5
ഇസ്രായേൽമക്കൾ യോർദാൻ കടക്കത്തക്കവണ്ണം യഹോവ യോർദാനിലെ വെള്ളം വറ്റിച്ചതെങ്ങനെയെന്ന് യോർദാന്റെ പടിഞ്ഞാറുള്ള എല്ലാ അമോര്യരാജാക്കന്മാരും മെഡിറ്ററേനിയൻ സമുദ്രതീരത്തുള്ള എല്ലാ കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവരുടെ ഹൃദയം ഭയംകൊണ്ട് ഉരുകിപ്പോയി; ഇസ്രായേൽമക്കളെ അഭിമുഖീകരിക്കാനുള്ള അവരുടെ ധൈര്യം നഷ്ടപ്പെട്ടു.
പുതിയ തലമുറ പരിച്ഛേദനം ഏൽക്കുന്നു
ആ സമയത്ത് യഹോവ യോശുവയോട്, “കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേൽമക്കളെ വീണ്ടും പരിച്ഛേദനം* ചെയ്യുക” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേല്യരെ ഗിബെയത്ത്-ഹാരലോത്തിൽ വെച്ച് പരിച്ഛേദനം ചെയ്തു.
ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടപ്പോൾ യോദ്ധാവാകാൻ പ്രായംതികഞ്ഞ പുരുഷന്മാരെല്ലാം മരുഭൂമിയിലെ യാത്രയ്ക്കിടയിൽ മരിച്ചതിനാൽ യോശുവ ഇപ്രകാരം ചെയ്തു. ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ജനമെല്ലാം പരിച്ഛേദനമേറ്റവരായിരുന്നു; എന്നാൽ ഈജിപ്റ്റിൽനിന്നുള്ള യാത്രയ്ക്കിടയിൽ മരുഭൂമിയിൽവെച്ചു ജനിച്ചവരാരും പരിച്ഛേദനമേറ്റിരുന്നില്ല. ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട യോദ്ധാക്കളൊക്കെയും യഹോവയെ അനുസരിക്കാതിരുന്നതിനാൽ അവർ മരിച്ചുതീരുംവരെ ഇസ്രായേൽമക്കൾ നാൽപ്പതുവർഷം മരുഭൂമിയിൽ സഞ്ചരിക്കുകയായിരുന്നു; നമുക്കു തരുമെന്ന് യഹോവ പിതാക്കന്മാരോടു ശപഥംചെയ്ത പാലും തേനും ഒഴുകുന്ന ദേശം അവർ കാണുകയില്ല എന്ന് യഹോവ അവരോടു ശപഥംചെയ്തിരുന്നു. അതുകൊണ്ട് അവർക്കുപകരം അവരുടെ പുത്രന്മാരെ അവിടന്ന് ഉയർത്തി; ഇവരെയായിരുന്നു യോശുവ പരിച്ഛേദനംചെയ്തത്. യാത്രയിൽ അവരെ പരിച്ഛേദനംചെയ്യാതിരുന്നതിനാൽ അവർ അപ്പോഴും പരിച്ഛേദനമേൽക്കാത്തവരായിരുന്നു. മുഴുവൻ ജനവും പരിച്ഛേദനത്തിനു വിധേയരായതിനുശേഷം, സൗഖ്യമാകുന്നതുവരെ അവർ പാളയത്തിൽ അവരവരുടെ സ്ഥലത്തു താമസിച്ചു.
അതിനുശേഷം യഹോവ യോശുവയോട്, “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ അടിമകൾ എന്ന നിന്ദ നിങ്ങളിൽനിന്നും ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് ഇന്നുവരെ ആ സ്ഥലത്തിന് ഗിൽഗാൽ എന്നു പേർ പറയുന്നു.
10 ആ മാസം പതിന്നാലാംതീയതി സന്ധ്യക്ക് യെരീഹോസമഭൂമിയിലെ ഗിൽഗാലിൽ പാളയമടിച്ചിരിക്കുമ്പോൾ ഇസ്രായേൽമക്കൾ പെസഹാ ആഘോഷിച്ചു. 11 പെസഹായുടെ പിറ്റേന്നാൾതന്നെ അവർ ദേശത്തെ വിളവിൽനിന്നുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും മലരും ഭക്ഷിച്ചു. 12 അവർ ദേശത്തെ വിളവിൽനിന്നുള്ള ഈ ഭക്ഷണം കഴിച്ചതിന്റെ അടുത്തദിവസംതന്നെ§ മന്ന നിന്നുപോയി. അതിനുശേഷം അവർക്കു മന്ന ലഭിച്ചതുമില്ല. അങ്ങനെ ആ വർഷംമുതൽ ഇസ്രായേല്യർ കനാൻദേശത്തെ വിളവു ഭക്ഷിച്ചു.
യെരീഹോവിന്റെ പതനം
13 യോശുവ യെരീഹോവിനു സമീപത്തായിരിക്കുമ്പോൾ തല ഉയർത്തിനോക്കി; ഒരാൾ കൈയിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെ മുമ്പിൽ നിൽക്കുന്നതു കണ്ടു; യോശുവ അവനോട്: “നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ?” എന്നു ചോദിച്ചു.
14 അതിന് അവൻ, “ആരുടെയും പക്ഷമല്ല; ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ യോശുവ നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചു; “എന്റെ കർത്താവിന്* അവിടത്തെ ദാസനോടുള്ള കൽപ്പന എന്ത്?” എന്നു ചോദിച്ചു.
15 യഹോവയുടെ സൈന്യാധിപതി അവനോട്, “നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുകയാൽ നിന്റെ ചെരിപ്പ് ഊരുക” എന്നു പറഞ്ഞു. യോശുവ അപ്രകാരംചെയ്തു.
* 5:2 അതായത്, സുന്നത്ത് 5:3 അഗ്രചർമഗിരി എന്നർഥം. 5:9 ഉരുൾ എന്നർഥം. § 5:12 അഥവാ, ആ ദിവസംതന്നെ * 5:14 അഥവാ, യജമാനന്