29
ദൈവാലയനിർമിതിക്കുവേണ്ടി ദാനങ്ങൾ
1 അതിനുശേഷം ദാവീദുരാജാവ് സർവസഭയോടുമായി പറഞ്ഞു: “ദൈവം തെരഞ്ഞെടുത്ത എന്റെ മകൻ ശലോമോൻ ചെറുപ്പമാണ്; അനുഭവസമ്പത്തില്ലാത്തവനുമാണ്; ജോലിയോ വളരെ ഭാരിച്ചതും. ഈ മന്ദിരം മനുഷ്യനുവേണ്ടിയല്ല; മറിച്ച് ദൈവമായ യഹോവയ്ക്കുവേണ്ടിയുള്ളതാണ്.
2 എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ഞാൻ എന്റെ സർവവിഭവശേഷികളും ഉപയോഗിച്ച് സാധനങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്—സ്വർണപ്പണികൾക്കു സ്വർണവും വെള്ളിക്കു വെള്ളിയും വെങ്കലത്തിനു വെങ്കലവും ഇരുമ്പിന് ഇരുമ്പും മരത്തിനു മരവും അതുപോലെതന്നെ അലങ്കാരപ്പണികൾക്കുവേണ്ടി ഗോമേദകക്കല്ല്, വൈഡൂര്യം, വിവിധ വർണങ്ങളിലുള്ള കല്ലുകൾ, എല്ലാ ഇനത്തിലുമുള്ള മേൽത്തരം കല്ലുകൾ, മാർബിൾ—ഇവയെല്ലാം വളരെ വിപുലമായ അളവിൽ ഞാൻ ശേഖരിച്ചുവെച്ചിരിക്കുന്നു.
3 കൂടാതെ, വിശുദ്ധ ആലയത്തിനുവേണ്ടി ഞാൻ ശേഖരിച്ചുവെച്ചിരിക്കുന്ന എല്ലാറ്റിനും ഉപരിയായി എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള പ്രതിപത്തിമൂലം ഞാൻ എന്റെ പൊൻവെള്ളിഭണ്ഡാരങ്ങളും ഇതാ തരുന്നു:
4 മൂവായിരം താലന്ത് ഓഫീർതങ്കവും ഏഴായിരം താലന്തു ശുദ്ധിചെയ്ത വെള്ളിയും ഞാൻ തരുന്നു. ആലയഭിത്തികൾ പൊതിയുന്നതിനും
5 സ്വർണവും വെള്ളിയുംകൊണ്ടുള്ള പണികൾ ചെയ്യിക്കുന്നതിനും, കരകൗശലവേലക്കാരുടെ എല്ലാ പണികളും നിർവഹിക്കുന്നതിനുംവേണ്ടിയാണിവ. എന്നാലിപ്പോൾ യഹോവയ്ക്കുവേണ്ടി സ്വയം സമർപ്പിക്കാൻ താത്പര്യമുള്ളവർ ആരുണ്ട്?”
6 അപ്പോൾ കുടുംബത്തലവന്മാരും ഇസ്രായേലിലെ ഗോത്രാധിപന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജസേവനത്തിനു ചുമതലപ്പെട്ട അധികാരികളും താത്പര്യപൂർവം ദാനങ്ങൾ ചെയ്തു.
7 ദൈവത്തിന്റെ ആലയത്തിന്റെ പണികൾക്കായി അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്തു വെങ്കലവും ഒരുലക്ഷം താലന്ത് ഇരുമ്പും അവർ കൊടുത്തു.
8 വിലയേറിയ രത്നക്കല്ലുകളുണ്ടായിരുന്നവർ, യഹോവയുടെ ആലയത്തിന്റെ ഭണ്ഡാരത്തിൽ ചേർക്കാൻ അവ ഗെർശോന്യനായ യെഹീയേലിന്റെ കൈവശം ഏൽപ്പിച്ചുകൊടുത്തു.
9 നേതാക്കന്മാർ ഈ വിധം സ്വമനസ്സാലെ ദാനം ചെയ്തപ്പോൾ ജനം സന്തോഷിച്ചു. കാരണം അവർ യഹോവയ്ക്കു ദാനംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നു. ദാവീദുരാജാവും ഇതിൽ ഏറ്റവും സന്തോഷിച്ചു.
