9
കന്നുകാലികളുടെമേൽ ഉണ്ടായ ബാധ
ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു, നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോടു പറയുക, എബ്രായരുടെ ദൈവമായ യഹോവ, “എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക” എന്ന് അരുളിച്ചെയ്യുന്നു. നീ അവരെ വിട്ടയയ്ക്കാതെ തടയുകയാണെങ്കിൽ യഹോവയുടെ കൈ നിന്റെ വയലിലുള്ള ജീവജാലങ്ങളുടെമേൽ—നിന്റെ കുതിരകളുടെയും കഴുതകളുടെയും ഒട്ടകങ്ങളുടെയും കന്നുകാലികളുടെയും ചെമ്മരിയാടുകളുടെയും കോലാടുകളുടെയുംമേൽ—ഭയാനകമായ ഒരു ബാധ വരുത്തും. എന്നാൽ ഇസ്രായേലിന്റെ കന്നുകാലികൾക്കും ഈജിപ്റ്റിന്റെ കന്നുകാലികൾക്കുംതമ്മിൽ യഹോവ ഒരു വ്യത്യാസം വെക്കും; ഇസ്രായേൽമക്കളുടെ കന്നുകാലികളിൽ ഒന്നും ചാകുകയില്ല.
യഹോവ സമയം നിശ്ചയിച്ചിട്ട് ഇപ്രകാരം അരുളിച്ചെയ്തു, “യഹോവ നാളെ ഈ ദേശത്ത് ഇതുചെയ്യും.” പിറ്റേന്ന് യഹോവ അങ്ങനെതന്നെ ചെയ്തു; ഈജിപ്റ്റുകാരുടെ വളർത്തുമൃഗങ്ങൾ എല്ലാം ചത്തൊടുങ്ങി, എന്നാൽ ഇസ്രായേൽമക്കളുടെ മൃഗങ്ങളൊന്നും ചത്തില്ല. ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒരെണ്ണംപോലും ചത്തില്ല എന്നു ഫറവോൻ നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കി. എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അയാൾ ജനത്തെ വിട്ടയച്ചതുമില്ല.
പരു എന്ന ബാധ
ഈ സംഭവത്തിനുശേഷം യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “അടുപ്പിൽനിന്ന് കൈനിറയെ ചാരം എടുക്കണം; അതു ഫറവോന്റെ മുമ്പിൽവെച്ച് മോശ ആകാശത്തിൽ വിതറട്ടെ. അത് ഈജിപ്റ്റുദേശം മുഴുവൻ ധൂളിയായി വ്യാപിച്ച്, ദേശം മുഴുവനുമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കളായിത്തീരും.”
10 അങ്ങനെ അവർ അടുപ്പിൽനിന്ന് ചാരമെടുത്തുകൊണ്ട് ഫറവോന്റെ മുമ്പിൽനിന്നു. മോശ അത് ആകാശത്തേക്കു വിതറി; മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കൾ ഉണ്ടായി. 11 മന്ത്രവാദികൾക്കു മോശയുടെമുമ്പിൽ നിൽക്കാൻ കഴിഞ്ഞില്ല; അവരുടെയും സകല ഈജിപ്റ്റുകാരുടെയുംമേൽ പരു ഉണ്ടായിരുന്നു. 12 എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; യഹോവ മോശയോട് അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു കേട്ടില്ല.
കന്മഴയുടെ ബാധ
13 യഹോവ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പിൽ ചെന്നുനിന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക. 14 അല്ലെങ്കിൽ ഇത്തവണ ഞാൻ എന്റെ സകലബാധകളും പൂർണശക്തിയോടെ നിന്റെയും ഉദ്യോഗസ്ഥരുടെയും ജനത്തിന്റെയും നേർക്ക് അയയ്ക്കും. സർവഭൂമിയിലും എനിക്കു തുല്യനായി ആരുമില്ല എന്നു നീ അങ്ങനെ അറിയും. 15 ഇപ്പോൾത്തന്നെ എന്റെ കൈനീട്ടി നിന്നെയും നിന്റെ ജനത്തെയും ബാധയാൽ ദണ്ഡിപ്പിച്ച് ഭൂമിയിൽനിന്ന് തുടച്ചുനീക്കാമായിരുന്നു. 16 എന്റെ ശക്തി നിനക്കു കാണിച്ചുതരികയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു.* 17 നീ ഇപ്പോഴും എന്റെ ജനത്തിനു വിരോധമായിനിന്ന് അവരെ വിട്ടയയ്ക്കാതിരിക്കുന്നു. 18 അതുകൊണ്ടു നാളെ ഈ നേരത്ത്, ഈജിപ്റ്റിന്റെ സ്ഥാപനംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ഭയങ്കരമായ കന്മഴ ഞാൻ അയയ്ക്കും. 19 നിങ്ങളുടെ കന്നുകാലികളെയും വയലിൽ നിങ്ങൾക്കുള്ള സകലതിനെയും ഒരു അഭയസ്ഥാനത്തേക്കു കൊണ്ടുവരാൻ ഇപ്പോൾ ആജ്ഞ പുറപ്പെടുവിക്കുക; അകത്തുകൊണ്ടുവരാതെ വയലിൽത്തന്നെ ആയിരിക്കുന്ന സകലമനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ ആ കന്മഴ ചൊരിയും.’ ”
20 ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും തിടുക്കത്തിൽ അകത്തുകൊണ്ടുവന്നു. 21 യഹോവയുടെ വചനത്തെ അവഗണിച്ചവരോ, തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും വയലിൽത്തന്നെ വിട്ടിരുന്നു.
