15
യേശു പീലാത്തോസിന്റെ മുമ്പിൽ വിചാരണചെയ്യപ്പെടുന്നു
അതിരാവിലെതന്നെ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും വേദജ്ഞരും ന്യായാധിപസമിതിയിലുള്ള എല്ലാവരും പദ്ധതിയിട്ടതനുസരിച്ച് യേശുവിനെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി പീലാത്തോസിന് കൈമാറി.
“നീയാണോ യെഹൂദരുടെ രാജാവ്?” പീലാത്തോസ് ചോദിച്ചു.
“അതേ, താങ്കൾ പറയുന്നതു ശരിതന്നെ,” യേശു ഉത്തരം പറഞ്ഞു.
പുരോഹിതമുഖ്യന്മാർ യേശുവിനെതിരായി പല ആരോപണങ്ങളും ഉന്നയിച്ചു. പീലാത്തോസ് വീണ്ടും യേശുവിനോട്, “താങ്കൾ മറുപടി ഒന്നും പറയുന്നില്ലേ? നോക്കൂ, എത്രയോ ആരോപണങ്ങളാണ് ഇവർ താങ്കൾക്കെതിരേ ഉന്നയിക്കുന്നത്?” എന്നു ചോദിച്ചു.
എന്നിട്ടും യേശു മറുപടിയൊന്നും പറയാതിരുന്നതുകൊണ്ടു പീലാത്തോസ് ആശ്ചര്യപ്പെട്ടു.
പെസഹാഘോഷവേളയിൽ ജനങ്ങൾ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക പതിവായിരുന്നു. വിപ്ളവത്തിനിടയിൽ കൊല നടത്തിയ ബറബ്ബാസ് എന്നു പേരുള്ള ഒരു തീവ്രവാദി ഈ സമയത്ത് കാരാഗൃഹത്തിൽ ഉണ്ടായിരുന്നു. ജനക്കൂട്ടം പീലാത്തോസിന്റെ അടുക്കൽ ചെന്നു തങ്ങൾക്കുവേണ്ടി പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
പുരോഹിതമുഖ്യന്മാർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അറിഞ്ഞിരുന്ന പീലാത്തോസ് അവരോട്, 10 “യെഹൂദരുടെ രാജാവിനെ നിങ്ങൾക്കായി മോചിപ്പിച്ചുതരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. 11 എന്നാൽ, ബറബ്ബാസിനെയാണ് മോചിപ്പിക്കേണ്ടതെന്ന് പീലാത്തോസിനോട് ആവശ്യപ്പെടാൻ പുരോഹിതമുഖ്യന്മാർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചിരുന്നു.
12 “എങ്കിൽ, യെഹൂദരുടെ രാജാവെന്നു നിങ്ങൾ വിളിക്കുന്ന ഇയാളെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു.
13 “അവനെ ക്രൂശിക്ക!” അവർ കൂടുതൽ ഉച്ചത്തിൽ അട്ടഹസിച്ചു.
14 “എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു.
എന്നാൽ, അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു.
15 ജനക്കൂട്ടത്തെ അനുനയിപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ബറബ്ബാസിനെ അവർക്കുവേണ്ടി മോചിപ്പിച്ചു. അയാൾ യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം, ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.
സൈനികർ യേശുവിനെ പരിഹസിക്കുന്നു
16 സൈനികർ യേശുവിനെ കൊട്ടാരത്തിനുള്ളിൽ ദേശാധിപതിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അവർ സൈന്യത്തെ മുഴുവൻ വിളിച്ചുവരുത്തി. 17 അവർ അദ്ദേഹത്തെ ഊതനിറമുള്ള പുറങ്കുപ്പായം ധരിപ്പിച്ചു; അതിനുശേഷം ഒരു മുൾക്കിരീടം മെടഞ്ഞ് അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. 18 പിന്നീട്, “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്നു (പരിഹസിച്ചു) പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വന്ദിച്ചു. 19 അവർ അദ്ദേഹത്തിന്റെ തലയിൽ വടികൊണ്ട് അടിച്ചു; ദേഹത്തു തുപ്പി; മുട്ടുകുത്തി അദ്ദേഹത്തെ പരിഹാസപൂർവം നമസ്കരിച്ചു. 20 ഇങ്ങനെ അദ്ദേഹത്തെ പരിഹസിച്ചുതീർന്നശേഷം ഊതനിറമുള്ള പുറങ്കുപ്പായം മാറ്റി, സ്വന്തം വസ്ത്രം ധരിപ്പിച്ചു. പിന്നെ അവർ അദ്ദേഹത്തെ ക്രൂശിക്കാൻ കൊണ്ടുപോയി.
