സങ്കീർത്തനം 38
ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം.
1 യഹോവേ അങ്ങയുടെ കോപത്താൽ എന്നെ ശാസിക്കുകയോ
അവിടത്തെ ക്രോധത്താൽ എന്നെ ശിക്ഷിക്കുകയോ അരുതേ.
2 അവിടത്തെ അസ്ത്രങ്ങളെന്നെ കുത്തിത്തുളച്ചിരിക്കുന്നു,
തിരുക്കരം എന്റെമേൽ പതിച്ചിരിക്കുന്നു.
3 അവിടത്തെ ക്രോധത്താൽ എന്റെ ശരീരത്തിൽ ആരോഗ്യം അവശേഷിച്ചിട്ടില്ല;
എന്റെ പാപംനിമിത്തം എന്റെ അസ്ഥികളുടെ ബലം നശിച്ചിരിക്കുന്നു.
4 എന്റെ പാതകം എന്നെ കീഴടക്കിയിരിക്കുന്നു
ദുസ്സഹമാം ഭാരംപോലെ അതെന്നെ ഞെരുക്കുന്നു.
5 എന്റെ പാപപങ്കിലമാം ഭോഷത്തങ്ങളാൽ
എന്റെ മുറിവുകൾ അറപ്പുളവാക്കുന്ന വ്രണങ്ങളായി മാറിയിരിക്കുന്നു.
6 ഞാൻ കുനിഞ്ഞു നിലംപറ്റിയിരിക്കുന്നു;
ദിവസംമുഴുവനും വിലാപത്താൽ ഞാനുഴലുന്നു.
7 എന്റെ അരക്കെട്ട് ദുസ്സഹവേദനയാൽ നിറഞ്ഞുകത്തുന്നു;
എന്റെ ശരീരത്തിനു യാതൊരു സൗഖ്യവുമില്ല.
8 ഞാൻ ബലം ക്ഷയിച്ചു പൂർണമായും തകർന്നിരിക്കുന്നു;
ഹൃദയവ്യഥകൊണ്ട് ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു.
9 കർത്താവേ, എന്റെ സകല അഭിലാഷങ്ങളും അവിടത്തെ മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു;
എന്റെ നെടുവീർപ്പ് തിരുമുമ്പിൽ മറഞ്ഞിരിക്കുന്നതുമില്ല.
10 എന്റെ ഹൃദയം നിയന്ത്രണമില്ലാതെ തുടിക്കുന്നു, എന്റെ ശക്തി ചോർന്നൊലിക്കുന്നു;
എന്റെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു.
11 എന്റെ വ്രണംനിമിത്തം എന്റെ സ്നേഹിതരും ചങ്ങാതികളും എന്നെ തിരസ്കരിച്ചിരിക്കുന്നു;
എന്റെ അയൽവാസികൾ എന്നിൽനിന്ന് അകലം പാലിക്കുന്നു.
12 എനിക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവർ എനിക്കെതിരേ കെണിവെക്കുന്നു,
എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ നാശത്തെപ്പറ്റി ചർച്ചചെയ്യുന്നു;
ദിവസംമുഴുവനും അവർ കുതന്ത്രങ്ങൾ മെനയുന്നു.
13 ഒന്നും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെ ഞാൻ ആയിരിക്കുന്നു,
സംസാരിക്കാനാകാത്ത മൂകനെപ്പോലെയും
14 അധരങ്ങളിൽ മറുപടിയൊന്നും അവശേഷിച്ചിട്ടില്ലാത്ത ഒരുവനെപ്പോലെയും
കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെയും ഞാൻ ആയിരിക്കുന്നു
15 യഹോവേ, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;
എന്റെ ദൈവമായ കർത്താവേ, അവിടന്നെനിക്ക് ഉത്തരമരുളണമേ.
16 “എന്റെ കാൽവഴുതുമ്പോൾ അഹങ്കരിക്കുന്നവരോ
ആഹ്ലാദത്തിൽ തിമിർക്കുന്നവരോ ആയിത്തീരാതിരിക്കട്ടെ,” എന്നു ഞാൻ പറഞ്ഞു.
17 കാരണം ഞാൻ വീഴാറായിരിക്കുന്നു,
എന്റെ വേദന എപ്പോഴും എന്റെ കൂടെയുണ്ട്.
18 എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു;
എന്റെ പാപത്തെക്കുറിച്ചു ഞാൻ വ്യാകുലപ്പെടുന്നു.
19 എനിക്ക് പ്രബലരായ അനവധി ശത്രുക്കളുണ്ട്;
അകാരണമായി എന്നെ വെറുക്കുന്നവരും അസംഖ്യം.
20 ഞാൻ ചെയ്യുന്ന നന്മകൾക്കുപകരം അവരെന്നോട് തിന്മചെയ്യുന്നു
ഞാൻ നന്മമാത്രം അന്വേഷിക്കുന്നതിനാൽ,
അവർ എനിക്കു വിരോധികളായിരിക്കുന്നു.
21 യഹോവേ, എന്നെ ഉപേക്ഷിക്കരുതേ;
എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ.
22 എന്റെ രക്ഷകനായ കർത്താവേ,
എന്റെ സഹായത്തിനായി അതിവേഗം വരണമേ.
യെദൂഥൂൻ എന്ന സംഗീതസംവിധായകന്.