37
ദാവീദിന്റെ ഒരു സങ്കീർത്തനം.
ദുഷ്പ്രവൃത്തിക്കാർനിമിത്തം നീ ദുഃഖിക്കരുത്;
നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്.
അവർ പുല്ല് പോലെ വേഗത്തിൽ ഉണങ്ങി
പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക;
ദേശത്ത് വസിച്ച് ദൈവത്തോട് വിശ്വസ്തത പാലിക്കുക.
യഹോവയിൽ തന്നെ രസിച്ചുകൊള്ളുക;
കർത്താവ് നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്ക് തരും.
നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക;
കർത്താവിൽ തന്നെ ആശ്രയിക്കുക; അവിടുന്ന് അത് നിവർത്തിക്കും.
കർത്താവ് നിന്റെ നീതിയെ പ്രഭാതം പോലെയും
നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് കർത്താവിനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും
ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്.
കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക;
മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും.
ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;
യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
10 അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല;
നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
11 എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും;
സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
12 ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു;
അവന്റെനേരെ അവൻ പല്ല് കടിക്കുന്നു.
13 കർത്താവ് അവനെ നോക്കി ചിരിക്കും;
അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.
14 എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും
ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു.
15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും;
അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
16 അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.
17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;
എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.
18 യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു;
അവരുടെ അവകാശം ശാശ്വതമായിരിക്കും.
19 ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല;
ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും.
20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;
യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലെയത്രെ;
അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
21 ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല;
നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു.
22 യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.
ദൈവത്താൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ
യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
24 അവൻ വീണാലും നിലംപരിചാകുകയില്ല;
യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു.
25 ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു;
നീതിമാൻ തുണയില്ലാതിരിക്കുന്നതും
അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
26 അവൻ നിത്യവും ദയതോന്നി വായ്പ കൊടുക്കുന്നു;
അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
27 ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക;
എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും.
28 യഹോവ ന്യായപ്രിയനാകുന്നു; അവിടുത്തെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;
അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു;
ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;
30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;
അവന്റെ നാവ് ന്യായം സംസാരിക്കുന്നു.
31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്;
അവന്റെ കാലടികൾ വഴുതുകയില്ല.
32 ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു,
33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല;
ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല.
34 യഹോവയ്ക്കായി പ്രത്യാശിച്ച് അവിടുത്തെ വഴി പ്രമാണിച്ച് നടക്കുക;
എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ കർത്താവ് നിന്നെ ഉയർത്തും;
ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും.
35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും;
സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ* തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്.
36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;
ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
37 നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക;
സമാധാനപുരുഷന് സന്തതി ഉണ്ടാകും.
38 എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും;
അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും.
39 നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്ന് വരുന്നു;
കഷ്ടകാലത്ത് കർത്താവ് അവരുടെ ദുർഗ്ഗം ആകുന്നു.
40 യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു;
അവർ കർത്താവിൽ ആശ്രയിക്കയാൽ
അവിടുന്ന് അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.
* 37:35 പച്ചവൃക്ഷം പോലെ ലെബാനോന്‍ രാജ്യത്തെ ദേവദാരുപോലെ 37:36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവന്‍ പിന്നെ അതിലെ പോയപ്പോൾ