16
ശിംശോനും ദലീലയും
1 ഒരു ദിവസം ശിംശോൻ ഗസ്സായിലേക്കുപോയി അവിടെ ഒരു വേശ്യയെ കണ്ടുമുട്ടി, ആ രാത്രി അവളോടൊപ്പം ചെലവഴിക്കുന്നതിനുവേണ്ടിപ്പോയി.
2 “ശിംശോൻ ഇവിടെ വന്നിരിക്കുന്നു!” എന്നു ഗസ്സായിലുള്ളവർക്ക് അറിവുകിട്ടി; അവർ അവിടം വളഞ്ഞു. അദ്ദേഹത്തെ പിടിക്കാൻ ആ രാത്രിമുഴുവൻ നഗരകവാടത്തിൽ പതിയിരുന്നു. “നേരം വെളുക്കുമ്പോൾ നമുക്ക് അയാളെ കൊല്ലാം,” എന്നു പറഞ്ഞ് രാത്രിമുഴുവനും അവർ അനങ്ങാതിരുന്നു.
3 എന്നാൽ ശിംശോൻ അവിടെ അർധരാത്രിവരെമാത്രം കിടന്നശേഷം, എഴുന്നേറ്റ് പട്ടണകവാടത്തിന്റെ കതകുകൾ കട്ടിളക്കാൽ രണ്ടുംകൂടെ പറിച്ചെടുത്ത്, വെവ്വേറെയാക്കി തോളിൽവെച്ച് ഹെബ്രോനുനേരേയുള്ള മലമുകളിലേക്കു കൊണ്ടുപോയി.
4 ചില നാളുകൾക്കുശേഷം സോരേക് താഴ്വരയിൽ ദലീല എന്നു പേരുള്ള ഒരു സ്ത്രീയുമായി അദ്ദേഹം സ്നേഹത്തിലായി.
5 ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുത്തുചെന്ന്, “നീ അയാളെ വശീകരിച്ച് അയാളുടെ മഹാശക്തി ഏതിൽനിന്ന് എന്ന് ഗ്രഹിച്ച്, ഞങ്ങൾക്ക് അയാളെ പിടിച്ചുകെട്ടി കീഴടക്കാൻ എങ്ങനെ സാധിക്കും എന്നു മനസ്സിലാക്കണം. എങ്കിൽ ഞങ്ങൾ ഓരോരുത്തരും നിനക്ക് ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളിവീതം തരാം” എന്നു പറഞ്ഞു.
6 അങ്ങനെ ദലീല ശിംശോനോടു ചോദിച്ചു: “അങ്ങയുടെ മഹാശക്തിയുടെ രഹസ്യമെന്താണ്? അങ്ങയെ എങ്ങനെ ബന്ധിച്ച് കീഴടക്കാം എന്നു ദയവായി എന്നോടു പറയുക.”
7 ശിംശോൻ മറുപടി പറഞ്ഞു: “ഉണങ്ങാത്ത പുതിയ ഏഴു ഞാണുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുമനുഷ്യരെപ്പോലെ ആകും.”
8 ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പുതിയ ഞാൺ കൊണ്ടുവന്ന് അവൾക്കുകൊടുത്തു. അവൾ അവകൊണ്ട് അദ്ദേഹത്തെ ബന്ധിച്ചു.
9 ഉൾമുറിയിൽ അവൾ ആളുകളെ ഒളിപ്പിച്ചിരുന്നു. പിന്നെ അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം, തീ ചണനൂലിനെ എന്നപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു. ഇതുമൂലം അദ്ദേഹത്തിന്റെ ശക്തിയുടെ രഹസ്യം വെളിവായതുമില്ല.
10 പിന്നെ ദലീല ശിംശോനോട്, “അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു; അങ്ങയെ ഏതിനാൽ കീഴടക്കാം എന്ന് ഇപ്പോൾ എനിക്ക് പറഞ്ഞുതരണം” എന്നു പറഞ്ഞു.
11 അദ്ദേഹം പറഞ്ഞു: “മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ കയർകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുള്ളവരെപ്പോലെ ആകും.”
12 ദലീല ഒരു പുതിയ കയർകൊണ്ട് അവനെ ബന്ധിച്ചു; ഉൾമുറിയിൽ പതിയിരിപ്പുകാരെ ഇരുത്തിയിട്ട് അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം തന്റെ കൈയിൽ കെട്ടിയിരുന്ന കയർ ഒരു നൂൽപോലെ പൊട്ടിച്ചുകളഞ്ഞു.
