3
മതിൽപണിയിൽ ഏർപ്പെട്ടവർ
മഹാപുരോഹിതനായ എല്യാശീബ്, അദ്ദേഹത്തിന്റെ കൂട്ടാളികളായ പുരോഹിതരോടൊപ്പം വേല ആരംഭിച്ച് ആട്ടിൻകവാടം പണിതു. അവർ അതു പ്രതിഷ്ഠിച്ച് വാതിലുകൾ പുനഃസ്ഥാപിച്ചു. ശതഗോപുരം വരെയും ഹനനയേൽ ഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു. അതിനോടു ചേർന്നത് യെരീഹോ പുരുഷന്മാർ പണിതു, അതിനപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു.
 
ഹസ്സെനായയുടെ പുത്രന്മാർ മീൻകവാടം പുതുക്കിപ്പണിതു. അവർ അതിന്റെ ഉത്തരം വെച്ച്, വാതിലുകളും കൊളുത്തുകളും ഓടാമ്പലുകളും ഉറപ്പിച്ചു. ഹക്കോസിന്റെ മകനായ ഊരിയാവിന്റെ മകൻ മെരേമോത്ത് അതിനടുത്ത ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു. തുടർന്നുള്ളഭാഗം മെശേസബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം നന്നാക്കി, ബാനയുടെ മകൻ സാദോക്ക് അതിനടുത്തഭാഗം നന്നാക്കി. അടുത്തഭാഗം നന്നാക്കിയത് തെക്കോവ്യക്കാരാണ്; എന്നാൽ മേലധികാരികളുടെ* കീഴിൽ ഈ വേലയ്ക്കു ചുമൽകൊടുക്കാൻ അവരിലെ പ്രമുഖർ വിസമ്മതിച്ചു.
 
പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും പഴയ പട്ടണകവാടത്തിന്റെ അറ്റകുറ്റം തീർത്തു. അവർ അതിന്റെ ഉത്തരം വെക്കുകയും വാതിലുകളും കൊളുത്തുകളും ഓടാമ്പലുകളും ഉറപ്പിക്കുകയും ചെയ്തു. ഗിബെയോനിലെയും മിസ്പായിലെയും ആൾക്കാരായ ഗിബെയോന്യനായ മെലത്യാവും മെരോനോത്യനായ യൊദോനും, യൂഫ്രട്ടീസ് നദിക്കക്കരെയുള്ള സംസ്ഥാനത്തിന്റെ ദേശാധിപതിയുടെ അധികാരപരിധിയിലുള്ള ഭാഗംവരെ അറ്റകുറ്റം തീർത്തു. സ്വർണപ്പണിക്കാരിൽ ഒരാളായ ഹർഹര്യാവിന്റെ മകൻ ഉസ്സീയേൽ അതിന്റെ അടുത്തഭാഗം നന്നാക്കി. അതിന്റെ അപ്പുറം സുഗന്ധദ്രവ്യനിർമാതാക്കളിൽ ഒരാളായ ഹനന്യാവ് അറ്റകുറ്റം തീർത്തു. വീതിയുള്ള മതിൽവരെ അവർ ജെറുശലേം പുനർനിർമാണം ചെയ്തു. അവർക്കപ്പുറം ജെറുശലേം പ്രവിശ്യയുടെ ഒരു പകുതിയുടെ അധികാരിയായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു. 10 അതിനുമപ്പുറം ഹരൂമഫിന്റെ മകൻ യെദായാവ് തന്റെ വീടിനുനേരേയുള്ള ഭാഗം നന്നാക്കി; അതിനടുത്ത് ഹശ്ബെനെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു. 11 മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മൽക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും നന്നാക്കി. 12 അതിന്റെ അപ്പുറം ജെറുശലേം പ്രവിശ്യയുടെ മറ്റേ പകുതിയുടെ അധികാരിയായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അദ്ദേഹത്തിന്റെ പുത്രിമാരും നന്നാക്കി.
 
13 ഹാനൂനും സനോഹ് നിവാസികളുംകൂടി താഴ്വാരംകവാടം നന്നാക്കി; അവർ അതു പണിത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും വെച്ചു. കുപ്പക്കവാടംവരെയുള്ള മതിൽ ആയിരംമുഴം അവർ നന്നാക്കി.
 
14 ബേത്-ഹഖേരെം പ്രവിശ്യയുടെ അധികാരിയായ രേഖാബിന്റെ മകൻ മൽക്കീയാവ് കുപ്പക്കവാടം നന്നാക്കി. അദ്ദേഹം അതു പണിത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും പിടിപ്പിച്ചു.
 