ദാവീദിന്റെ പ്രാർഥന
10 അതിനുശേഷം ദാവീദ് സർവസഭയുടെയുംമുമ്പിൽ ഇപ്രകാരം യഹോവയെ സ്തുതിച്ചു:
“ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ യഹോവേ,
അങ്ങ് എന്നെന്നേക്കും
വാഴ്ത്തപ്പെട്ടവൻ!
11 മഹത്ത്വവും ശക്തിയും തേജസ്സും കീർത്തിയും മഹിമയും
യഹോവേ, അങ്ങേക്കുള്ളതാണ്.
ഭൂമിയിലും സ്വർഗത്തിലുമുള്ളതെല്ലാം അങ്ങയുടേതാകുന്നു.
യഹോവേ, രാജ്യം അങ്ങേക്കുള്ളത്.
അങ്ങ് സകലത്തിന്റെയും തലവനായിരിക്കുന്നു.
12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു;
എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ.
എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള
ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ.
13 ഇപ്പോൾ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേക്കു നന്ദികരേറ്റുന്നു;
അങ്ങയുടെ മഹത്ത്വകരമായ നാമം ഞങ്ങൾ പുകഴ്ത്തുകയും ചെയ്യുന്നു.
14 “ഇത്രയും ഉദാരമായി ദാനം ചെയ്യാൻ കഴിയത്തക്കവിധം ഞാനാര്? എന്റെ ജനവും എന്തുള്ളൂ? എല്ലാം അങ്ങയിൽനിന്നു ലഭിക്കുന്നു; അങ്ങയുടെ പക്കൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേക്കു തരികമാത്രമേ ചെയ്യുന്നുള്ളൂ.
15 യഹോവേ, ഞങ്ങൾ അവിടത്തെ കണ്മുമ്പിൽ—ഞങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ—വിദേശികളും പ്രവാസികളുംമാത്രം. ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ആശയറ്റ ഒരു നിഴൽപോലെമാത്രം.
16 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ വിശുദ്ധനാമത്തിന് ഒരു ആലയം പണിയുന്നതിനായി ഞങ്ങൾ ഇത്രമാത്രം സമൃദ്ധിയോടെ ശേഖരിച്ചിരിക്കുന്ന ഈ വകകളെല്ലാം തൃക്കരങ്ങളിൽനിന്ന് വരുന്നു, എല്ലാം അങ്ങേക്കുള്ളതുതന്നെ.
17 എന്റെ ദൈവമേ, അങ്ങ് ഹൃദയങ്ങളെ പരിശോധിച്ചറിയുന്നു എന്നും പരമാർഥതയിൽ പ്രസാദിക്കുന്നു എന്നും ഞാനറിയുന്നു. ഇവയെല്ലാം ഞാൻ സ്വമനസ്സാ, ഹൃദയപരമാർഥതയോടെ തന്നിരിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ഈ ജനം എത്ര സന്തോഷപൂർവം അങ്ങേക്കുവേണ്ടി തന്നിരിക്കുന്നു എന്നുകണ്ടു ഞാൻ സന്തോഷിച്ചുമിരിക്കുന്നു.
18 ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ ഹൃദയങ്ങളിലെ ഈ വാഞ്ഛയെ എന്നെന്നേക്കും നിലനിർത്തണമേ! അവരുടെ ഹൃദയങ്ങൾ അങ്ങയോടു കൂറു പുലർത്താൻ ഇടയാക്കണമേ!
19 ഈ ഞാൻ ആ ഗംഭീര സൗധത്തിന് ആവശ്യമായ സാമഗ്രികൾ സംഭരിച്ചിട്ടുണ്ടല്ലോ; അതു പണിയുന്നതിനും അങ്ങയുടെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുന്നതിനുംവേണ്ടി ഏകാഗ്രമായ ഒരു ഹൃദയം എന്റെ മകനായ ശലോമോനു നൽകണമേ!”
