2
ഭോജനയാഗം
“ ‘ഒരാൾ യഹോവയ്ക്ക് ഒരു ഭോജനയാഗം അർപ്പിക്കുമ്പോൾ അയാളുടെ വഴിപാട് നേരിയമാവ് ആയിരിക്കണം. അയാൾ അതിന്മേൽ ഒലിവെണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം. അത് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ഒരുപിടി നേരിയമാവും എണ്ണയും, കുന്തിരിക്കം മുഴുവനും എടുത്ത്, അത് ഒരു സ്മാരകഭാഗമായി* യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം. ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അത് ഏറ്റവും വിശുദ്ധമാണ്.
“ ‘അടുപ്പിൽ ചുട്ട ഭോജനയാഗമാണ് നിങ്ങൾ അർപ്പിക്കുന്നതെങ്കിൽ, അതു പുളിപ്പിക്കാത്ത നേരിയമാവുകൊണ്ടുള്ളതാകണം; ഒലിവെണ്ണചേർത്ത പുളിപ്പില്ലാത്ത ദോശയോ പുളിപ്പിക്കാതെ ഒലിവെണ്ണ പുരട്ടിയുണ്ടാക്കിയ വടകളോ ആയിരിക്കണം. നിങ്ങളുടെ ഭോജനയാഗം അപ്പച്ചട്ടിയിൽ ചുട്ടതാണെങ്കിൽ നേരിയമാവ് പുളിപ്പിക്കാതെ എണ്ണചേർത്ത് ഉണ്ടാക്കിയതായിരിക്കണം. അതു കഷണങ്ങളായി മുറിച്ച് അതിന്മേൽ എണ്ണ ഒഴിക്കണം; അതു ഭോജനയാഗം. നിങ്ങളുടെ ഭോജനയാഗം ഉരുളിയിൽ പാകംചെയ്തതാണെങ്കിൽ, അതു നേരിയമാവും ഒലിവെണ്ണയും ചേർത്തുണ്ടാക്കിയതായിരിക്കണം. ഇവകൊണ്ടുണ്ടാക്കിയ ഭോജനയാഗം യഹോവയ്ക്ക് അർപ്പിക്കണം; അതു പുരോഹിതനെ ഏൽപ്പിക്കണം; അദ്ദേഹം അതു യാഗപീഠത്തിൽ കൊണ്ടുവരണം. അദ്ദേഹം ഭോജനയാഗത്തിൽനിന്ന് സ്മാരകഭാഗം എടുത്തു യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കണം. 10 ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
11 “ ‘യഹോവയ്ക്കു നിങ്ങൾ അർപ്പിക്കുന്ന ഭോജനയാഗങ്ങളിലൊന്നിനും പുളിപ്പുണ്ടായിരിക്കരുത്; പുളിച്ച മാവോ തേനോ ഭോജനയാഗമായി അർപ്പിക്കരുത്. 12 നിങ്ങൾ അവയെ ആദ്യഫലവഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. പക്ഷേ, അവയെ ഹൃദ്യസുഗന്ധമായി യാഗപീഠത്തിൽ അർപ്പിക്കരുത്. 13 നിങ്ങളുടെ എല്ലാ ഭോജനയാഗത്തിനും ഉപ്പുകൊണ്ടു രുചി വരുത്തണം. നിങ്ങളുടെ ദൈവവുമായുള്ള ഉടമ്പടിയുടെ ഉപ്പു ഭോജനയാഗങ്ങളിൽനിന്നും ഒഴിവാക്കരുത്. നിങ്ങളുടെ എല്ലാ വഴിപാടുകളിലും ഉപ്പുചേർക്കണം.
14 “ ‘നിങ്ങളുടെ ആദ്യഫലത്തിൽനിന്നും യഹോവയ്ക്ക് ഭോജനയാഗം അർപ്പിക്കുന്നെങ്കിൽ, പുതിയ കതിരുതിർത്ത മണികൾ തീയിൽ ചുട്ട്, അർപ്പിക്കണം. 15 അതിന്മേൽ എണ്ണയും കുന്തിരിക്കവും ഇടണം; അത് ഒരു ഭോജനയാഗം. 16 ഉതിർത്ത ധാന്യമണിയുടെയും എണ്ണയുടെയും ഓരോഭാഗവും മുഴുവൻ കുന്തിരിക്കവും പുരോഹിതൻ യഹോവയ്ക്ക് ഒരു സ്മാരകഭാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു ഒരു ദഹനയാഗം.
* 2:2 അഥവാ, പ്രതിരൂപം. വാ. 2: 9,16 കാണുക.