2
ബോക്കീമിലെ യഹോവയുടെ ദൂതൻ
യഹോവയുടെ ദൂതൻ ഗിൽഗാലിൽനിന്ന് ബോക്കീമിലേക്കു ചെന്നു പറഞ്ഞതു: “ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു. ‘നിങ്ങളോടുള്ള എന്റെ നിയമം ഞാൻ ഒരിക്കലും ലംഘിക്കുകയില്ല എന്നും നിങ്ങൾ ഈ ദേശവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയണം’ എന്നും കൽപ്പിച്ചിരുന്നു; എന്നാൽ നിങ്ങൾ എന്റെ വചനം അനുസരിച്ചില്ല; ഇങ്ങനെ നിങ്ങൾ ചെയ്തത് എന്തുകൊണ്ട്? അതുകൊണ്ട്, ‘ഞാൻ അവരെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ല; അവർ നിങ്ങളുടെ വശങ്ങളിൽ* മുള്ളായിരിക്കുകയും അവരുടെ ദേവന്മാർ നിങ്ങൾക്കൊരു കെണിയാകുകയും ചെയ്യും.’ ”
യഹോവയുടെ ദൂതൻ ഈ വചനം എല്ലാ ഇസ്രായേൽമക്കളെയും അറിയിച്ചപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു. അവർ ആ സ്ഥലത്തിന്നു ബോക്കീം എന്നു പേരിട്ടു; അവിടെ യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു.
അനുസരണക്കേടും പരാജയവും
യോശുവ ഇസ്രായേൽജനത്തെ പറഞ്ഞയച്ചശേഷം, ഓരോ ഗോത്രവും അവരവർക്ക് അവകാശമായി നൽകപ്പെട്ടിരുന്നു ദേശം കൈവശമാക്കാൻ പുറപ്പെട്ടു. യോശുവയുടെ ജീവകാലംമുഴുവനും അദ്ദേഹത്തിനുശേഷം യഹോവ ഇസ്രായേലിനു ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിട്ടു കണ്ടിട്ടുള്ള ഗോത്രത്തലവന്മാരുടെ ജീവകാലംമുഴുവനും ജനം യഹോവയെ സേവിച്ചു.
നൂന്റെ മകനും യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അദ്ദേഹത്തെ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-ഹേരസിൽ ഗായശുമലയുടെ വടക്കുവശത്ത് അദ്ദേഹത്തിന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
10 ഇതിനുശേഷം ആ തലമുറ മുഴുവനും തങ്ങളുടെ പിതാക്കന്മാരോടുചേർന്നു; അവർക്കുശേഷം യഹോവയെയോ അവിടന്ന് ഇസ്രായേലിനു ചെയ്തിട്ടുള്ള മഹാപ്രവൃത്തികളെയോ അറിയാത്ത മറ്റൊരു തലമുറ വളർന്നുവന്നു. 11 ആ കാലഘട്ടത്തിൽ ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു; ബാൽവിഗ്രഹങ്ങളെ സേവിച്ചു. 12 തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്ന് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു. അവർ തങ്ങൾക്കുചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ വിവിധദേവന്മാരുടെ പിന്നാലെചെന്ന് അവയെ നമസ്കരിച്ച്, യഹോവയെ പ്രകോപിപ്പിച്ചു. 13 അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തരോത്ത് പ്രതിഷ്ഠകളെയും സേവിച്ചു. 14 യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു; അവിടന്ന് അവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ചു, അവർ അവരെ കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു; ശത്രുക്കൾക്കെതിരേ ചെറുത്തുനിൽക്കാൻ അവർക്കു കഴിഞ്ഞതേയില്ല. 15 യഹോവ അവരോടു ശപഥംചെയ്തിരുന്നതുപോലെ, യുദ്ധത്തിനു ചെല്ലുന്നിടത്തൊക്കെയും തോൽവിയുണ്ടാകത്തക്കവണ്ണം യഹോവയുടെ കരം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടതയുണ്ടായി.
16 അപ്പോൾ യഹോവ ന്യായാധിപന്മാരെ§ എഴുന്നേൽപ്പിച്ചു; അവർ കവർച്ചക്കാരുടെ കൈയിൽനിന്ന് ഇസ്രായേൽജനത്തെ രക്ഷിച്ചു. 17 എങ്കിലും അവർ തങ്ങളുടെ ന്യായാധിപന്മാരെ അനുസരിക്കാതെ അന്യദേവന്മാരോടു പരസംഗംചെയ്ത് അവരെ ഭജിച്ചുവന്നു. യഹോവയുടെ കൽപ്പനകൾ അനുസരിച്ചു നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളെ അവർ അതിവേഗം വിട്ടുമാറി; അവരെ അനുകരിച്ചതുമില്ല. 18 യഹോവ അവർക്കുവേണ്ടി ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുമ്പോൾ യഹോവ അതതു ന്യായാധിപന്മാരോടുകൂടെയിരുന്ന് അവരുടെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും. തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവർ നിമിത്തമുള്ള അവരുടെ നിലവിളികേട്ട് യഹോവയ്ക്ക് അവരിൽ മനസ്സലിവു തോന്നുന്നതുകൊണ്ടാണ് അവിടന്ന് ഇപ്രകാരംചെയ്യുന്നത്. 19 എന്നാൽ ആ ന്യായാധിപന്റെ മരണത്തിനുശേഷം അവർ വീണ്ടും അന്യദേവന്മാരെ സേവിച്ചും നമസ്കരിച്ചുംകൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദുഷ്ടത പ്രവർത്തിക്കും; അവർ തങ്ങളുടെ ഹീനകൃത്യങ്ങളും ദുശ്ശാഠ്യജീവിതവും ഉപേക്ഷിക്കാൻ വിസമ്മതിച്ചു.
20 അതുകൊണ്ട് യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു: “ഈ ജനത അവരുടെ പിതാക്കന്മാരോടു ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി ലംഘിച്ചു; എന്റെ കൽപ്പനകൾ അവഗണിച്ചു. 21-22 അതിനാൽ അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനുസരിച്ചു നടക്കുമോ ഇല്ലയോ എന്ന് ഇസ്രായേലിനെ പരീക്ഷിക്കേണ്ടതിന്, യോശുവ മരിക്കുമ്പോൾ കീഴ്പ്പെടുത്താതിരുന്ന ജനതകളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ല,” എന്ന് അവിടന്ന് അരുളിച്ചെയ്തു. 23 അതുകൊണ്ട് യഹോവ ആ ജനതകളെ അവിടെത്തന്നെ തുടരാൻ അനുവദിച്ചു; അവരെ വേഗത്തിൽ നീക്കിക്കളയുന്നതിനായി യോശുവയുടെ കൈയിൽ ഏൽപ്പിക്കാതെയുമിരുന്നു.
* 2:3 സംഖ്യ. 33:55 കാണുക. 2:5 കരയുന്നവർ എന്നർഥം. 2:9 തിമ്നത്ത്-സേരഹ് എന്നും അറിയപ്പെടുന്നു; യോശു. 19:50; 24:30 § 2:16 അഥവാ, നേതാക്കന്മാരെ