8
ശലോമോന്റെ മറ്റു പ്രവർത്തനങ്ങൾ
1 യഹോവയുടെ ആലയവും തന്റെ അരമനയും പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു.
2 അതിനുശേഷം ഹൂരാം ശലോമോനു നൽകിയ പട്ടണങ്ങൾ അദ്ദേഹം പുതുക്കിപ്പണിത് ഇസ്രായേല്യരെ അവിടെ പാർപ്പിച്ചു.
3 തുടർന്നു ശലോമോൻചെന്ന് ഹമാത്ത്-സോബാ പിടിച്ചടക്കി.
4 അദ്ദേഹം മരുഭൂമിയിൽ തദ്മോർ പട്ടണവും സംഭരണനഗരങ്ങളെല്ലാം ഹമാത്തിലും പണികഴിപ്പിച്ചു.
5 അദ്ദേഹം മുകളിലത്തെ ബേത്-ഹോരോനും താഴ്വരയിലുള്ള ബേത്-ഹോരോനും കോട്ടകെട്ടി ബലപ്പെടുത്തി മതിലും കവാടങ്ങളും ഓടാമ്പലുകളും ഉള്ള ബലമുള്ള നഗരങ്ങളാക്കി പുനർനിർമിച്ചു.
6 അതുപോലെതന്നെ ബാലാത്തും, അദ്ദേഹത്തിന്റെ എല്ലാ സംഭരണനഗരങ്ങളും അദ്ദേഹത്തിന്റെ രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി.
7 ഇസ്രായേല്യരിൽ ഉൾപ്പെടാതിരുന്ന ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ
8 ഇസ്രായേൽമക്കൾ നശിപ്പിക്കാൻ കഴിയാതെയിരുന്ന ഈ ജനതയുടെ പിൻഗാമികളെയെല്ലാം ശലോമോൻ തന്റെ അടിമവേലകൾക്കായി നിയോഗിച്ചു. അവർ ഇന്നുവരെയും അപ്രകാരം തുടരുന്നു.
9 എന്നാൽ, ഇസ്രായേല്യരിൽനിന്ന് ആരെയും ശലോമോൻ തന്റെ വേലകൾക്കുവേണ്ടി അടിമകളാക്കിയില്ല; അവർ അദ്ദേഹത്തിന്റെ യോദ്ധാക്കളും സൈന്യാധിപന്മാരുടെ അധിപതികളും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതികളും ആയി സേവനമനുഷ്ഠിച്ചു.
10 അവരും ശലോമോൻരാജാവിന്റെ മുഖ്യ ഉദ്യോഗസ്ഥന്മാരായിരുന്നു. ജനങ്ങളുടെ കാര്യവിചാരകന്മാരായി 250 ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു.
11 ഫറവോന്റെ പുത്രിയെ ശലോമോൻ ദാവീദിന്റെ നഗരത്തിൽനിന്നു കൊണ്ടുവന്ന് താൻ അവൾക്കുവേണ്ടി പണികഴിപ്പിച്ച കൊട്ടാരത്തിൽ പാർപ്പിച്ചു. “യഹോവയുടെ പേടകം എത്തുന്ന ഇടങ്ങൾ വിശുദ്ധമാണ്, അതിനാൽ ഇസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ ഫറവോന്റെ മകളായ എന്റെ ഭാര്യ വസിച്ചുകൂടാ,” എന്ന് അദ്ദേഹം പറഞ്ഞു.
12 ദൈവാലയത്തിന്റെ പൂമുഖത്തിനുമുമ്പിൽ ശലോമോൻ നിർമിച്ചിരുന്ന യാഗപീഠത്തിന്മേൽ അദ്ദേഹം യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിച്ചു.
13 മോശ കൽപ്പിച്ചതിൻപ്രകാരം ശബ്ബത്തുകളിലും അമാവാസികളിലും മൂന്നു വാർഷികത്തിരുനാളുകളിലും—പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ, ആഴ്ചകളുടെ പെരുന്നാൾ, കൂടാരപ്പെരുന്നാൾ—അതതുദിവസത്തേക്കുള്ള വിധികളനുസരിച്ചുള്ള യാഗങ്ങൾ അദ്ദേഹം അർപ്പിച്ചു.
14 തന്റെ പിതാവായ ദാവീദിന്റെ അനുശാസനമനുസരിച്ച് ശലോമോൻ പുരോഹിതഗണങ്ങളെ അവരുടെ ചുമതലകൾക്കു നിയോഗിച്ചു. ഓരോ ദിവസത്തേക്കുമുള്ള വിധികൾപ്രകാരം സ്തോത്രാർപ്പണശുശ്രൂഷകൾ നയിക്കാനും പുരോഹിതന്മാരെ സഹായിക്കാനുമായി ലേവ്യരെയും നിയോഗിച്ചു. അദ്ദേഹം ദ്വാരപാലകഗണങ്ങളെ വിവിധ കവാടങ്ങളിലെ കാവലിനു നിയോഗിച്ചു. ഇതെല്ലാം ദൈവപുരുഷനായ ദാവീദ് ആജ്ഞാപിച്ചിരുന്നതാണല്ലോ!
15 ഭണ്ഡാരകാര്യങ്ങൾ ഉൾപ്പെടെ യാതൊരു കാര്യത്തിലും പുരോഹിതന്മാരും ലേവ്യരും രാജകൽപ്പനയിൽനിന്നു വ്യതിചലിച്ചില്ല.
16 യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടനാൾമുതൽ അതിന്റെ പൂർത്തീകരണംവരെ ശലോമോന്റെ എല്ലാ ജോലികളും കൃത്യമായി നടന്നു. അങ്ങനെ യഹോവയുടെ ആലയം പൂർത്തിയായി.
17 അതിനുശേഷം ശലോമോൻ ഏദോം ദേശത്തു കടൽക്കരയിലുള്ള എസ്യോൻ-ഗേബെറിലേക്കും ഏലാത്തിലേക്കും പോയി.
18 ഹൂരാം സമുദ്രയാത്രയിൽ പരിചയമുള്ള തന്റെ സ്വന്തം സേവകരുടെ നേതൃത്വത്തിൽ ശലോമോനുവേണ്ടി കപ്പലുകൾ അയച്ചുകൊടുത്തു. അവർ ശലോമോന്റെ ആൾക്കാരോടൊപ്പം ഓഫീറിലേക്കു സമുദ്രമാർഗം പോയി; അവിടെനിന്നും അവർ 450 താലന്തു സ്വർണം ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്തു.