4
ആ കാലത്ത് ഏഴു സ്ത്രീകൾ
ഒരു പുരുഷനെ പിടികൂടി,
“ഞങ്ങൾ സ്വന്തം അപ്പം തിന്നുകയും
സ്വന്തവസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം;
നിന്റെ പേരുമാത്രം ഞങ്ങൾക്കു നൽകി
ഞങ്ങളുടെ അപമാനം നീക്കിക്കളയുക!” എന്നു പറയും.
യഹോവയുടെ ശാഖ
ആ ദിവസത്തിൽ യഹോവയുടെ ശാഖ മനോഹരവും മഹത്ത്വപൂർണവുമായിരിക്കും. ഭൂമിയുടെ ഫലം ഇസ്രായേലിൽ ശേഷിക്കുന്നവർക്ക് അഭിമാനവും അലങ്കാരവുമായിരിക്കും. സീയോനിൽ ശേഷിച്ചിരിക്കുന്നവരും ജെറുശലേമിൽ അവശേഷിക്കുന്നവരുമായി, ജെറുശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവരും വിശുദ്ധർ എന്നു വിളിക്കപ്പെടും. കർത്താവ് സീയോൻപുത്രിമാരുടെ അശുദ്ധിയും ജെറുശലേമിന്റെ രക്തപാതകവും ന്യായവിധിയുടെ ആത്മാവുകൊണ്ടും അഗ്നിയുടെ ആത്മാവുകൊണ്ടും കഴുകിക്കളയും. അന്നു യഹോവ സീയോൻപർവതത്തിലെ സകലവാസസ്ഥലങ്ങളിന്മീതേയും അവിടെ കൂടിവരുന്ന എല്ലാവരുടെയുംമീതേയും പകൽസമയത്ത് പുകയുടെ ഒരു മേഘവും രാത്രിയിൽ അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; എല്ലാറ്റിന്റെയുംമീതേ തേജസ്സ് ഒരു വിതാനമായിരിക്കും. പകൽസമയത്തെ ചൂടിൽനിന്ന് ഒരു തണലും അഭയവും കൊടുങ്കാറ്റിൽനിന്നും മഴയിൽനിന്നുമുള്ള ഒരു മറവിടവും സങ്കേതവും ആയിരിക്കും അത്.