സങ്കീർത്തനം 29
ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക,
യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക.
യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;
യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.
 
യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു;
മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു,
യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു.
യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്;
യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്.
യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു
യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.
അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു,
ശിര്യോനെ* ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും.
യഹോവയുടെ ശബ്ദം
അഗ്നിജ്വാലകളെ ഉതിർക്കുന്നു
യഹോവയുടെ ശബ്ദം മരുഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു;
യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.
യഹോവയുടെ ശബ്ദം വന്മരങ്ങളെ ചുഴറ്റുന്നു
വനത്തെ തോലുരിച്ച് നഗ്നമാക്കുന്നു.
കർത്താവിന്റെ ആലയത്തിൽ എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു.
 
10 യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു
യഹോവ എന്നേക്കും രാജാവായി വാഴുന്നു.
11 യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു;
യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.
* സങ്കീർത്തനം 29:6 അതായത്, ഹെർമോൻ പർവതത്തെ സങ്കീർത്തനം 29:9 അഥവാ, ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു