11
1 രെഹബെയാം ജെറുശലേമിൽ എത്തിയപ്പോൾ അദ്ദേഹം യെഹൂദാഗോത്രത്തെയും ബെന്യാമീൻഗോത്രത്തെയും വിളിച്ചുകൂട്ടി. അവർ ഒരുലക്ഷത്തി എൺപതിനായിരം യോദ്ധാക്കൾ ഉണ്ടായിരുന്നു. ഇസ്രായേലിനോടു യുദ്ധംചെയ്യുന്നതിനും രെഹബെയാമിന്റെ രാജ്യം പുനഃസ്ഥാപിക്കുന്നതിനും ആയിരുന്നു അവരെ വിളിച്ചുകൂട്ടിയത്.
2 എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി:
3 “യെഹൂദാരാജാവും ശലോമോന്റെ പുത്രനുമായ രെഹബെയാമിനോടും ഇസ്രായേലിലുള്ള യെഹൂദാഗോത്രത്തിലെയും ബെന്യാമീൻഗോത്രത്തിലെയും സകലജനത്തോടും പറയുക:
4 ‘നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരോടു യുദ്ധത്തിനു പോകരുത്. നിങ്ങൾ ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. ഈ കാര്യം എന്റെ ഇഷ്ടപ്രകാരം സംഭവിച്ചിരിക്കുന്നു,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” അങ്ങനെ അവർ യഹോവയുടെ വചനമനുസരിച്ച്; യൊരോബെയാമിനെതിരേ നീങ്ങുന്നതിൽനിന്ന് പിന്തിരിയുകയും ചെയ്തു.
രെഹബെയാം യെഹൂദ്യയെ സുരക്ഷിതമാക്കുന്നു
5 രെഹബെയാം ജെറുശലേമിൽ താമസിക്കുകയും യെഹൂദ്യയിൽ പ്രതിരോധത്തിനുവേണ്ട പട്ടണങ്ങൾ പണിയിക്കുകയും ചെയ്തു.
6 ബേത്ലഹേം, ഏതാം, തെക്കോവ,
7 ബേത്ത്-സൂർ, സോഖോ, അദുല്ലാം,
8 ഗത്ത്, മാരേശാ, സീഫ്,
9 അദോരയീം, ലാഖീശ്, അസേക്കാ,
10 സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയായിരുന്നു അദ്ദേഹം യെഹൂദ്യയിലും ബെന്യാമീനിലും കോട്ടകെട്ടി ഉറപ്പിച്ച നഗരങ്ങൾ.
11 അദ്ദേഹം പ്രതിരോധത്തിനുള്ള അവരുടെ കോട്ടകൾ ബലപ്പെടുത്തി അവയിൽ സൈന്യാധിപന്മാരെ നിയോഗിച്ചു; ഭക്ഷണസാധനങ്ങൾ, ഒലിവെണ്ണ, വീഞ്ഞ് എന്നിവ സംഭരിച്ചുവെച്ചു.
12 പരിചകളും കുന്തങ്ങളും എല്ലാ നഗരങ്ങളിലും അദ്ദേഹം ശേഖരിച്ചുവെച്ചു; തന്നെയുമല്ല, അതിന്റെ സുരക്ഷയ്ക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു. അങ്ങനെ യെഹൂദയും ബെന്യാമീനും അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ തുടർന്നു.
13 ഇസ്രായേലിൽ എല്ലായിടത്തുനിന്നുമുള്ള പുരോഹിതന്മാരും ലേവ്യരും രെഹബെയാമിന്റെ പക്ഷംചേർന്നു.
14 യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പുരോഹിതന്മാർ എന്നു കരുതാതെ അവഗണിച്ചിരുന്നു. അതിനാൽ പുരോഹിതന്മാരും ലേവ്യരും തങ്ങളുടെ പുൽമേടുകളും സമ്പത്തും ഉപേക്ഷിച്ചിട്ട് യെഹൂദ്യയിലും ജെറുശലേമിലും വന്നുചേർന്നു.