യേശുവിനെ ക്രൂശിക്കുന്നു
21 അലെക്സന്തറിന്റെയും രൂഫൊസിന്റെയും പിതാവായ കുറേനഗ്രാമവാസിയായ* ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഗ്രാമപ്രദേശത്തുനിന്ന് അതുവഴി കടന്നുപോകുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമക്കാൻ അവർ അയാളെ നിർബന്ധിച്ചു. 22 അവർ യേശുവിനെ “തലയോട്ടിയുടെ സ്ഥലം” എന്നർഥമുള്ള “ഗൊൽഗോഥാ” എന്നു വിളിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി. 23 മീറ കലക്കിയ വീഞ്ഞ് അവർ അദ്ദേഹത്തിന് കൊടുത്തു; എന്നാൽ അദ്ദേഹം അതു സ്വീകരിച്ചില്ല. 24 അവർ യേശുവിനെ ക്രൂശിച്ചു. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ പങ്കിട്ട്, ഓരോരുത്തനും അവയിൽ ഏതു കിട്ടുമെന്നറിയാൻ നറുക്കിട്ടു.
25 മൂന്നാംമണി നേരത്താണ് അവർ അദ്ദേഹത്തെ ക്രൂശിച്ചത്.
26 യെഹൂദരുടെ രാജാവ്,
എന്നതായിരുന്നു അദ്ദേഹത്തിന്റെ ക്രൂശിൻമീതേ എഴുതിവെച്ചിരുന്ന കുറ്റപത്രം.
27 അവർ അദ്ദേഹത്തോടുകൂടെ രണ്ട് കൊള്ളക്കാരെ, ഒരാളെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു. 28 “അധർമികളുടെ കൂട്ടത്തിൽ അയാൾ എണ്ണപ്പെട്ടു” എന്ന തിരുവെഴുത്ത് നിവൃത്തിയായി.§ 29 ആ വഴി കടന്നുപോയവർ തലകുലുക്കിക്കൊണ്ട്, “ഹേ, ദൈവാലയം തകർത്ത് മൂന്ന് ദിവസംകൊണ്ട് പണിയുന്നവനേ, 30 ക്രൂശിൽനിന്ന് ഇറങ്ങിവാ, നിന്നെത്തന്നെ രക്ഷിക്കുക!” എന്നു പറഞ്ഞ് അദ്ദേഹത്തെ നിന്ദിച്ചു. 31 അങ്ങനെതന്നെ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് പരസ്പരം പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാനുള്ള കഴിവോ ഇല്ല! 32 ഇസ്രായേലിന്റെ രാജാവായ ഈ ക്രിസ്തു ഇപ്പോൾത്തന്നെ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ; എങ്കിൽ നമുക്ക് അതുകണ്ടു വിശ്വസിക്കാം.” ഒപ്പം ക്രൂശിക്കപ്പെട്ടവരും അതുപോലെതന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു.
യേശുവിന്റെ മരണം
33 ഉച്ചയ്ക്ക് പന്ത്രണ്ടുമണിമുതൽ മൂന്നുമണിവരെ* ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു. 34 മൂന്നുമണിക്ക് യേശു, “എലോഹീ, എലോഹീ, ലമ്മാ ശബക്താനി” അതായത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ കൈവിട്ടതെന്ത്?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു.
35 അടുത്തുനിന്നവരിൽ ചിലർ ഇതു കേട്ടിട്ട്, “അതാ, അയാൾ ഏലിയാവിനെ വിളിക്കുന്നു” എന്നു പറഞ്ഞു.