20 അതിനുശേഷം ദാവീദ് സർവസഭയോടുമായി, “നിങ്ങളുടെ ദൈവമായ യഹോവയെ സ്തുതിക്കുവിൻ!” എന്നു പറഞ്ഞു. ജനങ്ങളെല്ലാം തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തുകയും താണുവണങ്ങുകയും ചെയ്തു. അവർ യഹോവയുടെയും രാജാവിന്റെയും മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
ശലോമോൻ രാജാവായി അംഗീകരിക്കപ്പെട്ടു
21 പിറ്റേദിവസം എല്ലാ ഇസ്രായേലിനുംവേണ്ടി അവർ യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു. അവർ ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം ആണാട്ടിൻകുട്ടിയെയും ഹോമയാഗം കഴിച്ചു. അതിനോടൊപ്പം അവർ പാനീയയാഗങ്ങളും മറ്റുയാഗങ്ങളും ധാരാളമായി അർപ്പിച്ചു.
22 അന്ന് അവരെല്ലാവരും യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു.
അവർ പിന്നീടു ദാവീദുരാജാവിന്റെ മകനായ ശലോമോനെ, തങ്ങൾക്കു ഭരണാധിപനായിരിക്കേണ്ടതിന് യഹോവയുടെമുമ്പാകെ അഭിഷേകംചെയ്ത് രണ്ടാമതും രാജാവായി അംഗീകരിച്ചു. അവർ സാദോക്കിനെ പുരോഹിതനായും അഭിഷേകംചെയ്തു.
23 അങ്ങനെ ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത്, യഹോവയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായി. അദ്ദേഹം മേൽക്കുമേൽ അഭിവൃദ്ധിപ്രാപിക്കുകയും ഇസ്രായേലെല്ലാം അദ്ദേഹത്തെ അനുസരിക്കുകയും ചെയ്തു.
24 സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദുരാജാവിന്റെ പുത്രന്മാരും പ്രതിജ്ഞചെയ്ത് ശലോമോനോടുള്ള വിധേയത്വം പ്രഖ്യാപിച്ചു.
25 യഹോവ എല്ലാ ഇസ്രായേലിനും മുമ്പാകെ ശലോമോനെ ഏറ്റവും ഉന്നതനാക്കി; ഇസ്രായേലിൽ മുമ്പൊരു രാജാവിനും ഇല്ലാതിരുന്ന രാജകീയ പ്രതാപം അദ്ദേഹത്തിനു നൽകി.
ദാവീദിന്റെ മരണം
26 യിശ്ശായിയുടെ മകനായ ദാവീദ് ഇസ്രായേലിനെല്ലാം രാജാവായി വാണു.
27 അദ്ദേഹം ഇസ്രായേലിനെ നാൽപ്പതുവർഷം ഭരിച്ചു—ഏഴുവർഷം ഹെബ്രോനിലും മുപ്പത്തിമൂന്നുവർഷം ജെറുശലേമിലും.
28 ദീർഘായുസ്സും ധനവും ബഹുമാനവും ഉള്ളവനായി തികഞ്ഞ വാർധക്യത്തിൽ അദ്ദേഹം മരിച്ചു; അദ്ദേഹത്തിന്റെ മകൻ ശലോമോൻ അദ്ദേഹത്തിനു പിൻഗാമിയായി.
29 ദാവീദുരാജാവിന്റെ ഭരണകാലത്തിലെ ആദ്യവസാന വൃത്താന്തങ്ങൾ ദർശകനായ ശമുവേലിന്റെയും പ്രവാചകനായ നാഥാന്റെയും ദർശകനായ ഗാദിന്റെയും വൃത്താന്തപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു.
30 അദ്ദേഹത്തിന്റെ ഭരണത്തിന്റെ വിശദാംശങ്ങൾ, ശക്തി, അദ്ദേഹത്തെയും ഇസ്രായേലിനെയും ചുറ്റുമുള്ള രാജ്യങ്ങളെയും സംബന്ധിച്ച സാഹചര്യവിവരങ്ങൾ എന്നിവയും അവയിൽ വിവരിച്ചിരിക്കുന്നു.