17
പാറയിൽനിന്ന് വെള്ളം
യഹോവ കൽപ്പിച്ചതനുസരിച്ച് ഇസ്രായേല്യസമൂഹം ഒന്നാകെ സീൻമരുഭൂമിയിൽനിന്ന് യാത്രതിരിച്ചു. അവർ യഹോവയുടെ കൽപ്പനപ്രകാരം പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷം രെഫീദീമിൽ എത്തി; താവളമടിച്ചു. എന്നാൽ അവിടെ ജനത്തിനു കുടിക്കാൻ വെള്ളം ഇല്ലായിരുന്നു. “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ,” എന്നു പറഞ്ഞ് അവർ മോശയോടു കലഹിച്ചു.
മോശ അവരോട്, “നിങ്ങൾ എന്തിനാണ് എന്നോടു കലഹിക്കുന്നത്? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
എന്നാൽ അവിടെവെച്ചു ജനത്തിനു ദാഹിക്കുകയും അവർ മോശയോടു പിറുപിറുക്കുകയും ചെയ്തു. “ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും കന്നുകാലികളും ദാഹിച്ചു മരിക്കേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത് എന്തിന്?” അവർ ചോദിച്ചു.
അപ്പോൾ മോശ യഹോവയോട്, “ഞാൻ ഈ ജനത്തിന് എന്താണു ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയാൻ പോകുന്നു” എന്നു നിലവിളിച്ചു.
അതിനുത്തരമായി, “നീ ജനത്തിനുമുമ്പായി നടക്കുക. ഇസ്രായേലിലെ ഏതാനും ഗോത്രത്തലവന്മാരെയും കൂടെ കൊണ്ടുപോകണം. നീ നൈൽനദിയെ അടിച്ച വടി കൈയിൽ എടുത്തുകൊള്ളണം. അവിടെ ഹോരേബിലെ* പാറമേൽ ഞാൻ നിന്റെ മുമ്പിൽ നിൽക്കും. നീ പാറയെ അടിക്കണം, അതിൽനിന്നു, ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. മോശ ഇസ്രായേല്യ ഗോത്രത്തലവന്മാർ കാൺകെ അങ്ങനെ ചെയ്തു. ഇസ്രായേല്യർ കലഹിക്കുകയും “യഹോവ ഞങ്ങളുടെ മധ്യേയുണ്ടോ ഇല്ലയോ?” എന്നു പറഞ്ഞുകൊണ്ട് യഹോവയെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം ആ സ്ഥലത്തിന് മസ്സാ എന്നും മെരീബാ എന്നും പേരിട്ടു.
അമാലേക്യരെ തോൽപ്പിക്കുന്നു
അമാലേക്യർ വന്ന് രെഫീദീമിൽവെച്ച് ഇസ്രായേല്യരെ ആക്രമിച്ചു. മോശ യോശുവയോട്, “നമ്മുടെ പുരുഷന്മാരിൽ ചിലരെ തെരഞ്ഞെടുത്തുകൊണ്ട് അമാലേക്യരോടു പൊരുതാൻ പുറപ്പെടുക. ദൈവത്തിന്റെ വടി കൈയിൽ പിടിച്ചുകൊണ്ടു നാളെ ഞാൻ കുന്നിൻമുകളിൽ നിൽക്കും” എന്നു പറഞ്ഞു.
10 മോശ ആജ്ഞാപിച്ചതനുസരിച്ചു യോശുവ അമാലേക്യരോടു പോരാടി. മോശയും അഹരോനും ഹൂരും കുന്നിൻമുകളിലേക്കു പോയി. 11 മോശ തന്റെ കൈ ഉയർത്തിപ്പിടിക്കുമ്പോൾ ഇസ്രായേല്യർ ജയിക്കും; കൈ താഴ്ത്തുമ്പോൾ അമാലേക്യർ ജയിക്കും. 12 മോശയുടെ കൈകൾ കുഴഞ്ഞപ്പോൾ അവർ ഒരു കല്ല് അദ്ദേഹത്തിന്റെ അടുക്കൽ വെക്കുകയും അദ്ദേഹം അതിൽ ഇരിക്കുകയും ചെയ്തു. അഹരോനും ഹൂരും—ഒരാൾ ഒരുവശത്തും മറ്റേയാൾ മറ്റേവശത്തും നിന്ന്—അദ്ദേഹത്തിന്റെ കൈകളെ ഉയർത്തിപ്പിടിച്ചു; അങ്ങനെ, സൂര്യാസ്തമയംവരെ അദ്ദേഹത്തിന്റെ കൈകൾ നേരേ നിന്നു. 13 യോശുവ അമാലേക്യസൈന്യത്തെ വാൾകൊണ്ടു കീഴടക്കി.
14 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ അമാലേക്യരുടെ ഓർമ ആകാശത്തിൻകീഴിൽനിന്ന് നിശ്ശേഷം മായിച്ചുകളയും. അതുകൊണ്ടു നീ അവിസ്മരണീയമായ ഒരു കാര്യം എന്ന നിലയ്ക്ക് ഇത് ഒരു ചുരുളിൽ എഴുതിവെക്കണം; യോശുവ അതു നിശ്ചയമായും കേൾക്കുകയും വേണം.”
15 മോശ ഒരു യാഗപീഠം പണിത് അതിനു “യഹോവ നിസ്സി”§ എന്നു പേരിട്ടു. 16 “യഹോവയുടെ സിംഹാസനത്തിലേക്കു* കൈകൾ ഉയർത്തപ്പെടുമെന്നും, യഹോവ അമാലേക്യരോടു തലമുറതലമുറയായി യുദ്ധംചെയ്യും” എന്നും അദ്ദേഹം പറഞ്ഞു.
* 17:6 സീനായി പർവതത്തിന്റെ മറ്റൊരുപേര്. 17:7 പരീക്ഷ എന്നർഥം. 17:7 കലഹം എന്നർഥം. § 17:15 യഹോവ എന്റെ കൊടി എന്നർഥം, * 17:16 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.