5
1 “ഇപ്പോൾത്തന്നെ വിളിച്ചുചോദിക്കുക; പക്ഷേ, ആരാണ് നിനക്ക് ഉത്തരം നൽകുക?
വിശുദ്ധരിൽ ആരുടെ മുമ്പിലാണ് നീ ശരണാർഥിയാകുന്നത്?
2 നീരസം ഭോഷരെ കൊല്ലുന്നു;
അസൂയ ബുദ്ധിഹീനരെ നശിപ്പിക്കുന്നു.
3 ഭോഷർ തഴച്ചുവളരുന്നതു ഞാൻ കണ്ടിട്ടുണ്ട്,
എന്നാൽ അവരുടെ വാസസ്ഥലം ധൃതഗതിയിൽ ശാപഗ്രസ്തമാക്കപ്പെടുന്നു.
4 അവരുടെ മക്കൾക്ക് സുരക്ഷിതത്വം അന്യമായിരിക്കുന്നു,
അവർക്കുവേണ്ടി വാദിക്കാൻ ആരും ഇല്ലാത്തതിനാൽ കോടതിയിൽവെച്ച് അവർ തകർക്കപ്പെടുന്നു.
5 അവരുടെ വിളവ് വിശപ്പുള്ളവർ വിഴുങ്ങിക്കളയുന്നു,
മുൾച്ചെടിയുടെ ഫലംപോലും അവർ അപഹരിക്കുന്നു,
അവരുടെ സമ്പത്തിനായി ദാഹാർത്തർ കിതയ്ക്കുന്നു.
6 കഷ്ടത പൂഴിയിൽനിന്നു മുളച്ചുപൊങ്ങുന്നില്ല,
അനർഥം ഭൂമിയിൽനിന്നു നാമ്പെടുക്കുന്നതുമില്ല.
7 തീപ്പൊരി മുകളിലേക്കു പാറുന്നതുപോലെ
മനുഷ്യൻ കഷ്ടതയിലേക്കു പിറന്നുവീഴുന്നു.
8 “എന്നാൽ ഞാൻ നിന്റെ സ്ഥാനത്തായിരുന്നെങ്കിൽ, ഞാൻ ദൈവത്തെ അന്വേഷിക്കുമായിരുന്നു;
എന്റെ സങ്കടം അവിടത്തെ മുമ്പിൽ സമർപ്പിക്കുമായിരുന്നു.
9 അളക്കാൻ സാധിക്കാത്ത വൻകാര്യങ്ങളും
അസംഖ്യം അത്ഭുതങ്ങളും അവിടന്ന് പ്രവർത്തിക്കുന്നു.
10 അവിടന്ന് ഭൂമിയിൽ മഴപെയ്യിക്കുകയും
വയലുകളെ ജലധാരയാൽ അനുഗ്രഹിക്കുകയും ചെയ്യുന്നു.
11 അവിടന്ന് എളിയവരെ ഉദ്ധരിക്കുകയും
വിലപിക്കുന്നവരെ സുരക്ഷിതസ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്യുന്നു.
12 അവിടന്ന് കൗശലക്കാരുടെ പദ്ധതികൾ തകിടംമറിക്കുന്നു;
അതുകൊണ്ട് അവരുടെ കൈകൾ വിജയം കൈവരിക്കാതെ പോകുന്നു.
13 അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു;
സൂത്രശാലികളുടെ ആസൂത്രണങ്ങൾ വേഗത്തിൽത്തന്നെ പാളിപ്പോകുന്നു.
14 പകൽസമയത്ത് ഇരുട്ട് അവരെ മൂടുന്നു;
മധ്യാഹ്നത്തിൽ രാത്രിയിലെന്നപോലെ അവർ തപ്പിനടക്കുന്നു.
15 അവിടന്ന് ദരിദ്രരെ സൂത്രശാലികളുടെ മൂർച്ചയേറിയ വാക്കുകളിൽനിന്നും
ബലവാന്മാരുടെ കൈയിൽനിന്നും സംരക്ഷിക്കുന്നു.
16 അതിനാൽ ദരിദ്രർക്കു പ്രത്യാശയുണ്ട്;
അനീതിയോ, അതിന്റെ വായ് പൊത്തുന്നു.
17 “നോക്കൂ, ദൈവം ശാസിക്കുന്ന മനുഷ്യൻ എത്ര അനുഗ്രഹിക്കപ്പെട്ടവൻ;
അതിനാൽ സർവശക്തന്റെ ശിക്ഷണം നീ നിന്ദിക്കരുത്.
18 അവിടന്ന് മുറിവേൽപ്പിക്കുകയും അവിടന്നുതന്നെ മുറിവുകെട്ടുകയും ചെയ്യുന്നു;
അവിടന്ന് പ്രഹരിക്കുകയും അവിടത്തെ കരം സൗഖ്യം നൽകുകയുംചെയ്യുന്നു.
19 ആറു ദുരന്തങ്ങളിൽനിന്നും അവിടന്ന് നിന്നെ കരകയറ്റും;
ഏഴാമത്തേതിൽ ഒരു തിന്മയും നിന്നെ സ്പർശിക്കുകയില്ല.
20 ക്ഷാമകാലത്ത് അവിടന്ന് നിന്നെ മരണത്തിൽനിന്നു വിടുവിക്കും,
യുദ്ധമുഖത്ത് വാളിന്റെ വായ്ത്തലയിൽനിന്നും.
21 നാവുകൊണ്ടുള്ള പ്രഹരങ്ങളിൽനിന്നു നീ മറയ്ക്കപ്പെടും
വിനാശം വരുമ്പോൾ നീ ഭയപ്പെടേണ്ടതുമില്ല.
22 നാശത്തെയും ക്ഷാമത്തെയും നീ പരിഹസിക്കും;
വന്യമൃഗങ്ങളെ നീ ഭയപ്പെടേണ്ടതുമില്ല.
23 നിലത്തെ കല്ലുകളോടുപോലും നിനക്കു സഖ്യമുണ്ടാകും;
കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.
24 നിന്റെ കൂടാരം സുരക്ഷിതമെന്നു നീ അറിയും;
നീ സമ്പത്ത് പരിശോധിക്കുമ്പോൾ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.
25 നിന്റെ മക്കൾ അനേകമെന്നും
നിന്റെ സന്തതികൾ ഭൂമിയിലെ പുല്ലുപോലെയെന്നും നീ മനസ്സിലാക്കും.
26 വിളഞ്ഞ കറ്റകൾ തക്കസമയത്ത് അടുക്കിവെക്കുന്നതുപോലെ
പൂർണവാർധക്യത്തിൽ നീ കല്ലറയിലേക്ക് ആനയിക്കപ്പെടും.
27 “ഇവയെല്ലാം ഞങ്ങൾ അന്വേഷിച്ചറിഞ്ഞു, അവ വാസ്തവമാണുതാനും.
എന്റെ ഉപദേശം കേൾക്കുക, നിന്റെ നന്മയ്ക്കായി അതു പ്രാവർത്തികമാക്കുക.”