13 ദലീല ശിംശോനോട് പറഞ്ഞു: “ഇതുവരെ അങ്ങ് എന്നെ കബളിപ്പിച്ചു. എന്നോട് നുണ പറഞ്ഞു. അങ്ങയെ എങ്ങനെ ബന്ധിക്കാമെന്ന് എന്നോടു പറയണം.”
അദ്ദേഹം മറുപടി പറഞ്ഞു: “എന്റെ തലയിലെ ഏഴു ജട നൂൽപ്പാവിൽച്ചേർത്ത് ആണിയുറപ്പിച്ച് നെയ്താൽ ഞാൻ മറ്റുമനുഷ്യരെപ്പോലെ ബലഹീനനായിത്തീരും.” അങ്ങനെ, അദ്ദേഹം ഉറങ്ങിയപ്പോൾ ദലീല അദ്ദേഹത്തിന്റെ തലയിലെ ഏഴു ജടയെടുത്ത്
14 പാവിനോടുചേർത്തു നെയ്ത് ആണികൊണ്ട് ഉറപ്പിക്കുകയും ചെയ്തു.
വീണ്ടും അവൾ അദ്ദേഹത്തോട് വിളിച്ചുപറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” അദ്ദേഹം ഉറക്കമുണർന്ന് ആണിയും തറിയും നൂൽപ്പാവും പറിച്ചെടുത്തുകളഞ്ഞു.
15 അപ്പോൾ അവൾ അദ്ദേഹത്തോട്: “അങ്ങ് എന്നെ വിശ്വസിക്കാതെ, ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് എന്നോട് എങ്ങനെ പറയാൻകഴിയും? ഈ മൂന്നുപ്രാവശ്യവും അങ്ങ് എന്നെ വഞ്ചിച്ചു; അങ്ങയുടെ മഹാശക്തിയുടെ രഹസ്യം ഏതിലാണ് എന്ന് എനിക്കു പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു.
16 ഇങ്ങനെ അവൾ ദിവസംതോറും ബുന്ധിമുട്ടിച്ച് അദ്ദേഹത്തെ അസഹ്യപ്പെടുത്തി; ആ അലട്ടൽ അദ്ദേഹത്തെ, മരിച്ചാൽമതി എന്ന ചിന്തയിൽ എത്തിച്ചു.
17 അങ്ങനെ അദ്ദേഹം സകലരഹസ്യവും അവളെ അറിയിച്ചു. “ക്ഷൗരക്കത്തി എന്റെ തലയിൽ വെച്ചിട്ടില്ല; ഞാൻ ഗർഭംമുതൽ ദൈവത്തിനായി വേർതിരിക്കപ്പെട്ട നാസീർവ്രതസ്ഥനാണ്. ക്ഷൗരംചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകുകയും ഞാൻ മറ്റാരെയുംപോലെ ദുർബലനായിത്തീരുകയും ചെയ്യും.”
18 ശിംശോൻ തന്റെ സകലരഹസ്യവും തന്നെ അറിയിച്ചു എന്നു ദലീല കണ്ടപ്പോൾ, അവൾ ഫെലിസ്ത്യപ്രഭുക്കന്മാർക്ക് ആളയച്ചു: “ഇന്നു വരിക, അദ്ദേഹം സകലവും എന്നെ അറിയിച്ചിരിക്കുന്നു” എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽവന്നു; വെള്ളിയും കൊണ്ടുവന്നിരുന്നു.
19 അവൾ അദ്ദേഹത്തെ മടിയിൽക്കിടത്തി ഉറക്കി, ഒരാളെ വിളിപ്പിച്ച് തലയിലെ ഏഴു ജടയും ക്ഷൗരംചെയ്തുനീക്കി. അങ്ങനെ അവൾ അദ്ദേഹത്തെ ഒതുക്കാൻ തുടങ്ങി; ശക്തി അദ്ദേഹത്തെ വിട്ടകന്നിരുന്നു.
20 പിന്നെ അവൾ വിളിച്ചുപറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!”
ഉടനെ അദ്ദേഹം ഉറക്കമുണർന്നു. “ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞു രക്ഷപ്പെടും” എന്നു ചിന്തിച്ചു. എന്നാൽ, യഹോവ തന്നെ വിട്ടുപോയത് അദ്ദേഹം അറിഞ്ഞതേയില്ല.
