21
വിധവയുടെ വഴിപാട്
യേശു തലയുയർത്തിനോക്കി, ധനികർ ദൈവാലയഭണ്ഡാരത്തിൽ പണം അർപ്പിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചു. അപ്പോൾ ദരിദ്രയായ ഒരു വിധവ അവിടെ വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ അർപ്പിക്കുന്നതും അദ്ദേഹം കണ്ടു. “ഈ ദരിദ്രയായ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ അർപ്പിച്ചിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. മറ്റെല്ലാവരും അവരുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചിരിക്കുന്നത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽനിന്ന്, അവളുടെ ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
യുഗാവസാനലക്ഷണങ്ങൾ
ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അതു മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു: “നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപൊത്തുന്ന കാലം വരുന്നു.”
“ഗുരോ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന്റെ ലക്ഷണം എന്തായിരിക്കും?” അവർ ചോദിച്ചു.
അദ്ദേഹം അതിനു മറുപടി ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’* എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്. നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.”
10 അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. 11 വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും.
12 “എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും. 13 അതു നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും. 14 അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല. 15 എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും. 16 മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും. 17 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. 18 എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല. 19 നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.
20 “സൈന്യം ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്നു നിങ്ങൾക്കറിയാൻ കഴിയും. 21 അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ടു പുറത്തിറങ്ങി വരട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ. 22 കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്. 23 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരേ ക്രോധവും ഉണ്ടാകും. 24 അവരിൽ അനേകരെ വാളിനിരയാക്കുകയും മറ്റുള്ളവരെ സകലരാഷ്ട്രങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും. യെഹൂദേതരർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലം പൂർത്തിയാകുംവരെ അവർ ജെറുശലേമിനെ ചവിട്ടിയരയ്ക്കും.
25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ചിഹ്നങ്ങൾ ഉണ്ടാകും; കടലിന്റെയും ഭീകരതിരമാലകളുടെയും ഗർജനത്താൽ ഭൂമിയിലെ ജനസഞ്ചയങ്ങൾ നടുങ്ങി പരിഭ്രമിക്കും. 26 ആകാശഗോളങ്ങൾ സ്വസ്ഥാനത്തുനിന്നു വ്യതിചലിക്കുന്നതുകൊണ്ട് ലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന സംഭ്രമത്തോടെ മനുഷ്യർ ഭീതിപൂണ്ട് ബോധരഹിതരായി നിപതിക്കും. 27 അപ്പോൾ ശക്തിയോടും മഹാതേജസ്സോടുംകൂടെ മനുഷ്യപുത്രൻ (ഞാൻ) മേഘത്തിൽ വരുന്നത് എല്ലാവരും ദർശിക്കും. 28 ഇക്കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ, ധൈര്യപൂർവം നിവർന്നുനിൽക്കുക; നിങ്ങളുടെ വിമോചനം സമീപമായിരിക്കുന്നു!”
29 പിന്നെ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറ്റു വൃക്ഷങ്ങളെയും ശ്രദ്ധിച്ചുനോക്കുക; 30 അവ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്ന് ആരും പറയാതെതന്നെ നിങ്ങൾ ഗ്രഹിക്കുന്നല്ലോ. 31 അതുപോലെതന്നെ, ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യവും ആസന്നമായിരിക്കുന്നെന്നു നിങ്ങൾക്കു മനസ്സിലാക്കാം.
32 “ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം. 33 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
34 “സൂക്ഷിക്കുക! സുഖലോലുപതയിലും മദ്യാസക്തിയിലും മതിമറന്നും, ജീവിതോത്കണ്ഠയിൽ ആമഗ്നരായും മന്ദമനസ്ക്കരായിത്തീർന്നിട്ട് ആ നാൾ ഒരു കെണി എന്നപോലെ തികച്ചും അപ്രതീക്ഷിതമായി നിങ്ങൾക്കു വരാതിരിക്കട്ടെ. 35 ആ ദിവസം സകലഭൂവാസികളുടെമേലും വരും. 36 എപ്പോഴും പ്രാർഥനാനിരതരായി ജാഗ്രതയോടിരിക്കുക! താമസംവിനാ സംഭവിക്കാനിരിക്കുന്ന ഈ ഭീകരാനുഭവങ്ങളിൽനിന്നെല്ലാം രക്ഷനേടാൻ സുശക്തരാകുന്നതിനും മനുഷ്യപുത്രന്റെ മുമ്പാകെ നിർലജ്ജം നിൽക്കുന്നതിനും അപ്പോൾ നിങ്ങൾക്കു കഴിയും.”
37 യേശു പകലെല്ലാം ദൈവാലയത്തിൽ ഉപദേശിക്കുകയും സന്ധ്യയാകുമ്പോൾ ഒലിവുമലയിൽ ചെന്നു രാപാർക്കുകയും ചെയ്തുവന്നു. 38 അദ്ദേഹത്തിന്റെ വചനം കേൾക്കേണ്ടതിന് ജനമെല്ലാം അതിരാവിലെതന്നെ എഴുന്നേറ്റ് ദൈവാലയത്തിൽ വന്നുകൊണ്ടിരുന്നു.
* 21:8 ഞാൻ ആകുന്നവൻ ഞാൻ ആകുന്നു, എന്ന് യഹോവയായ ദൈവം മോശയ്ക്ക് മുൾപ്പടർപ്പിൽവെച്ച് വെളിപ്പെട്ടപ്പോൾ ഉപയോഗിച്ച അതേ പദഘടന. 21:32 അഥവാ, ജനത