15 മിസ്പാ പ്രവിശ്യയുടെ അധികാരിയായ കൊൽ-ഹോസെയുടെ മകൻ ശല്ലൂൻ ഉറവുകവാടം നന്നാക്കുകയും, അതു പണിത് അതിനു മേൽക്കൂര തീർത്ത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും പിടിപ്പിക്കുകയും ചെയ്തു. അദ്ദേഹം രാജോദ്യാനത്തിലെ ശേലാക്കുളത്തിന്റെ§ മതിൽ, ദാവീദിന്റെ നഗരത്തിൽനിന്നും താഴേക്കുള്ള പടിക്കെട്ടുവരെയുള്ള ഭാഗം പണിതു. 16 അദ്ദേഹത്തിനുമപ്പുറം ബേത്ത്-സൂർ പ്രവിശ്യയുടെ പകുതിയുടെ അധികാരിയായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ്, ദാവീദിന്റെ കല്ലറകൾക്ക്* എതിർവശംവരെയും കൃത്രിമക്കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു.
17 അതിനുമപ്പുറം ബാനിയുടെ മകൻ രെഹൂമിന്റെ നേതൃത്വത്തിൽ ലേവ്യർ അറ്റകുറ്റം തീർത്തു. അവർക്കപ്പുറം, കെയീലാ പ്രവിശ്യയുടെ പകുതിയുടെ അധികാരിയായ ഹശബ്യാവ്, തന്റെ പ്രവിശ്യക്കുവേണ്ടിയുള്ള അറ്റകുറ്റം തീർത്തു. 18 അടുത്തഭാഗം അവരുടെ സഹോദരർ കെയീലാ പ്രവിശ്യയുടെ മറ്റേ പകുതിയുടെ അധികാരിയായ ഹെനാദാദിന്റെ മകൻ ബവ്വായിയുടെ ചുമതലയിൽ അറ്റകുറ്റം തീർത്തു. 19 അതിനുമപ്പുറം മിസ്പായുടെ അധികാരിയായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലയിലേക്കുള്ള കയറ്റത്തിന്റെ മുമ്പിലുള്ളതായ മറ്റൊരുഭാഗം നന്നാക്കി. 20 അദ്ദേഹത്തിനുമപ്പുറം സബ്ബായിയുടെ മകൻ ബാരൂക്ക്, ആ കോണുമുതൽ മഹാപുരോഹിതനായ എല്യാശീബിന്റെ വീടിന്റെ പ്രവേശനകവാടംവരെ മറ്റൊരുഭാഗം ജാഗ്രതയോടെ നന്നാക്കി. 21 അതിനുമപ്പുറം, ഹക്കോസിന്റെ മകനായ ഊരിയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീടിന്റെ പ്രവേശനകവാടംമുതൽ അതിന്റെ അവസാനംവരെ നന്നാക്കി.
22 അതിനടുത്തഭാഗം സമീപപ്രദേശങ്ങളിലുള്ള പുരോഹിതർ അറ്റകുറ്റം തീർത്തു. 23 അതിനുമപ്പുറം, ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീടിന് നേരേയുള്ളഭാഗം നന്നാക്കി. അതിനുമപ്പുറം, അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവ് തന്റെ വീടിനരികെയുള്ള ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു. 24 അതിനുമപ്പുറം, അസര്യാവിന്റെ വീടുമുതൽ കോട്ടയുടെ വളവും മൂലവരെയുമുള്ള മറ്റൊരുഭാഗം ഹെനാദാദിന്റെ മകൻ ബിന്നൂവി നന്നാക്കി. 25 കോണിനും കാവൽക്കാരുടെ മുറ്റത്ത് രാജാവിന്റെ മാളികയിൽനിന്നും ഉയർന്നുനിൽക്കുന്ന ഗോപുരത്തിനും നേരേയുള്ളഭാഗം ഊസായിയുടെ മകൻ പാലാൽ നന്നാക്കി. അതിനുമപ്പുറം, പരോശിന്റെ മകൻ പെദായാവ് നന്നാക്കി; 26 ഓഫേലിൽ താമസിച്ചിരുന്ന ദൈവാലയശുശ്രൂഷകർ കിഴക്കുവശത്തെ ജലകവാടത്തിനും ഉയർന്നുനിൽക്കുന്ന ഗോപുരത്തിനും എതിർവശംവരെ അറ്റകുറ്റം തീർത്തു. 27 അതിനുശേഷം, ഉയർന്നുനിൽക്കുന്ന വലിയ ഗോപുരത്തിന് എതിർവശത്ത്, ഓഫേൽ മതിൽവരെയുള്ള മറ്റൊരുഭാഗം തെക്കോവ്യർ നന്നാക്കി.
 
28 കുതിരക്കവാടത്തിന്റെ മേൽഭാഗംമുതൽ പുരോഹിതന്മാർ തങ്ങളുടെ വീടിനുനേരേയുള്ള ഭാഗങ്ങളുടെ അറ്റകുറ്റം തീർത്തു. 29 അതിനുമപ്പുറം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീടിന് നേരേയുള്ളഭാഗം നന്നാക്കി. കിഴക്കേ കവാടത്തിന്റെ കാവൽക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അതിനപ്പുറം നന്നാക്കി. 30 അതിനുമപ്പുറം ശെലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു. അതിനുമപ്പുറം, ബേരെഖ്യാവിന്റെ മകൻ മെശുല്ലാം താൻ താമസിക്കുന്ന വീടിനുനേരേയുള്ള ഭാഗം നന്നാക്കി. 31 അതിനുമപ്പുറം പരിശോധനാകവാടത്തിന് എതിർവശം, ദൈവാലയശുശ്രൂഷകരുടെയും കച്ചവടക്കാരുടെയും വീടുവരെയും മൂലയിലുള്ള മാളികമുറിവരെയും സ്വർണപ്പണിക്കാരിൽ ഒരുവനായ മൽക്കീയാവ് നന്നാക്കി. 32 മൂലയിലുള്ള മാളികമുറിക്കും ആട്ടിൻകവാടത്തിനും ഇടയിലുള്ള ഭാഗം സ്വർണപ്പണിക്കാരും കച്ചവടക്കാരും ചേർന്നു നന്നാക്കി.
* 3:5 അഥവാ, കർത്താവ് അഥവാ, ദേശാധിപതി 3:6 അഥവാ, മിശ്ഹന്നാകവാടത്തിന്റെ അഥവാ, യെശ്ഹന്നാകവാടത്തിന്റെ 3:13 ഏക. 450 മീ. § 3:15 ശീലോഹാ, ശേലാ എന്നതിന്റെ മറ്റൊരുരൂപം. * 3:16 ചി.കൈ.പ്ര. കല്ലറയ്ക്ക് 3:18 ചി.കൈ.പ്ര. ബിന്നൂയിയുടെ