് പിറുപിറുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “യഹോവ നമ്മെ വെറുക്കുന്നു. അതുകൊണ്ട് നാം നശിക്കേണ്ടതിന് അമോര്യരുടെ കൈയിൽ നമ്മെ ഏൽപ്പിക്കാനാണ് ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്നത്. 28 നാം എങ്ങോട്ടു കയറിപ്പോകും? ‘അവിടത്തെ ജനം നമ്മെക്കാൾ ബലവാന്മാരും ദീർഘകായരുമാണ്. പട്ടണങ്ങൾ ആകാശംവരെ ഉയർന്ന മതിലുകൾ ഉള്ളവയാണ്, ഞങ്ങൾ അനാക്യരെയും അവിടെ കണ്ടു’ എന്നിങ്ങനെ പറഞ്ഞ് നമ്മുടെ സഹോദരന്മാർ നമ്മുടെ മനോവീര്യം കെടുത്തിക്കളഞ്ഞു.”
29 എന്നാൽ ഞാൻ നിങ്ങളോടു പറഞ്ഞു: “നിങ്ങൾ ഭ്രമിക്കുകയോ; അവരെ ഭയപ്പെടുകയോ അരുത്. 30 നിങ്ങൾക്കുമുമ്പായി പോകുന്ന നിങ്ങളുടെ ദൈവമായ യഹോവ, ഈജിപ്റ്റിൽ നിങ്ങളുടെ കണ്മുമ്പിൽവെച്ചു ചെയ്തതുപോലെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും. 31 മാത്രവുമല്ല, ഒരു പിതാവ് തന്റെ മകനെ വഹിക്കുന്നതുപോലെ, ഇവിടെ എത്തുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ മരുഭൂമിയിൽ നിങ്ങൾ സഞ്ചരിച്ച വഴിയിലെല്ലാം നിങ്ങളെ വഹിച്ചു എന്നു കണ്ടതല്ലേ?”
32-33 ഇതെല്ലാമായിട്ടും, കൂടാരമടിക്കേണ്ട സ്ഥലം അന്വേഷിക്കാനും പോകേണ്ട വഴി കാണിക്കാനുമായി രാത്രി അഗ്നിയായും പകൽ മേഘമായും നിങ്ങൾക്കുമുമ്പായി കടന്നുപോയ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
34 യഹോവ നിങ്ങളുടെ പിറുപിറുപ്പു കേട്ടപ്പോൾ, കോപിച്ചു ശപഥംചെയ്തുപറഞ്ഞു: 35 “യെഫുന്നയുടെ മകനായ കാലേബ് ഒഴികെ ഈ ദുഷ്ടതലമുറയിലെ പുരുഷന്മാരാരും, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു വാഗ്ദാനംചെയ്ത നല്ലദേശം കാണുകയില്ല. അവൻ അതു കാണും. 36 അവൻ യഹോവയെ പൂർണഹൃദയത്തോടെ അനുഗമിച്ചതുകൊണ്ട്, അവൻ നടന്ന് പര്യവേക്ഷണംചെയ്ത ദേശമെല്ലാം ഞാൻ അവനും അവന്റെ സന്തതികൾക്കും കൊടുക്കും.”
37 യഹോവ നിങ്ങൾനിമിത്തം എന്നോടും കോപിച്ച് അരുളിച്ചെയ്തു: “നീയും അവിടെ പ്രവേശിക്കുകയില്ല. 38 എന്നാൽ നിന്റെ സഹശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ പ്രവേശിക്കും. നീ അവനെ ധൈര്യപ്പെടുത്തണം. കാരണം ഇസ്രായേലിന് ആ ദേശം കൈവശപ്പെടുത്തിക്കൊടുക്കുന്നത് അവനായിരിക്കും. 39 മാത്രമല്ല, കൊള്ളയായിപ്പോകുമെന്നു നിങ്ങൾ കരുതിയ നിങ്ങളുടെ കുട്ടികളും നന്മതിന്മകളെക്കുറിച്ച് ഇപ്പോൾ അറിവില്ലാത്തവരുമായ നിങ്ങളുടെ മക്കളുമായിരിക്കും അവിടം കൈവശമാക്കുന്നത്. ഞാൻ ആ ദേശം അവർക്കു കൊടുക്കും. അവർ അതു കൈവശപ്പെടുത്തും. 40 ഇപ്പോഴോ നിങ്ങൾ തിരിഞ്ഞ് ചെങ്കടൽവഴി മരുഭൂമിയിലേക്കു യാത്രചെയ്യുക.”
41 അപ്പോൾ നിങ്ങൾ പറഞ്ഞു: “ഞങ്ങൾ യഹോവയോടു പാപംചെയ്തു. നമ്മുടെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ ഞങ്ങൾ പോയി യുദ്ധംചെയ്യും.” അങ്ങനെ മലമ്പ്രദേശത്തേക്കു കയറിപ്പോകുന്നത് എളുപ്പമെന്നു വിചാരിച്ച് നിങ്ങൾ ഓരോരുത്തരും യുദ്ധത്തിനുള്ള ആയുധങ്ങൾ ധരിച്ചു.
42 എന്നാൽ യഹോവ എന്നോട്, “ ‘നിങ്ങൾ യുദ്ധത്തിനു കയറിപ്പോകുകയോ യുദ്ധംചെയ്യുകയോ അരുത്. കാരണം ഞാൻ നിങ്ങളോടുകൂടെയില്ല. ശത്രുക്കളുടെമുമ്പിൽ നിങ്ങൾ പരാജയപ്പെടും’ എന്ന് അവരോടു പറയുക” എന്നു കൽപ്പിച്ചു.
43 ഞാൻ അങ്ങനെ നിങ്ങളോടു പറഞ്ഞു, എന്നാൽ നിങ്ങൾ അതു കേൾക്കാതെ യഹോവയുടെ കൽപ്പനയോട് എതിർത്ത് സ്വന്തം ഇഷ്ടപ്രകാരം മലമുകളിലേക്കു പടനീക്കി. 44 ആ മലകളിൽ അധിവസിച്ചിരുന്ന അമോര്യർ നിങ്ങൾക്കെതിരേ വന്ന്, തേനീച്ചക്കൂട്ടംപോലെ നിങ്ങളെ സേയീരിൽനിന്ന് ഹോർമാവരെ പിൻതുടർന്ന് തുരത്തിക്കളഞ്ഞു. 45 നിങ്ങൾ മടങ്ങിവന്ന് യഹോവയുടെമുമ്പാകെ കരഞ്ഞു എങ്കിലും യഹോവ നിങ്ങളുടെ നിലവിളി ചെവിക്കൊണ്ടില്ല. 46 അങ്ങനെ കാദേശിൽ താമസിച്ച അത്രയുംകാലം നിങ്ങൾക്ക് അവിടെത്തന്നെ താമസിക്കേണ്ടിവന്നു.
* 1:2 ഹോരേബ്, സീനായി പർവതത്തിന്റെ മറ്റൊരുപേര്. വാ. 1: 6, 19 കാണുക. 1:3 ചന്ദ്രവർഷമനുസരിച്ചുള്ള എബ്രായമാസമാണ്; ഇന്നത്തെ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണിത്.