21 ഫെലിസ്ത്യർ അയാളെ പിടിച്ച് കണ്ണ് ചൂഴ്‌ന്നെടുത്ത് ഗസ്സായിലേക്കു കൊണ്ടുപോയി. വെങ്കലച്ചങ്ങലകൊണ്ട് ബന്ധിച്ചു കാരാഗൃഹത്തിൽ ധാന്യം പൊടിക്കാനിരുത്തി.
22 ക്ഷൗരംചെയ്തുകളഞ്ഞ തലമുടിപോലെ അദ്ദേഹത്തിന്റെ തലമുടി വീണ്ടും വളർന്നുതുടങ്ങി.
ശിംശോന്റെ മരണം
23 പിന്നീട് ഫെലിസ്ത്യപ്രഭുക്കന്മാർ തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലിയർപ്പിച്ച് ഉത്സവം ആഘോഷിക്കാൻ ഒരുമിച്ചുകൂടി, “നമ്മുടെ ശത്രുവായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
24 ജനമെല്ലാം ശിംശോനെ കണ്ടപ്പോൾ തങ്ങളുടെ ദേവനെ പുകഴ്ത്തിക്കൊണ്ട് വിളിച്ചുപറഞ്ഞു:
“നമ്മുടെ ദേശം ശൂന്യമാക്കുകയും
നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത,
നമ്മുടെ ശത്രുവിനെ ഇതാ, നമ്മുടെ ദേവൻ
നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
25 അവർ ഇങ്ങനെ ആനന്ദത്തിലായപ്പോൾ, “നമ്മെ രസിപ്പിക്കാൻ ശിംശോനെ കൊണ്ടുവരിക” എന്നു പറഞ്ഞുകൊണ്ട് ശിംശോനെ കാരാഗൃഹത്തിൽനിന്ന് പുറത്തേക്കു കൊണ്ടുവന്നു. അയാൾ അവരുടെ മുന്നിൽ ഒരു കോമാളിയെപ്പോലെ പ്രകടനംനടത്തിക്കൊണ്ടിരുന്നു.
തൂണുകളുടെ മധ്യത്തിലായിരുന്നു അയാളെ നിർത്തിയിരുന്നത്.
26 തന്റെ കൈക്കു പിടിച്ചിരുന്ന ഭൃത്യനോട് ശിംശോൻ: “ഈ ക്ഷേത്രം ഉറപ്പിച്ചിരിക്കുന്ന തൂണുകളിൽ എന്നെ ഒന്നു തപ്പിനോക്കാൻ അനുവദിക്കുക, അപ്പോൾ എനിക്ക് അതിലൊന്നു ചാരിനിൽക്കാമല്ലോ” എന്നു പറഞ്ഞു.
27 ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകലഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ മേൽത്തട്ടിൽ പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്നു.
28 അപ്പോൾ ശിംശോൻ യഹോവയോടു പ്രാർഥിച്ചു: “കർത്താവായ യഹോവേ, എന്നെ ഓർക്കണമേ; ദൈവമേ, ഞാൻ എന്റെ രണ്ടുകണ്ണിനുംവേണ്ടി ഫെലിസ്ത്യരോട് പ്രതികാരംചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യംമാത്രം എനിക്കു ശക്തി നൽകണമേ.”
29 ക്ഷേത്രം താങ്ങിനിൽക്കുന്ന രണ്ട് നെടുംതൂണുകളിൽ ഒന്ന് വലങ്കൈകൊണ്ടും മറ്റേത് ഇടങ്കൈകൊണ്ടും പിടിച്ചുകൊണ്ട് ശിംശോൻ മുന്നോട്ടാഞ്ഞു.
30 “ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ!” എന്നു പറഞ്ഞുകൊണ്ട് ശിംശോൻ ശക്തിയോടെ മുന്നോട്ടു കുനിഞ്ഞു; ഉടനെ ക്ഷേത്രം തകർന്നു. അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയുംമേൽ അതു വീണു. അങ്ങനെ അദ്ദേഹം തന്റെ മരണസമയത്തു വധിച്ചവർ, ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം വധിച്ചവരെക്കാൾ അധികമായിരുന്നു.
31 ശിംശോന്റെ സഹോദരന്മാരും പിതൃഭവനക്കാരൊക്കെയും വന്ന് അദ്ദേഹത്തെ എടുത്ത് സോരായ്ക്കും എസ്തായോലിനും ഇടയ്ക്ക് അദ്ദേഹത്തിന്റെ പിതാവായ മനോഹയുടെ ശ്മശാനസ്ഥലത്ത് അടക്കംചെയ്തു. ശിംശോൻ ഇസ്രായേലിൽ ഇരുപതുവർഷം ന്യായപാലനംചെയ്തു.