15 യൊരോബെയാം താനുണ്ടാക്കിയ ക്ഷേത്രങ്ങളിൽ തന്റെ സ്വന്തം പുരോഹിതന്മാരെ നിയമിച്ചു. അവിടെ അവർ ആടുകളുടെയും കാളക്കിടാങ്ങളുടെയും വിഗ്രഹങ്ങളെ ഭജിച്ചുവന്നു.
16 ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെച്ച എല്ലാവരും ലേവ്യരെ പിൻതുടർന്ന് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കാൻ ജെറുശലേമിലേക്കു വന്നു.
17 മൂന്നുവർഷക്കാലം അവർ യെഹൂദാരാജ്യത്തെ പ്രബലമാക്കുകയും ശലോമോന്റെ മകനായ രെഹബെയാമിനു പിന്തുണ കൊടുക്കുകയും ചെയ്തു. ഈ കാലമത്രയും അവർ ദാവീദിന്റെയും ശലോമോന്റെയും കാൽച്ചുവടുകൾ പിൻതുടരുന്നതിൽ വിശ്വസ്തരായി നിലകൊണ്ടു.
രെഹബെയാമിന്റെ കുടുംബം
18 ദാവീദിന്റെ മകനായ യെരീമോത്തിന്റെയും യിശ്ശായിയുടെ മകൻ എലീയാബിന്റെ മകളായ അബീഹയിലിന്റെയും മകളായ മഹലാത്തിനെ രെഹബെയാം വിവാഹംകഴിച്ചു.
19 അവൾ അദ്ദേഹത്തിന് യെയൂശ്, ശെമര്യാവ്, സാഹാം എന്നീ പുത്രന്മാരെ പ്രസവിച്ചു.
20 അവൾക്കുശേഷം അബ്ശാലോമിന്റെ മകളായ മയഖായെ രെഹബെയാം ഭാര്യയായി സ്വീകരിച്ചു. അവൾ അദ്ദേഹത്തിന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.
21 രെഹബെയാം അബ്ശാലോമിന്റെ മകളായ മയഖായെ തന്റെ മറ്റു ഭാര്യമാരെക്കാളും വെപ്പാട്ടിമാരെക്കാളും കൂടുതലായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന് ആകെ പതിനെട്ടു ഭാര്യമാരും അറുപത് വെപ്പാട്ടികളും ഇരുപത്തിയെട്ടു പുത്രന്മാരും അറുപതു പുത്രിമാരും ഉണ്ടായിരുന്നു.
22 മയഖായുടെ മകനായ അബീയാവിനെ രാജാവാക്കാൻ രെഹബെയാം താത്പര്യപ്പെട്ടിരുന്നു. അതിനാൽ അബീയാവിനെ അവന്റെ സകലസഹോദരന്മാരിൽവെച്ചും മുഖ്യരാജകുമാരനായി രെഹബെയാം അവരോധിച്ചു.
23 രെഹബെയാം തന്റെ പുത്രന്മാരിൽ ചിലരെ യെഹൂദ്യയിലും ബെന്യാമീനിലും ഉടനീളമുള്ള ദേശങ്ങളിലും കോട്ടകെട്ടി ഉറപ്പിച്ചിട്ടുള്ള നഗരങ്ങളിലും ചില ദൗത്യങ്ങൾ നൽകി അയച്ചിരുന്നു; അങ്ങനെ അദ്ദേഹം ബുദ്ധിപൂർവം പെരുമാറി. രെഹബെയാം അവർക്ക് ധാരാളം ഭക്ഷണസാധനങ്ങൾ നൽകുകയും അവർക്കുവേണ്ട ഭാര്യമാരെ സമ്പാദിച്ചുകൊടുക്കുകയും ചെയ്തു.