53
ഞങ്ങൾ കേൾപ്പിച്ചത് ആര് വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു? അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയും അവിടുത്തെ മുമ്പാകെ വളരും; അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവിധം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ* നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും അവനവന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായ് തുറക്കാതെ ഇരുന്നു. അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമംനിമിത്തം അവനു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആര് വിചാരിച്ചു? അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവനു ദുഷ്ടന്മാരോടുകൂടി ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടി ആയിരുന്നു. 10 എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി; അവിടുന്ന് അവനു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കുകയും ചെയ്യും. 11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. 12 അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയും അനേകം പേരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ട് അതിക്രമക്കാരോടുകൂടി എണ്ണപ്പെടുകയും ചെയ്യുകയാൽ തന്നെ.
* 53:5 അടിപ്പിണരുകളാൽ മറ്റ് വിവർത്തനങ്ങളിൽ മുറിവുകൾ, ക്ഷതം എന്നും കാണാം.