5
1 ഇപ്രകാരം, യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ ചെയ്ത പണികളെല്ലാം പൂർത്തിയായപ്പോൾ അദ്ദേഹം തന്റെ പിതാവായ ദാവീദ് സമർപ്പിച്ചിരുന്ന വസ്തുക്കളായ വെള്ളിയും സ്വർണവും ഇതര ഉപകരണങ്ങളും ആലയത്തിലേക്കു കൊണ്ടുവന്നു. അവ അദ്ദേഹം ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ സംഭരിച്ചുവെച്ചു.
ഉടമ്പടിയുടെ പേടകം ദൈവാലയത്തിലേക്കു കൊണ്ടുവരുന്നു
2 ഇതിനുശേഷം, യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരമായ സീയോനിൽനിന്നു കൊണ്ടുവരുന്നതിനായി ശലോമോൻ ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും കുലത്തലവന്മാരെയും പിതൃഭവനനേതാക്കന്മാരെയും ജെറുശലേമിലേക്കു വിളിച്ചുവരുത്തി.
3 ഏഴാംമാസത്തിലെ ഉത്സവദിവസങ്ങളിൽ ഇസ്രായേൽജനം മുഴുവനും രാജാവിന്റെ സന്നിധിയിൽ സമ്മേളിച്ചു.
4 ഇസ്രായേൽ ഗോത്രത്തലവന്മാരെല്ലാവരും എത്തിച്ചേർന്നപ്പോൾ ലേവ്യർ പേടകം എടുത്തു.
5 ലേവ്യരായ പുരോഹിതന്മാരാണ് പേടകവും സമാഗമകൂടാരവും അതിലുള്ള സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നത്.
6 എണ്ണുകയോ തിട്ടപ്പെടുത്തുകയോ ചെയ്യാൻ കഴിയാത്തവിധം ആടുകളെയും കാളകളെയും യാഗമായി അർപ്പിച്ചുകൊണ്ട് ശലോമോൻരാജാവും അദ്ദേഹത്തിന്റെ അടുക്കൽ വന്നെത്തിയ ഇസ്രായേൽജനം മുഴുവനും പേടകത്തിനുമുമ്പിൽ സന്നിഹിതരായിരുന്നു.
7 അതിനുശേഷം, പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകം ദൈവാലയത്തിന്റെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, അതിനു നിശ്ചയിച്ചിരുന്ന സ്ഥാനത്തു, കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ പ്രതിഷ്ഠിച്ചു.
8 കെരൂബുകൾ പേടകത്തിനു മുകളിൽ ചിറകുകൾ വിരിച്ച് പേടകത്തെയും അതിന്റെ തണ്ടുകളെയും മൂടിയിരുന്നു.
9 അന്തർമന്ദിരത്തിനു മുമ്പിലുള്ള വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ പേടകത്തിന്റെ അഗ്രഭാഗങ്ങൾ കാണത്തക്കവിധം ഈ തണ്ടുകൾ നീളമുള്ളവയായിരുന്നു. എന്നാൽ, വിശുദ്ധസ്ഥലത്തിനു വെളിയിൽനിന്നു നോക്കിയാൽ അവ കാണാമായിരുന്നില്ല. അവ ഇന്നുവരെയും അവിടെയുണ്ട്.
10 ഇസ്രായേൽജനം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുപോന്നശേഷം യഹോവ അവരുമായി ഹോരേബിൽവെച്ച് ഉടമ്പടി ചെയ്തപ്പോൾ മോശ പേടകത്തിനുള്ളിൽ നിക്ഷേപിച്ച രണ്ടു പലകകൾ അല്ലാതെ മറ്റൊന്നും അതിൽ ഉണ്ടായിരുന്നില്ല.
11 അതിനുശേഷം പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്നു പിൻവാങ്ങി. അവിടെ ഉണ്ടായിരുന്ന പുരോഹിതന്മാരെല്ലാം ഗണഭേദമെന്യേ തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നു.
12 ഗായകരായ ലേവ്യരെല്ലാവരും—ആസാഫ്, ഹേമാൻ, യെദൂഥൂൻ, അവരുടെ മക്കളും ബന്ധുക്കളും—മേൽത്തരം ചണവസ്ത്രം ധരിച്ച് ഇലത്താളം, കിന്നരം, വീണ എന്നിവ വാദനം ചെയ്തുകൊണ്ട്, യാഗപീഠത്തിനു കിഴക്കുവശത്ത് നിന്നിരുന്നു. അവരോടുചേർന്ന് കാഹളം ധ്വനിപ്പിച്ചുകൊണ്ട് 120 പുരോഹിതന്മാരും നിന്നിരുന്നു.
13 യഹോവയ്ക്കു സ്തോത്രവും നന്ദിയും കരേറ്റുന്നതിനു കാഹളക്കാരും ഗായകരും ഏകസ്വരത്തിൽ താളം സംയോജിപ്പിച്ചു. കാഹളം, ഇലത്താളം, മറ്റു വാദ്യോപകരണങ്ങൾ ഇവയുടെയെല്ലാം അകമ്പടിയോടുകൂടി അവർ സ്വരമുയർത്തി യഹോവയെ സ്തുതിച്ചുപാടി:
“അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
അപ്പോൾ യഹോവയുടെ ആലയം ഒരു മേഘംകൊണ്ടു നിറഞ്ഞു.
14 യഹോവയുടെ തേജസ്സ് ദൈവത്തിന്റെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട്, ശുശ്രൂഷചെയ്യേണ്ടതിന് ആലയത്തിൽ നിൽക്കാൻ, മേഘം നിമിത്തം പുരോഹിതന്മാർക്കു കഴിഞ്ഞില്ല.