22 ഇതിനുശേഷം യഹോവ മോശയോട്, “ഈജിപ്റ്റിലെങ്ങും—മനുഷ്യരുടെയും മൃഗങ്ങളുടെയും ഈജിപ്റ്റിലെ വയലുകളിൽ വളരുന്ന സകലതിന്മേലും—കന്മഴ പെയ്യേണ്ടതിനു നിന്റെ കൈ ആകാശത്തേക്കു നീട്ടുക” എന്ന് അരുളിച്ചെയ്തു. 23 മോശ തന്റെ വടി ആകാശത്തേക്കു നീട്ടിയപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു, ഇടിമിന്നൽ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. അങ്ങനെ യഹോവ ഈജിപ്റ്റുദേശത്തിന്മേൽ കന്മഴ പെയ്യിച്ചു; 24 കൽത്തുണ്ടുകൾ വീഴുകയും മിന്നൽ അങ്ങോട്ടും ഇങ്ങോട്ടും പായുകയും ചെയ്തു. ഈജിപ്റ്റ് ഒരു ദേശമായിത്തീർന്നതിനുശേഷം ഇപ്രകാരം തീവ്രമായ ഒരു കന്മഴ ഉണ്ടായിട്ടില്ല. 25 ഈജിപ്റ്റിലുടനീളം, വയലുകളിലുള്ള സകലതിനെയും—മനുഷ്യരെയും മൃഗങ്ങളെയും കന്മഴ തകർത്തു; വയലിലെ സസ്യങ്ങളെയെല്ലാം അതു നശിപ്പിച്ചു. മരങ്ങളെ തകർത്തുകളഞ്ഞു. 26 ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെനിൽമാത്രം കന്മഴ പെയ്തില്ല.
27 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “ഇപ്പോൾ ഞാൻ പാപം ചെയ്തുപോയി,” അയാൾ അവരോടു പറഞ്ഞു. “യഹോവ നീതിയുള്ളവൻ, എനിക്കും എന്റെ ജനത്തിനും തെറ്റുപറ്റിയിരിക്കുന്നു. 28 യഹോവയോടു പ്രാർഥിപ്പിൻ; ഇടിയും കന്മഴയും ഞങ്ങൾക്കു സഹിക്കാവുന്നതിൽ അപ്പുറമായിരിക്കുന്നു! ഞാൻ നിങ്ങളെ വിട്ടയച്ചേക്കാം, നിങ്ങളെ ഇനി താമസിപ്പിക്കുകയില്ല.”
29 അതിന് മോശ, “പട്ടണത്തിനു പുറത്തു കടന്നതിനുശേഷം ഞാൻ എന്റെ കൈകൾ നിവർത്തി യഹോവയോടു പ്രാർഥിക്കും. ഇടിമുഴക്കം നിലയ്ക്കും, കന്മഴ ഇനിമേൽ പെയ്യുകയില്ല; ഭൂമി യഹോവയുടേതാണെന്നു താങ്കൾ അറിയും. 30 എന്നാൽ താങ്കളും താങ്കളുടെ ഉദ്യോഗസ്ഥരും ഇപ്പോഴും യഹോവയായ ദൈവത്തെ ഭയപ്പെടുന്നില്ല എന്നു ഞാൻ മനസ്സിലാക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
31 ചണവും യവവും നശിച്ചു. യവം കതിരിടുകയും ചണം പൂക്കുകയും ചെയ്തിരുന്നു. 32 ഗോതമ്പും ചോളവും വിളയുന്നതിനു കാലതാമസം ഉണ്ടായിരുന്നതുകൊണ്ട് അവ നശിച്ചില്ല.
33 ഇതിനെത്തുടന്ന് മോശ ഫറവോനെ വിട്ടു നഗരത്തിനു പുറത്തുകടന്നു. അദ്ദേഹം യഹോവയിലേക്കു കൈകൾ മലർത്തി; ഇടിമുഴക്കവും കന്മഴയും നിലച്ചു. പിന്നീടു ദേശത്തു മഴ പെയ്തില്ല. 34 മഴയും കന്മഴയും ഇടിയും നിന്നു എന്നുകണ്ടപ്പോൾ ഫറവോൻ വീണ്ടും പാപംചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഹൃദയം കഠിനമാക്കി. 35 അങ്ങനെ, യഹോവ മോശമുഖേന അരുളിച്ചെയ്തിരുന്നതുപോലെതന്നെ ഫറവോന്റെ ഹൃദയം കഠിനമായി. അദ്ദേഹം ഇസ്രായേൽമക്കളെ പോകാൻ അനുവദിച്ചതുമില്ല.
* 9:16 അഥവാ, സംരക്ഷിച്ചിരിക്കുന്നു.