36 ഒരുത്തൻ ഓടിച്ചെന്ന് ഒരു സ്പോഞ്ചിൽ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഈറ്റത്തണ്ടിന്മേൽവെച്ച് യേശുവിന് കുടിക്കാൻ കൊടുത്തുകൊണ്ട്, “നിൽക്കൂ, ഏലിയാവ് അയാളെ താഴെയിറക്കാൻ വരുമോ എന്നു നോക്കാം” എന്നു പറഞ്ഞു.
37 യേശു അത്യുച്ചത്തിൽ നിലവിളിച്ച് പ്രാണത്യാഗംചെയ്തു.
38 തൽക്ഷണം ദൈവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി. 39 യേശുവിന്റെ മുമ്പിൽനിന്നിരുന്ന ശതാധിപൻ, അദ്ദേഹം പ്രാണത്യാഗം ചെയ്തതെങ്ങനെയെന്നു കണ്ട്, “ഈ മനുഷ്യൻ വാസ്തവമായും ദൈവപുത്രൻ ആയിരുന്നു!” എന്നു പറഞ്ഞു.
40 ചില സ്ത്രീകൾ അകലെനിന്ന് ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലക്കാരി മറിയയും ഇളയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ശലോമിയും ഉണ്ടായിരുന്നു. 41 ഗലീലയിൽവെച്ചു യേശുവിനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നവരാണ് ഈ സ്ത്രീകൾ. ജെറുശലേമിലേക്ക് അദ്ദേഹത്തോടുകൂടെ വന്ന മറ്റുപല സ്ത്രീകളും അവിടെ ഉണ്ടായിരുന്നു.
യേശുവിന്റെ ശവസംസ്കാരം
42 അന്ന് ശബ്ബത്തിന്റെ തലേദിവസമായ ഒരുക്കദിവസമായിരുന്നു. അതുകൊണ്ട് സന്ധ്യയായപ്പോൾ 43 ന്യായാധിപസമിതിയിലെ ഒരു പ്രമുഖാംഗവും ദൈവരാജ്യം വരാനായി കാത്തിരുന്നവനുമായ അരിമഥ്യയിലെ യോസേഫ് ധൈര്യം സംഭരിച്ചുകൊണ്ട് പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു. 44 “ഇത്രവേഗം യേശു മരിച്ചുവോ!” പീലാത്തോസ് ആശ്ചര്യപ്പെട്ടു. അയാൾ ശതാധിപനെ വരുത്തി യേശു മരിച്ചുകഴിഞ്ഞുവോ എന്നു ചോദിച്ചു. 45 ശതാധിപനിൽനിന്ന് ഈ കാര്യം ഉറപ്പുവരുത്തിയതിനുശേഷം അദ്ദേഹം ശരീരം യോസേഫിനു വിട്ടുകൊടുത്തു. 46 യോസേഫ് മൃതദേഹം താഴെയിറക്കി, ഒരു മൃദുലചണവസ്ത്രം വാങ്ങി ശവശരീരം അതിൽ പൊതിഞ്ഞ് പാറയിൽ വെട്ടിച്ചിരുന്ന കല്ലറയിൽ സംസ്കരിച്ചു. പിന്നീട് അയാൾ ഒരു കല്ല് ഉരുട്ടി കല്ലറയുടെ കവാടത്തിൽ വെച്ചു. 47 മഗ്ദലക്കാരി മറിയയും യോസെയുടെ അമ്മയായ മറിയയും യേശുവിന്റെ മൃതദേഹം സംസ്കരിച്ചത് എവിടെയെന്നു കണ്ടു.
* 15:21 ആഫ്രിക്കയുടെ വടക്കൻതീരത്തുള്ള ഒരു ഗ്രാമം. 15:23 അതായത്, നറുമ്പശ 15:25 അതായത്, ഇന്നത്തെ പകൽ ഒൻപതാംമണിനേരം. § 15:28 ചി.കൈ.പ്ര. ഈ വാക്യം കാണുന്നില്ല. * 15:33 മൂ.ഭാ. ആറാംമണിമുതൽ ഒൻപതാംമണിവരെ 15:34 സങ്കീ. 22:1 15:39 അതായത്, നൂറുപേരടങ്ങുന്ന സൈന്യത്തിന്റെ അധിപൻ.